Friday, February 22, 2013

മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതം: സംയുക്ത ട്രേഡ് യൂണിയന്‍


പാലക്കാട്: ദേശീയ പണിമുടക്കിന്റെ പ്രചാരണാര്‍ഥം സിഐടിയു ജില്ലാസെക്രട്ടറി ക്യാപ്റ്റനായി പര്യടനം നടത്തിയ പടിഞ്ഞാറന്‍ മേഖലാവാഹനജാഥയെക്കുറിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 11 ട്രേഡ് യൂണിയനുകളുടേയും സര്‍വീസ് സംഘടനകളുടേയും പ്രതിനിധികള്‍ ഉള്‍പ്പെടെ ഇരുപതോളം ജാഥാംഗങ്ങള്‍ക്ക് മൈക്കും ജനറേറ്ററുംകെട്ടിയ രണ്ട് ജീപ്പുകളില്‍ സ്ഥലപരിമിതിമൂലം യാത്രചെയ്യാന്‍ കഴിയാതെ വന്നപ്പോഴാണ് രണ്ട് കാറ്കൂടി ജാഥക്ക് ഉപയോഗിച്ചത്. ഇത് സംയുക്ത ട്രേഡ് യൂണിയന്റെ കൂട്ടായ തീരുമാനമായിരുന്നു. വസ്തുത മനസ്സിലാക്കാതെ ജാഥാക്യാപ്റ്റന്‍ ആഡംബരക്കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തെന്നും ഇത് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടാക്കിയെന്നുമുള്ള വാര്‍ത്ത നല്‍കിയത് ദൗര്‍ഭാഗ്യകരമാണ്. പണിമുടക്കുമായി ബന്ധപ്പെട്ട് കഞ്ചിക്കോട് ഐടിഐയെ സംബന്ധിച്ചു വന്ന വാര്‍ത്തയും തെറ്റാണ്. ഐടിഐയിലെ എല്ലാ യൂണിയനുകളും തൊഴിലാളികളും 48 മണിക്കൂര്‍ പണിമുടക്ക് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായമേഖലയായ കഞ്ചിക്കോട് 498 ഓളം വ്യവസായസ്ഥാപനങ്ങളില്‍നിന്നായി 40,000ത്തോളം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കാളികളായി.

പണിമുടക്കിനെ വന്‍ വിജയത്തിലെത്തിച്ച എല്ലാവിഭാഗം ജനങ്ങളേയും തൊഴിലാളികളേയും സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളായ എച്ച് മുബാറക്ക് (ഐഎന്‍ടിയുസി ജില്ലാസെക്രട്ടറി), കെ പി ജോഷി(ഐഎന്‍ടിയുസി ജില്ലാസെക്രട്ടറി), അഡ്വ. എം എസ് സ്കറിയ (സിഐടിയു സംസ്ഥാനകമ്മിറ്റിയംഗം), എസ് ബി രാജു (സിഐടിയു ജില്ലാ ജോയിന്റ്സെക്രട്ടറി), കെ സി ജയപാലന്‍ (എഐടിയുസി ജില്ലാസെക്രട്ടറി), കെ വേലു (എഐടിയുസി ജില്ലാ ജോയിന്റ്സെക്രട്ടറി), എം എ മുസ്തഫ (എസ്ടിയു ജില്ലാ സെക്രട്ടറി), അബ്ദുള്‍ അസീസ് (എഐയുടിയുസി), സി ചന്ദ്രന്‍ (യുടിയുസി ജില്ലാപ്രസിഡന്റ്), എസ് രാജേന്ദ്രന്‍ (ബിഎംഎസ് ജില്ലാ വൈസ്പ്രസിഡന്റ്), സജി ഒ വര്‍ഗീസ് (ബിഇഎഫ്ഐ) എന്നിവര്‍ അഭിവാദ്യം ചെയ്തു.

deshabhimani 220213

No comments:

Post a Comment