കേരളത്തിനുള്ള റേഷന്‍വിഹിതം കുത്തനെ വെട്ടിക്കുറയ്ക്കാന്‍ ഇടയാക്കിയത് സംസ്ഥാനത്തിന്റെ വീഴ്ചകള്‍. സംസ്ഥാനത്തിന് അധികമായി അനുവദിച്ച 1,13,000 ടണ്‍ അരിയും 50,000 ടണ്‍ ഗോതമ്പും യഥാസമയം എടുക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടിയ അലംഭാവത്തിന് ഇരയായത് 75 ലക്ഷം കാര്‍ഡുടമകള്‍. കേന്ദ്രം അനുവദിച്ച അധിക ക്വോട്ട വിതരണംചെയ്യാനുള്ള സര്‍ക്കാരിന്റെ പദ്ധതി പാളുകയായിരുന്നു. പുതിയ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ട 12 ലക്ഷം എപിഎല്‍ കാര്‍ഡുകാര്‍ക്ക് 6.20 രൂപ നിരക്കില്‍ 19 കിലോ അരിയും 4.70 രൂപ നിരക്കില്‍ ആറു കിലോ ഗോതമ്പും നല്‍കാനാണ് പദ്ധതിയിട്ടത്. നിലവിലുള്ള ബിപിഎല്‍ കാര്‍ഡുകാര്‍ക്കും ഇതേ നിരക്കില്‍ അഞ്ചു കിലോ അരിയും ഒരു കിലോ ഗോതമ്പും നല്‍കാനും തീരുമാനിച്ചു. എന്നാല്‍, ഇതിനുള്ള തീരുമാനമെടുക്കാന്‍ ഏറെ വൈകി. തീരുമാനം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാനും കാലതാമസം നേരിട്ടു. ബിപിഎല്‍ പട്ടികയില്‍പ്പെട്ടതാണെന്നു തെളയിക്കാനുള്ള രേഖകള്‍ക്കായി ജനങ്ങള്‍ നെട്ടോട്ടത്തിലായി. നടപടിക്രമം പൂര്‍ത്തിയാകാനുള്ള കാലതാമസം കണക്കിലെടുത്ത് ക്വോട്ട മുഴുവന്‍ എടുത്തുവയ്ക്കാനും സര്‍ക്കാര്‍ തയ്യാറായില്ല. അനുവദിച്ച ക്വോട്ടയില്‍ 77 ശതമാനം മാത്രമാണ് മാര്‍ച്ച് 31നകം എടുക്കാന്‍ കഴിഞ്ഞത്. ഇത് കേരളത്തിനുള്ള ക്വോട്ട വെട്ടിക്കുറയ്ക്കാന്‍ ഇടയാക്കി.
അരിയുടെയും ഗോതമ്പിന്റെയും അളവില്‍ കുറവ് വന്ന സാഹചര്യത്തില്‍ എപിഎല്‍- ബിപിഎല്‍ വിഭാഗത്തിനുള്ള ഭക്ഷ്യധാന്യത്തിന്റെ അളവ് ഗണ്യമായി വെട്ടിക്കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചിട്ടുണ്ട്. ബിപിഎല്‍ വിഭാഗത്തിന്റെ 24 കിലോ അരി 18 കിലോ ആയും എപിഎല്‍ വിഭാഗത്തിന്റെ 10.5 കിലോ ആറു കിലോയായും കുറയ്ക്കും. ഗോതമ്പിന്റെ അളവ് വ്യക്തമാക്കിയിട്ടില്ല. കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ അരി ലഭിച്ചില്ലെങ്കില്‍ റേഷന്‍കടകള്‍ വഴിയുള്ള അരിവിതരണം ഉടന്‍തന്നെ നിയന്ത്രിക്കുമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. കൂടുതല്‍ ഭക്ഷ്യധാന്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ വി തോമസിനെ കണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. റേഷന്‍വിഹിതം വെട്ടിക്കുറയ്ക്കുന്നത് പൊതുവിപണിയില്‍ അരിവില കുതിക്കാനും ഇടയാക്കും.
deshabhimani 130413
No comments:
Post a Comment