സൈനികാവശ്യത്തിനുള്ള പീരങ്കിനിര്‍മാണവും സ്വകാര്യമേഖലയിലേക്ക്. പീരങ്കികള്‍ വാങ്ങാനുള്ള ലേലത്തില്‍ ഇന്ത്യയിലെ സ്വകാര്യകമ്പനികളെക്കൂടി പങ്കെടുപ്പിക്കാന്‍ പ്രതിരോധ സംഭരണസമിതി (ഡിഎസി) യോഗത്തില്‍ തീരുമാനമായി. കരസേനയുടെ പക്കലുള്ള 130 എംഎം- എം-46 പീരങ്കികള്‍ 155 എംഎം സംവിധാനമായി വികസിപ്പിക്കാന്‍ താല്‍പ്പര്യമുള്ള കമ്പനികളെ ക്ഷണിക്കുമ്പോള്‍ സ്വകാര്യകമ്പനികളുടെ അപേക്ഷകൂടി വാങ്ങാനാണ് തീരുമാനം. പൊതുമേഖലയിലുള്ള ആയുധ ഫാക്ടറിക്കാണ് നിലവില്‍ തോക്കുനിര്‍മാണ കരാര്‍. ഇനിമുതല്‍ മത്സരരംഗത്തുള്ള കമ്പനികളില്‍ ഒന്നുമാത്രമായിരിക്കും ഈ ഫാക്ടറി.
ഇതാദ്യമായാണ് വന്‍ പടക്കോപ്പുകളുടെ നിര്‍മാണക്കരാര്‍ കേന്ദ്രം സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ തുടക്കംമുതലേ പടക്കോപ്പുനിര്‍മാണക്കരാര്‍ നേടിയെടുക്കാന്‍ സ്വകാര്യകമ്പനികള്‍ ശ്രമിച്ചിരുന്നു. പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ശേഷിക്കെ കരാര്‍ സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കാനുള്ള നീക്കത്തിനു പിന്നില്‍ ഏറെ ദുരൂഹതയുണ്ട്. പീരങ്കികള്‍ സൈന്യത്തിന്റെ പക്കല്‍ ആവശ്യത്തിനില്ലെന്ന ന്യായം മുന്നോട്ടുവച്ചാണ് പ്രതിരോധമന്ത്രാലയം സ്വകാര്യ കമ്പനികളെ ക്ഷണിക്കുന്നത്. ആയുധ ഇറക്കുമതിയിലെ തടസ്സവും വിവാദങ്ങളുമാണ് പുതിയ നീക്കത്തിനു കാരണമാക്കിയതെന്നാണ് മന്ത്രാലയത്തിന്റെ വാദം. ടാറ്റ, എല്‍ ആന്‍ഡ് ടി തുടങ്ങിയ കമ്പനികളാണ് കരാര്‍ നേടാന്‍ മുന്നിലുള്ളത്. നിലവില്‍ പിനാക മിസൈലുകളുടെ ലോഞ്ചറുകള്‍ ഈ കമ്പനികള്‍ നിര്‍മിക്കുന്നുണ്ട്. 130 എംഎം പീരങ്കികള്‍ 155 എംഎം ആക്കി ഉയര്‍ത്തുന്നതിനുള്ള കരാര്‍ ഇസ്രയേല്‍ കമ്പനിയായ സോല്‍ട്ടമിന് യുപിഎ സര്‍ക്കാര്‍ നല്‍കിയിരുന്നു. കരാര്‍ ലഭിക്കാന്‍ ഇസ്രയേല്‍ കമ്പനി സ്വാധീനം ചെലുത്തിയെന്ന് തെളിഞ്ഞതോടെ ഇവരെ കരിമ്പട്ടികയിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതിനുശേഷമാണ് ആഭ്യന്തര സ്വകാര്യകമ്പനികള്‍ക്ക് കേന്ദ്രം വാതില്‍ തുറന്നുകൊടുക്കുന്നത്.
പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഎസി യോഗമാണ് പുതിയ തീരുമാനമെടുത്തത്. വിദേശത്തുനിന്നുള്ള ആയുധ ഇറക്കുമതി അവസാന ഉപാധിയായി പരിഗണിച്ചാല്‍ മതിയെന്നും തീരുമാനമുണ്ട്. 20ന്റെ ഡിഎസി യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
deshabhimani 130413
No comments:
Post a Comment