Tuesday, April 9, 2013
പ്രതിക്ക് മാനസിക തകരാറില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിനു സമീപം തോക്കും കത്തിയുമായി പിടിയിലായ വളയം സ്വദേശി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ക്ക് മാനസിക തകരാറില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. തലശേരി ജനറല്‍ആശുപത്രിയിലെ പരിശോധനയിലാണ് മാനസികമോ ശാരീരികമോ ആയ തകരാറില്ലെന്ന് സ്ഥിരീകരിച്ചത്. പ്രതിയെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ക്രൈംബ്രാഞ്ച് സിഐ എം പി വിനോദ് സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കിയത്.
പ്രൊഡക്ഷന്‍ വാറണ്ടിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പകല്‍ പന്ത്രണ്ടോടെയാണ് പ്രതിയെ കോടതിയിലെത്തിച്ചത്. കള്ളക്കേസില്‍ കുടുക്കിയതാണെന്നും മാനസികപ്രശ്നമുണ്ടെന്നുമുള്ള പ്രതിഭാഗവാദം കോടതി അംഗീകരിച്ചില്ല. പിണറായി വിജയന്റെ വീടിനടുത്ത പാണ്ട്യാലമുക്കില്‍നിന്ന് ബുധനാഴ്ച രാത്രി എട്ടേകാലിനാണ് പ്രതിയെ ആയുധവുമായി അറസ്റ്റുചെയ്തത്. പിണറായിയെ അപായപ്പെടുത്താനാണ് എത്തിയതെന്ന് പ്രതി സമ്മതിച്ചു. വളയത്തെ വീട്ടിലെ പരിശോധനയില്‍ തിരകളും വെടിമരുന്നും ടി പി ചന്ദ്രശേഖരന്റെ ഭാര്യ രമയുടെയും ആര്‍എംപി നേതാക്കളുടെയും പ്രസ്താവനയും നോട്ടീസുകളും കണ്ടെടുത്തു. പിണറായിയെ ലക്ഷ്യമിട്ട് രണ്ടാഴ്ചമുമ്പ് പ്രതി കൂട്ടുപുഴയില്‍ എത്തിയതും സ്ഥിരീകരിച്ചു. ബൈക്കിനുപിന്നില്‍ ഇരുന്നാണ് ഇയാള്‍ പിണറായിയില്‍ എത്തിയതെന്ന നിര്‍ണായക വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്.
ആര്‍എംപിയുടെ ചില നേതാക്കള്‍ പിണറായിക്കെതിരെ തുടര്‍ച്ചയായി വധഭീഷണി മുഴക്കിയിരുന്നു. പിണറായിയെ നിന്ദ്യമായ ഭാഷയില്‍ അധിക്ഷേപിച്ച് കെ എസ് ഹരിഹരന്‍ എന്ന ആര്‍എംപി നേതാവ് വടകരയില്‍ പ്രസംഗിച്ചത്, ""ചന്ദ്രശേഖരന്റെ ചോര പിണറായിയുടെ അവസാനംവരെ പിന്തുടരും"" എന്നാണ്. കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍ വടകരയിലെ ലോഡ്ജില്‍ താമസിച്ചശേഷമാണ് ആയുധങ്ങളുമായി പുറപ്പെട്ടത്. ഇയാളെ ബൈക്കില്‍ പിണറായിയില്‍ എത്തിച്ചത്, വടകരയില്‍ ആരൊയൊക്കെ ചെന്നുകണ്ടു തുടങ്ങിയ കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മുഖ്യവിഷയങ്ങളാവും.
deshabhimani 090413
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment