Wednesday, April 17, 2013
ബോസ്റ്റണ്‍ സ്ഫോടനം: നടുക്കം മാറാതെ യുഎസ്
പ്രശസ്തമായ ബോസ്റ്റണ്‍ മാരത്തണിനിടെ നടന്ന സ്ഫോടനങ്ങളുടെ നടുക്കത്തില്‍ അമേരിക്ക ആശങ്കയില്‍. തിങ്കളാഴ്ച വൈകിട്ട് നടന്ന സ്ഫോടനങ്ങളില്‍ എട്ടുവയസ്സുകാരനടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ് ചികിത്സയിലുള്ള നൂറ്റമ്പതിലേറെ പേരില്‍ 17 പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ പലര്‍ക്കും അംഗഭംഗം സംഭവിച്ചു. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചു.
ഭീകരതയ്ക്കെതിരെ ആഗോളയുദ്ധത്തിന് പുറപ്പെട്ട തങ്ങളുടെ തട്ടകത്തില്‍ സമാനമായ ആക്രമണമുണ്ടായത് അമേരിക്കന്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. കുറ്റക്കാര്‍ ആരായാലും കണ്ടെത്തുമെന്നും ശിക്ഷിക്കുമെന്നും പ്രസിഡന്റ് ബറാക് ഒബാമ പ്രതികരിച്ചു. "ഭീകരാക്രമണം" എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചില്ല. എന്നാല്‍, ഒന്നിലേറെ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തെ ഭീകരാക്രമണമായി തന്നെയാണ് കണക്കാക്കുന്നതെന്ന് വൈറ്റ്ഹൗസ് പിന്നീട് വിശദീകരിച്ചു. പ്രദേശികസമയം തിങ്കളാഴ്ച പകല്‍ 2.50നാണ് ബോസ്റ്റണില്‍ ബോയില്‍സ്റ്റണ്‍ സ്ട്രീറ്റില്‍ ആദ്യ സ്ഫോടനമുണ്ടായത്. മാരത്തണ്‍ വിജയികള്‍ ലക്ഷ്യത്തിലെത്തി രണ്ട് മണിക്കൂറോളം കഴിഞ്ഞായിരുന്നു ഇത്. 23,000 പേര്‍ പങ്കെടുത്ത മാരത്തണില്‍ ആയിരക്കണക്കിന് താരങ്ങള്‍ അപ്പോഴും ഫിനിഷ് ചെയ്തിരുന്നില്ല. ഓട്ടക്കാരില്‍ ചിലര്‍ സ്ഫോടനശബ്ദം കേട്ട് നിലത്തുവീണു. പൊലീസും കാണികളും സംഭവസ്ഥലത്തേക്ക് ഓടിയടുത്തു. നിമിഷങ്ങള്‍ക്കകം ഫിനിഷിങ് ലൈനിനു സമീപം രണ്ടാമതും പൊട്ടിത്തെറിയുണ്ടായി. ആദ്യ സ്ഫോടനസ്ഥലത്തുനിന്ന് 100 മീറ്ററോളം അകലെയായിരുന്നു ഇത്. ആക്രമണത്തെക്കുറിച്ച് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ലെന്ന് ബോസ്റ്റണ്‍ പൊലീസ് കമീഷണര്‍ എഡ്വേഡ് ഡേവിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കയിലുള്ളവരാണോ വിദേശികളാണോ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. മേഖലയില്‍ സുരക്ഷ ശക്തമാക്കി അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.
മാരത്തണിന്റെ വീഡിയോയും ചിത്രങ്ങളും അന്വേഷകര്‍ പരിശോധിക്കുകയാണ്. മാരത്തണ്‍ അവസാനിക്കുന്ന സ്ഥലത്ത് രണ്ട് ബോംബുകള്‍കൂടി സ്ഥാപിച്ചിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് കിലോമീറ്ററുകള്‍ അകലെ ജോണ്‍ എഫ് കെന്നഡി ഗ്രന്ഥശാലയില്‍ തീപിടിത്തമുണ്ടാകുകയും ചെയ്തു. ഇതിന് സ്ഫോടനവുമായി ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം. നിലവില്‍ മറ്റ് ഭീഷണികളൊന്നുമില്ലെന്ന് അന്വേഷണച്ചുമതലയുള്ള എഫ്ബിഐ ഏജന്റ് റിച്ചാര്‍ഡ് ഡെസ്ലാറിയേഴ്സ് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാകിസ്ഥാന്‍ താലിബാന്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള വാര്‍ഷിക മാരത്തണാണ് ബോസ്റ്റണിലേത്. ഇത്തവണത്തെ 117-ാം മാരത്തണില്‍ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ക്കുപുറമെ 90 രാജ്യങ്ങളില്‍നിന്നുള്ള അത്ലീറ്റുകളും പങ്കെടുത്തു. 26.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 23,000 കായിക താരങ്ങളുടെ മാരത്തണ്‍ വീക്ഷിക്കാന്‍ അഞ്ച് ലക്ഷത്തോളം കാണികള്‍ എത്തിയിരുന്നു. 8,06,000 ഡോളറാണ് സമ്മാനത്തുക.
deshabhimani 170413
Subscribe to:
Post Comments (Atom)
No comments:
Post a Comment