Wednesday, April 17, 2013
മില്‍മയില്‍ ധൂര്‍ത്ത്
പാല് വിലകൂട്ടി നാട്ടുകാരെ കൊള്ളയടിക്കുന്ന മില്‍മയുടെ ഭരണസമിതി അംഗങ്ങള്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചുള്ള ഉല്ലാസയാത്രകള്‍ പതിവാക്കുന്നു. മാര്‍ച്ചില്‍ മുംബൈയില്‍ ഉല്ലാസയാത്ര കഴിഞ്ഞെത്തിയതിനു പിന്നാലെയാണ് എറണാകുളം യൂണിയനിലെ 13 ഭരണസമിതി അംഗങ്ങള്‍ കഴിഞ്ഞദിവസം മൈസൂരുവിലേക്ക് പോയത്. ഭരണസമിതി ചെയര്‍മാനായി പി എ ബാലന് ചുമതലയേറ്റ്് ദിവസങ്ങള്‍ക്കുള്ളിലാണ് മുംബൈയാത്ര തരമാക്കിയത്. സര്‍ക്കാര്‍ നാമനിര്‍ദേശംചെയ്ത മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെടെ 16 ഭരണസമിതി അംഗങ്ങളും മാര്‍ച്ച് 13 മുതല്‍ 19 വരെ നീണ്ട യാത്രയില്‍ പങ്കെടുത്തു. വിമാനമാര്‍ഗമായിരുന്നു പോക്കും വരവും. ആഡംബര ഹോട്ടലുകളില്‍ താമസവും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉല്ലാസയാത്രയും. വിമാനയാത്രയ്ക്കും മറ്റുമായി 25 ലക്ഷത്തോളം രൂപ പൊടിച്ചതായാണ് കണക്ക്.
മുംബൈയാത്ര കഴിഞ്ഞ് ഒരുമാസത്തിനുള്ളിലാണ് രണ്ടാമത്തെ ഉല്ലാസയാത്ര. ഏപ്രില്‍ 15ന് പുറപ്പെട്ട രണ്ടാമത്തെ യാത്രയുടെ ഭാഗമായി ചെയര്മാന് ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങളെല്ലാം ഇപ്പോള്‍ മൈസൂരുവിലാണ്. കൊച്ചിയില്‍നിന്ന് വോള്‍വോ ബസിലാണ് സംഘം പോയത്. രണ്ടാമത്തെ യാത്രയില്‍ ഭരണസമിതിയിലെ സര്‍ക്കാര്‍ നാമനിര്‍ദേശംചെയ്ത മൂന്ന് അംഗങ്ങള്‍ പങ്കെടുക്കുന്നില്ല. ആദ്യയാത്രാ ധൂര്‍ത്ത് ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് രണ്ടാമത്തെ യാത്രയില്‍നിന്ന് അവര്‍ വിട്ടുനിന്നത്. മുംബൈ യാത്രയിലെപ്പോലെ ആഡംബര വാഹനങ്ങളും ഹോട്ടല്‍ വാസവുമൊക്കെയാണ് മൈസൂരു യാത്രയിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംഘം 20ന് തിരിച്ചെത്തും. ക്ഷീരകര്‍ഷകര്‍ നേരിടുന്ന നഷ്ടത്തിന്റെ പേരുപറഞ്ഞ് പാല്‍വില വന്‍തോതില്‍ വര്‍ധിപ്പിച്ച ഭരണസമിതിയാണ് ഇപ്പോള്‍ ധൂര്‍ത്ത് നടത്തുന്നത്. വര്‍ഷങ്ങളായി നഷ്ടത്തിലായിരുന്ന യൂണിയന് ലാഭത്തിലാണെന്ന ന്യായീകരണമാണ് ഭരണസമിതി നല്‍കുന്നത്. എന്നാല്‍ ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.
നിലവിലെ ഭരണസമിതിയില്‍ പിന്തുണയില്ലാത്ത പുതിയ ചെയര്മാന്, ഭരണസമിതി അംഗങ്ങളുടെ പ്രീതി നേടാനാണ് ഉല്ലാസയാത്രകള്‍ സംഘടിപ്പിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഗ്രൂപ്പടിസ്ഥാനത്തില്‍ സ്ഥാനമാനങ്ങള്‍ പങ്കിട്ടപ്പോള്‍ എ ഗ്രൂപ്പുകാരനായ എം ടി ജയനെ നീക്കിയാണ് ഐ ഗ്രൂപ്പിലെ പി എ ബാലന് ഫെബ്രുവരിയില്‍ എറണാകുളം മില്‍മ ചെയര്‍മാനായത്. 2010ല്‍ നിലവില്‍വന്ന ബോര്‍ഡിലെ 13 അംഗങ്ങളില്‍ 10 പേരുടെ പിന്തുണ ജയനുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇടപെട്ട് ചെയര്‍മാന്‍സ്ഥാനം ഐ ഗ്രൂപ്പിന് നല്‍കിയശേഷം ഭരണസമിതിയുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് ചെയര്മാന്. അതിന്റെ ഭാഗമായുള്ള ഉല്ലാസയാത്രകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്നും ആക്ഷേപം ഉയരുന്നു.
deshabhimani 170413
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment