Saturday, April 13, 2013

വിജിലന്‍സ് കേസ് അട്ടിമറിക്കുപിന്നില്‍ അഴിമതിയും ഗൂഢാലോചനയും: വി എസ്


കോവളം കൊട്ടാരവും സ്ഥലവും ഐടിഡിസിക്ക് കൈമാറിയതും പോക്കുവരവ് നടത്തിയതും സംബന്ധിച്ച വിജിലന്‍സ് കേസ് അട്ടിമറിച്ചതിനു പിന്നില്‍ വന്‍ അഴിമതിയും ഗൂഢാലോചനയും ഉണ്ടെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊട്ടാരം വില്‍പ്പന സാധൂകരിക്കുകയും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ച അവകാശവാദം പരാജയപ്പെടുത്തുകയും ചെയ്യുക എന്ന ഗൂഢലക്ഷ്യമാണ് കേസ് പിന്‍വലിച്ചതിനു പിന്നില്‍. കൊട്ടാരവും സ്ഥലവും ഐടിഡിസി എംഫാര്‍ ഗ്രൂപ്പിന് വിറ്റത് 2000 മേയില്‍ കലക്ടര്‍ ക്രമവിരുദ്ധമായി പോക്കുവരവ് ചെയ്തുകൊടുത്തതിന്റെ ബലത്തിലാണ്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയും സര്‍വേ വകുപ്പ് മുഖേന ഭൂമി ഡിമാര്‍ക്കറ്റ് ചെയ്യാതെയും റവന്യുവകുപ്പിന്റെ നിലപാട് ചോദിക്കാതെയുമാണ് കലക്ടര്‍ ഐടിഡിസിക്ക് കൊട്ടാരവും ഭൂമിയും പോക്കുവരവ് ചെയ്ത് നല്‍കിയത്. താലൂക്ക് ഓഫീസില്‍നിന്ന് ചെയ്യേണ്ട ജോലി കലക്ടര്‍ ചെയ്തത് ക്രമക്കേടാണെന്ന് ലാന്‍ഡ് റവന്യൂ കമീഷണര്‍ ചൂണ്ടിക്കാണിച്ചിരുന്നു. കോവളം ഹോട്ടലിന്റെ പുതിയ കൈവശക്കാര്‍ക്ക് കൊട്ടാരവും സ്ഥലവും കൈമാറുന്നതിന് വഴിയൊരുക്കാനും കേസില്‍ സര്‍ക്കാര്‍ഭാഗം തോറ്റുകൊടുക്കുന്നതിനുമുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് വിജിലന്‍സ് കേസ് ഒഴിവാക്കല്‍. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും ബന്ധപ്പെട്ട ഫയലും നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമായിരുന്നെന്നും വി എസ് പറഞ്ഞു. വരള്‍ച്ചപ്രശ്നത്തില്‍ സര്‍ക്കാര്‍ നിയമസഭയില്‍ അടിയന്തര നടപടി പ്രഖ്യാപിച്ചെങ്കിലും രണ്ടു ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. പിഞ്ചുകുട്ടികള്‍വരെ സൂര്യാഘാതമേറ്റ് ആശുപത്രിയിലാണ്. ഇവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കണം. കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. സംസ്ഥാനം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തിനു പുറത്താണെന്നും വി എസ് കുറ്റപ്പെടുത്തി.

deshabhimani 130413

No comments:

Post a Comment