Tuesday, April 16, 2013

സിപിഐ എമ്മിനെതിരായ ആരോപണം അടിസ്ഥാനരഹിതം


വള്ളിക്കാട് ടി പി ചന്ദ്രശേഖരന്‍സ്തൂപം തകര്‍ത്ത സംഭവത്തില്‍ സിപിഐ എമ്മിന് യാതൊരു പങ്കുമില്ലെന്ന് പാര്‍ടി ജില്ലാ സെക്രട്ടറിയറ്റ് വ്യക്തമാക്കി. സ്തൂപം തകര്‍ത്ത സംഭവത്തില്‍ സിപിഐ എമ്മിനെതിരെ ആര്‍എംപി ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണ്. ആര്‍എംപിയിലെ ഒരു വിഭാഗം ക്രിമിനലുകള്‍ ഒഞ്ചിയം മേഖലയില്‍ ബോധപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. നിരവധി അക്രമങ്ങള്‍ അവര്‍ നടത്തി. പാര്‍ടി ഓഫീസും വീടുകളും കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളും തകര്‍ത്തു. ഏതാനും ദിവസം മുമ്പ് വള്ളിക്കാട് രക്തസാക്ഷി സ്മാരക മന്ദിരവും ഇ എം എസ് മന്ദിരവും എറിഞ്ഞു തകര്‍ത്തു. ഇത്തരം സാഹചര്യങ്ങളില്ലെല്ലാം സമാധാനാന്തരീക്ഷം നിലനിര്‍ത്താനുള്ള ശ്രമമാണ് പാര്‍ടി തുടര്‍ന്നത്.

അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ആര്‍എംപി നേതൃത്വവും സര്‍ക്കാരും സ്വീകരിക്കുന്നത്. ""ചന്ദ്രശേഖരന്റെ രക്തം പിണറായി വിജയന്റെ കുഴിമാടംവരെ പിന്തുടരും"" എന്ന കെ എസ് ഹരിഹരന്റെ പ്രസംഗത്തിന്റെ ലക്ഷ്യം ഇപ്പോള്‍ വ്യക്തമായി. സിപിഐ എമ്മിന്റെ ഉന്നതനായ നേതാവ് പിണറായി വിജയനെ അപായപ്പെടുത്താന്‍ വളയത്തെ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ നടത്തിയ ശ്രമം ഒറ്റപ്പെട്ടതായി കാണാന്‍ കഴിയില്ല. പിണറായിയെ വധിക്കലാണ് ലക്ഷ്യമെന്ന് പിടിയിലായ പ്രതി പൊലീസില്‍ സമ്മതിച്ചതായി വാര്‍ത്ത വന്നു. വധശ്രമത്തിലെ ആര്‍എംപി ബന്ധം ചോദ്യംചെയ്യും എന്ന ഉത്ക്കണ്ഠയില്‍നിന്നുള്ള ജാള്യത മറച്ചുപിടിക്കാന്‍ ആര്‍എംപി തന്ത്രങ്ങള്‍ മെനയുകയാണ്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും നടത്തുന്ന പ്രസ്താവനകള്‍ അക്രമികള്‍ക്ക് പ്രചോദനം നല്‍കുന്നതാണ്. നീതി നിര്‍വഹണം അനുവദിക്കില്ല എന്ന പരോക്ഷമായ പ്രഖ്യാപനമാണ് ഇരുവരും നടത്തുന്നത്. ഇതെല്ലാം അക്രമികള്‍ക്ക് പ്രോത്സാഹനമാണ്.

സ്തൂപം തകര്‍ത്തു എന്നാരോപിച്ച് വള്ളിക്കാട് രക്തസാക്ഷി സ്മാരക മന്ദിരത്തിനെതിരെ വീണ്ടും ആര്‍എംപി അക്രമം നടത്തി. വെള്ളികുളങ്ങര സിപിഐ എം ബ്രാഞ്ച് ഓഫീസിനെതിരെയും അക്രമമുണ്ടായി. കേളുഏട്ടന്‍ സ്മാരകമായ എളങ്ങോളി ബ്രാഞ്ച് ഓഫീസ് പൂര്‍ണമായും തകര്‍ത്തു. ഓര്‍ക്കാട്ടേരിയിലെ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകവും തകര്‍ത്തു. ഓര്‍ക്കാട്ടേരി ലോക്കല്‍കമ്മിറ്റി അംഗം എന്‍ ഉദയനെ ആക്രമിച്ചു. സമാധാന സംഭാഷണം നടന്നശേഷവും ഒഞ്ചിയം അമ്പലപ്പറമ്പ് പുളിയുള്ളതില്‍ രവിയുടെയും ആയാട്ട് സജീവന്റെയും കട തീവച്ചു. പൊലീസിന്റെ നിലപാട് അക്രമങ്ങള്‍ തടയുന്നതിനു പകരം ഒരു വിഭാഗം ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമാവുകയാണ്. സ്തൂപം തകര്‍ത്ത സംഭവമുള്‍പ്പെടെ എല്ലാ അക്രമസംഭവങ്ങളും നീതിപൂര്‍വകമായ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കണം. ഒഞ്ചിയം മേഖലയില്‍ സമാധാനം തകര്‍ക്കാനുള്ള ആര്‍എംപി നീക്കത്തിനെതിരെ ജനം ജാഗ്രത പുലര്‍ത്തണം. സമാധാനം നിലനിര്‍ത്തുന്നതിന് സിപിഐ എം എല്ലാവരുമായും സഹകരിച്ച് പ്രവര്‍ത്തിക്കും. സമാധാനാന്തരീക്ഷം ശക്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളിലും പാര്‍ടി ഘടകങ്ങളും സഖാക്കളും ജനങ്ങളുടെ സഹകരണത്തോടെ ഇടപെടണമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 160413

No comments:

Post a Comment