വിദേശ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുവേണ്ടി ദേശസാല്‍കൃത ബാങ്കുകളും പുതുതലമുറ ബാങ്കുകളും എല്‍ഐസി പോളിസികളില്‍നിന്ന് ആളെ ചോര്‍ത്തുന്നു. ചെക്ക് ഒഴിവാക്കിയുള്ള ഇലക്ട്രോണിക് ഫണ്ട് കൈമാറ്റ ഇടപാടിന്റെ മറവിലാണ് എല്‍ഐസി പോളിസി ഉടമകളുടെ വിവരങ്ങള്‍ ശേഖരിച്ച് അവരെ വിദേശകമ്പനികളുടെ പോളിസികളിലേക്ക് ആകര്‍ഷിക്കുന്നത്. പോളിസി മടക്കിയേല്‍പ്പിക്കല്‍ വര്‍ധിച്ചതോടെ ഇടപാടുകാരോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട് എല്‍ഐസി മാധ്യമങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ചു.
നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (നെഫ്റ്റ്) എന്ന പണമിടപാട് സംവിധാനം നിലവില്‍വന്നശേഷമാണ് വന്‍തോതില്‍ എല്‍ഐസി പോളിസികള്‍ മടക്കിയേല്‍പ്പിക്കുന്നതായി കണ്ടെത്തിയത്. പ്രത്യേക നമ്പര്‍ ഉപയോഗിച്ചുള്ള പണമിടപാട് സംവിധാനം ബാങ്ക് അക്കൗണ്ടുള്ള ആര്‍ക്കും പ്രയോജനപ്പെടുത്താം. ഈ ഓണ്‍ലൈന്‍ സംവിധാനം പ്രചാരത്തിലായതോടെ വര്‍ഷങ്ങളായി എല്‍ഐസിയോടൊപ്പമുള്ള ഇടപാടുകാര്‍ വിട്ടുപോകുന്ന പ്രവണതയും വര്‍ധിച്ചു. കാലാവധി പൂര്‍ത്തിയായ പോളിസികളിലെ പണം കൈപ്പറ്റുന്നവര്‍ മറ്റു കമ്പനികളുടെ പോളിസികളിലേക്കുപോകുന്നതും പതിവായി. ഇതോടെയാണ് തങ്ങളുടെ ഇടപാടുകാരെ ബോധവല്‍ക്കരിക്കാന്‍ എല്‍ഐസി പരസ്യം പ്രസിദ്ധീകരിച്ചത്. പോളിസി ഉടമകളെക്കുറിച്ചുള്ള വിവരം പരസ്യമാകുന്നതാണ് ചോര്‍ച്ച വര്‍ധിപ്പിച്ചത്. ചെക്ക് ഒഴിവാക്കിയുള്ള ഇലക്ട്രോണിക് ഫണ്ട് കൈമാറ്റത്തിന്റെ ഭാഗമായി മറ്റു ബാങ്കുകളുമായുള്ള എല്‍ഐസിയുടെ പണമിടപാടുകള്‍ക്ക് ബന്ധപ്പെട്ട ഇടപാടുകാരന്റെ പോളിസി നമ്പരും കൈമാറ്റം ചെയ്യപ്പെടുന്നു. ഇങ്ങനെ ലഭിക്കുന്ന നമ്പരുകള്‍ ഉപയോഗിച്ച് ബാങ്കുകള്‍ പോളിസി ഉടമയുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. പിന്നീട് ബാങ്കുകളോ അവരുമായി സഹകരിക്കുന്ന വിദേശ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രതിനിധികളോ പോളിസി ഉടമയെ സമീപിക്കുന്നു. എല്‍ഐസിയെക്കാള്‍ മെച്ചം തങ്ങളുടെ പോളിസിയാണെന്ന് ധരിപ്പിക്കുന്നു. ഒന്നിലേറെ പോളിസിയുള്ള വമ്പന്‍ ഇടപാടുകാരെയാണ് ഇവര്‍ വലവീശുന്നത്. എല്‍ഐസി പോളിസികള്‍ സറണ്ടര്‍ ചെയ്യിപ്പിച്ച്, പകരം തങ്ങളുടെ പോളിസികള്‍ എടുപ്പിക്കുന്നു. കാലാവധി പൂര്‍ത്തിയായ എല്‍ഐസി പോളിസികളുടെ പണം ബന്ധപ്പെട്ട ഏജന്റുമാര്‍ മുഖേനയാണ് ഉടമകള്‍ക്ക് നല്‍കിക്കൊണ്ടിരുന്നത്. ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ നടപ്പായതോടെ ഏജന്റുമാരുടെ ഇടനില ഇല്ലാതായി. കാലാവധി പുര്‍ത്തിയായ പോളിസിക്കുപകരം പുതിയത് ചേര്‍ക്കലും നടക്കുന്നില്ല. ഈ അവസരം മുതലാക്കി സ്വകാര്യ ഇന്‍ഷുറന്‍സുകാര്‍ പോളിസി വില്‍ക്കുകയും ചെയ്യുന്നു.
വിദേശ പങ്കാളിത്തമുള്ള സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ചാണ് ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത്. വിദേശ ഇന്‍ഷുറന്‍സ് പോളിസി വില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ ബാങ്കുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ കമ്പനികള്‍ ആനുകൂല്യങ്ങളും വിദേശയാത്ര ഉള്‍പ്പെടെ സൗജന്യങ്ങളും നല്‍കുന്നുണ്ട്. സ്വകാര്യ ഇന്‍ഷുറന്‍സുകളില്‍ വന്‍തോതില്‍ കള്ളപ്പണനിക്ഷേപം നടക്കുന്നതിന്റെ വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. പോളിസി വില്‍ക്കാന്‍ ഇത്തരം പ്രലോഭനങ്ങളും നല്‍കുന്നു. ഇതിനു വഴിവച്ച മൂന്ന് പുതുതലമുറ ബാങ്കുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് നടപടിക്കൊരുങ്ങുകയാണ്.
deshabhimani 160413
No comments:
Post a Comment