Thursday, April 18, 2013

നേഴ്സുമാരെ സര്‍ക്കാര്‍ പറ്റിച്ചു

deshabhimaani 180413

കൊച്ചി: സ്വകാര്യ ആശുപത്രി ജീവനക്കാരെയും നേഴ്സുമാരെയും വേതനവര്‍ധനവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കബളിപ്പിച്ചു. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ക്ക് പൂര്‍ണമായി വഴങ്ങിയാണ് പുതിയ വേതനനിരക്കു പ്രഖ്യാപിച്ചിരിക്കുന്നത്. വേതന പരിഷ്കരണം സംബന്ധിച്ച ഡോ. എസ് ബലരാമന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളാണ് സര്‍ക്കാര്‍ അട്ടിമറിച്ചത്. 2012 മേയ് രണ്ടിനാണ് ഡോ. എസ് ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്റ്റാഫ് നേഴ്സുമാര്‍ക്ക് 12,900 രൂപയും മൂന്നുവര്‍ഷം ജോലിപരിചയമുള്ള സീനിയര്‍ സ്റ്റാഫ് നേഴ്സുമാര്‍ക്ക് 13,650 രൂപയും ഹെഡ് നേഴ്സിന് 15,150 രൂപയും ഡെപ്യൂട്ടി നേഴ്സിങ് സൂപ്രണ്ടിന് 17,740 രൂപയും നേഴ്സിങ് ഓഫീസര്‍ക്ക് 21,360 രൂപയും ശമ്പളം നല്‍കണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഡ്യൂട്ടിസമയം എട്ടുമണിക്കൂറാക്കുക, യൂണിഫോം അലവന്‍സും റിസ്ക് അലവന്‍സും നല്‍കുക തുടങ്ങി 50 ശുപാര്‍ശകളാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ ഒന്നുപോലും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ സമ്മര്‍ദമായിരുന്നു ഇതിനു പിന്നില്‍.

സര്‍ക്കാര്‍ പുതുക്കിനിശ്ചയിച്ച വേതനനിരക്ക് അനുസരിച്ച് നിലവില്‍ ലഭിക്കുന്ന ശമ്പളത്തിന്റെ 25 ശതമാനം വര്‍ധനയാണ് ലഭിക്കുക. 21 മുതല്‍ 100 കിടക്കവരെയുള്ള&ശേഹറല; ആശുപത്രികളിലെ ജീവനക്കാര്‍ക്ക് 31.6 ശതമാനവും 101 മുതല്‍ 300 വരെ കിടക്കയുള്ള ആശുപത്രികളില്‍ 31.2 ശതമാനവും 301 മുതല്‍ 500 വരെ കിടക്കയുള്ള ആശുപത്രികളില്‍ 30.5 ശതമാനവും 501 മുതല്‍ 800 വരെ കിടക്കകളുള്ള ആശുപത്രികളില്‍ 32 ശതമാനവും, 801നു മുകളില്‍ കിടക്കകളുള്ള&ശേഹറല;ആശുപത്രികളില്‍ 34.7 ശതമാനവും വേതനവര്‍ധനയുണ്ടാകും. 100 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളിലെ നേഴ്സിങ് ജീവനക്കാര്‍ക്ക് ശമ്പളത്തിനു പുറമെ പ്രത്യേക അലവന്‍സും ലഭിക്കും.

ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ കിട്ടുന്ന ശമ്പളത്തിത്തില്‍നിന്ന് 3000 രൂപയോളം കുറവാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) പറഞ്ഞു. തൊഴില്‍വകുപ്പാണ് വേതനവര്‍ധന സംബന്ധിച്ച തീരുമാനം എടുത്തിരിക്കുന്നത്. എന്നാല്‍, ഡോ. എസ് ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നേഴ്സ്-രോഗി അനുപാതം, ആശുപത്രിയില്‍ നേഴ്സുമാര്‍ക്ക് ഏര്‍പ്പെടുത്തേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങിയ ശുപാര്‍ശകളില്‍ ഭൂരിഭാഗവും നടപ്പാക്കേണ്ടത് ആരോഗ്യവകുപ്പാണ്. ഇതിനുള്ള നടപടി ഉണ്ടായിട്ടില്ല. ആരോഗ്യവകുപ്പ് ഇതിനു വേണ്ടി ഒരു യോഗംപോലും വിളിച്ചിട്ടില്ല. വേതനത്തില്‍ ഇത്രയെങ്കിലും വര്‍ധന വരുത്താനായത് നേഴ്സുമാര്‍ ഒന്നടങ്കം നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമാണ്. ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യവുമായി യുഎന്‍എ മുന്നോട്ടുപോകുമെന്ന് സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ പറഞ്ഞു. നേഴ്സിങ് മേഖലയിലെ പ്രശ്നങ്ങള്‍ക്ക് "മുട്ടുശാന്തി" എന്ന നിലയ്ക്കു മാത്രമാണ് പുതിയ വേതനനിരക്കിനെ കാണാന്‍കഴിയുകയെന്ന് ഡോ. എസ് ബലരാമന്‍ പറഞ്ഞു. ബോണസ്, എച്ച്ആര്‍എ, റിസ്ക് അലവന്‍സ് തുടങ്ങിയവയെപ്പറ്റി തീരുമാനമില്ല. മാനേജ്മെന്റുകളുടെ താല്‍പ്പര്യത്തിനു വഴങ്ങിയുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

No comments:

Post a Comment