ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്ബിന് എതിരായി നടക്കുന്ന മൂന്ന് വിജിലന്‍സ് കേസുകളില്‍ ആദ്യത്തേതിന്റെ അന്വേഷണറിപ്പോര്‍ട്ട് 17നുള്ളില്‍ സമര്‍പ്പിക്കും. മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പ്രതിസ്ഥാനത്തുള്ള കേസിലെ അന്വേഷണറിപ്പോര്‍ട്ടാണിത്. അനൂപ് ജേക്കബ് മന്ത്രിയായി ചുമതലയേറ്റിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുംമുമ്പ് മൂന്ന് അഴിമതിക്കേസുകളിലാണ് പ്രതിയായത്. ജനുവരി പത്തിനാണ് അനൂപിനെതിരായ ആദ്യ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവായത്. കോട്ടയത്ത് റേഷന്‍ മൊത്തവ്യാപാരകേന്ദ്രം അനുവദിച്ചതിലും രജിസ്ട്രേഷന്‍ വകുപ്പിലെ സ്ഥലംമാറ്റങ്ങള്‍ക്കും മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ടി നേതാക്കളും പണം വാങ്ങിയെന്നാണ് കേസ്. മന്ത്രി എട്ടാം പ്രതിയാണ്. പാര്‍ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറിമാരായ ബിജു മറ്റപ്പള്ളി, സി മോഹനന്‍പിള്ള, പ്രൈവറ്റ് സെക്രട്ടറി പി എസ് രാധാകൃഷ്ണന്‍, മുന്‍ കോട്ടയം ഡിഎസ്ഒ എസ് ശ്രീലത എന്നിവരാണ് മറ്റു പ്രതികള്‍. ശ്രീലതക്ക് കോട്ടയത്ത് നിയമനം നല്‍കുന്നതിന് പാര്‍ടി നേതാക്കള്‍ ഉള്‍പ്പെട്ട് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയതും പങ്കിട്ടതും സംബന്ധിച്ച വെളിപ്പെടുത്തലുകളുള്ള വീഡിയോ ദൃശ്യങ്ങള്‍ കേസില്‍ തെളിവായി നല്‍കിയിരുന്നു. തിരുവനന്തപുരം വിജിലന്‍സ് കമീഷണറാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മറ്റു രണ്ട് വിജിലന്‍സ് കേസുകൂടി വന്നത്.
അനൂപ് കൈകാര്യംചെയ്യുന്ന ഭക്ഷ്യ, രജിസ്ട്രേഷന്‍ വകുപ്പുകളിലെ അഴിമതി സംബന്ധിച്ച കേസുകളില്‍ എറണാകുളം വിജിലന്‍സിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇവയില്‍ ഒന്നിന്റെ അന്വേഷണറിപ്പോര്‍ട്ട് ജൂണ്‍ ഒന്നിനും മൂന്നാമത്തെ കേസിന്റെ അന്വേഷണറിപ്പോര്‍ട്ട് ജൂണ്‍ ആദ്യവാരവും സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. സാമ്പത്തിക ക്രമക്കേടില്‍ വകുപ്പുതല ശിക്ഷാനടപടിക്ക് വിധേയയായ തൃക്കാക്കര സബ് രജിസ്ട്രാര്‍ക്ക് പ്രമോഷനോടെ പുനര്‍നിയമനം നല്‍കിയ കേസിലെ റിപ്പോര്‍ട്ടാണ് ജൂണ്‍ ഒന്നിനുള്ളില്‍ സമര്‍പ്പിക്കുന്നത്.
സാമ്പത്തിക ക്രമക്കേടിലൂടെ 1.31 കോടിപ രൂപ സര്‍ക്കാരിന് നഷ്ടംവരുത്തിയ ഈ ഉദ്യോഗസ്ഥക്കെതിരെ നേരത്തെ വകുപ്പുതല നടപടിയെടുത്ത രജിസ്ട്രേഷന്‍ ഐജിയെ തരംതാഴ്ത്തിക്കൊണ്ടുള്ള മന്ത്രിയുടെ നടപടിയാണ് കേസിനാധാരം. വ്യാജ ആധാരം നിര്‍മിച്ചതിന് സസ്പെന്‍ഷനിലായ ഹോസ്ദുര്‍ഗ് സബ് രജിസ്ട്രാരെ അനധികൃതമായി തിരിച്ചെടുത്ത കേസിലാണ് മൂന്നാമത്തെ അന്വേഷണം. ജോണി നെല്ലൂര്‍, രജിസ്ട്രേഷന്‍ ഐജി സി രഘു, സബ് രജിസ്ട്രാര്‍ എ ദാമോദരന്‍ എന്നിവരാണ് മറ്റു പ്രതികള്‍. റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടനാണ് കേസുകളില്‍ ഹര്‍ജിക്കാരന്‍. അനൂപ് മന്ത്രിയായി ചുമതലയേറ്റ് ആറുമാസത്തിനുള്ളില്‍ത്തന്നെ അദ്ദേഹത്തിനെതിരെ ആദ്യ അഴിമതിയാരോപണം ഉയര്‍ന്നു. കൈക്കൂലി വാങ്ങാന്‍ മന്ത്രിയുടെ വീട്ടില്‍ നാല് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതായുള്ള പരാതിയിലൂടെ അനൂപിന്റെ ബന്ധുക്കളും അഴിമതിയാരോപണത്തിന് വിധേയരായി. ടി എം ജേക്കബ്ബിനൊപ്പം പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും പിന്നീട് പുറത്താകുകയും ചെയ്ത പി ടി എബ്രഹാമാണ് ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്.
deshabhimani 090413
No comments:
Post a Comment