Wednesday, April 17, 2013
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനം പരിഷ്‌കരിച്ചു
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് വേതനം പരിഷ്‌കരിച്ചു. ജനുവരി മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളവര്‍ധന. വന്‍കിട ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് ബലരാമന്‍ കമ്മിറ്റി നിര്‍ദ്ദേശം അനുസരിച്ചുള്ള ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കും.ആശുപത്രി വ്യവസായ ബന്ധസമിതി (ഹോസ്പിറ്റല്‍ ഐ ആര്‍ സി) യുടെ യോഗത്തിലാണ് ശമ്പള വര്‍ധനവ് സംബന്ധിച്ച തീരുമാനമുണ്ടായതെന്ന് മന്ത്രി ഷിബു ബേബിജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്വകാര്യ ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം അടിസ്ഥാനമാക്കി ആറു വിഭാഗങ്ങളായി തരംതിരിച്ചാണ് വേതനനിരക്ക് വര്‍ധിപ്പിച്ചത്. ഇത് അനുസരിച്ച് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ശമ്പളത്തില്‍ 25 മുതല്‍ 35%വരെ വര്‍ധനവുണ്ടാകും. 100 കിടക്കകളില്‍ കൂടുതല്‍ സൗകര്യമുള്ള ആശുപത്രികളില്‍ നഴ്‌സുമാര്‍ക്ക് ശമ്പളത്തിനു പുറമെ സ്‌പെഷല്‍ അലവന്‍സ് നല്‍കാനും തീരുമാനിച്ചു.
20 കിടക്കകള്‍ വരെയുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് 25% വേതന വര്‍ധനവ് ലഭിക്കും.
21 മുതല്‍ 100 കിടക്ക വരെയുള്ള ആശുപത്രികളിലെ ജീവനക്കാര്‍ക്ക് 31.6% ഉം 101 മുതല്‍ 300 വരെ കിടക്കകളുള്ള ആശുപത്രികളിലെ ജീവനക്കാര്‍ക്ക് 31.2% ഉം, 301-500 വരെ കിടക്കകളുള്ള ആശുപത്രികളിലെ ജീവനക്കാര്‍ക്ക് 30.5% ഉം, 501 മുതല്‍ 800 വരെ കിടക്കകളുള്ള ആശുപത്രികളിലെ ജീവനക്കാര്‍ക്ക് 32% ഉം, 801-നുമുകളില്‍ കിടക്കകളുള്ള വന്‍കിട ആശുപത്രികളിലെ ജീവനക്കാര്‍ക്ക് 34.7% ഉം വര്‍ദ്ധനവ് ലഭിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. 01 മുതല്‍ 300 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലെ ജി എന്‍ എം നഴ്‌സുമാര്‍ക്ക് 500 രൂപയും ബി എസ് സി നഴ്‌സുമാര്‍ക്ക് 750 രൂപയും സ്‌പെഷല്‍ അലവന്‍സായി ലഭിക്കും.
301 മുതല്‍ 800 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലെ ജി എന്‍ എം നഴ്‌സുമാര്‍ക്ക് 600 രൂപയും ബി എസ് സി നഴ്‌സുമാര്‍ക്ക് 850 രൂപയും സ്‌പെഷല്‍ അലവന്‍സായി ലഭിക്കും. 801-ല്‍ കൂടുതല്‍ കിടക്കകളുള്ള വന്‍കിട ആശുപത്രികളിലെ ജി എന്‍ എം നഴ്‌സുമാര്‍ക്ക് 900 രൂപയും ബി എസ് സി നഴ്‌സുമാര്‍ക്ക് 1250 രൂപയും സ്‌പെഷല്‍ അലവന്‍സായി ലഭിക്കും. പുതിയ തീരുമാന പ്രകാരം ഏറ്റവും കുറഞ്ഞ ശമ്പള സ്‌കെയില്‍ 7775- 160- 8575- 175- 9450 ഉം കൂടിയ സ്‌കെയില്‍ 10000-200-11000-220-12100 ആണ്.
എന്നാല്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന വേതനത്തില്‍ 200 പോയിന്റിന് തുല്യമായ ക്ഷാമബത്ത ലഭിക്കുമ്പോള്‍ കിട്ടുന്ന തുകയുടെ 25% വര്‍ധിപ്പിച്ചാണ് പുതിയ ശമ്പള നിരക്ക് തീരുമാനിച്ചത്. നിലവില്‍ സ്വകാര്യ ആശുപത്രികളിലെ ജി എന്‍ എം നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന വേതനം 9062 രൂപയാണ്. പുതിയ നിശ്ചയപ്രകാരം 12,809 രൂപ ലഭിക്കും. ബി എസ് സി നഴ്‌സുമാര്‍ക്ക് 9335 രൂപ ലഭിച്ചിരുന്നിടത്ത് 13,479 രൂപ ലഭിക്കും.
ജി എന്‍ എം നഴ്‌സിംഗ് പാസായവര്‍ക്ക് 8725 രൂപ മുതല്‍ 11,343 രൂപവരെയും ബി എസ് സി നഴ്‌സിംഗുകാര്‍ക്ക് 8975 മുതല്‍ 11668 രൂപ വരെയും അടിസ്ഥാന ശമ്പളമായി ഇനിമുതല്‍ ലഭിക്കും. 200 പോയിന്റിനുമേല്‍ വരുന്ന ഓരോ പോയിന്റിനും 26.65 രൂപ വീതം ക്ഷാമബത്തയായും ലഭിക്കും. പൂര്‍ത്തിയാക്കിയ ഓരോ അഞ്ചുവര്‍ഷത്തിനും ഓരോ ഇന്‍ക്രിമെന്റ് വീതം സര്‍വീസ് വെയിറ്റേജായി പരിഗണിക്കും. നഴ്‌സിങ് ട്രെയ്‌നിമാരുടെ സ്റ്റൈഫന്റും വര്‍ധിപ്പിച്ചു. ജി എന്‍ എം നഴ്‌സുമാര്‍ക്ക് 5100ല്‍ നിന്നു 6000 ആയും ബി എസ് സി നഴ്‌സുമാര്‍ക്ക് 5310ല്‍ നിന്ന് 6500 രൂപയായുമായാണ് വര്‍ധന. ട്രെയിനി നഴ്‌സുമാര്‍ക്ക് നല്‍കിവരുന്ന സ്റ്റൈഫന്റിലും വര്‍ദ്ധനവുണ്ട്. നിലവില്‍ ജി എന്‍ എം നഴ്‌സുമാര്‍ക്ക് ലഭിച്ചിരുന്ന 5100-ല്‍ നിന്ന് 6,000 രൂപയായും ബി എസ് സി നഴ്‌സുമാര്‍ക്ക് ലഭിച്ചിരുന്ന 5310-ല്‍ നിന്നും 6,500 രൂപയായും വര്‍ധവുണ്ടാകും.
ശമ്പള വര്‍ധന മെയ്മാസം മുതല്‍ നടപ്പിലാക്കും. ഇപ്പോഴത്തെ തീരുമാനം അനുസരിച്ച് ജനുവരി മുതലുള്ള നാലുമാസത്തെ കുടിശിക ഡിസംബര്‍ 31 നു മുന്‍പു കൊടുത്തുതീര്‍ക്കണം.
എന്നാല്‍ നിലവില്‍ ഏതെങ്കിലും സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട ശമ്പളം നല്‍കുന്നുണ്ടെങ്കില്‍ തുടരേണ്ടതാണെന്നും നിര്‍ദ്ദേശത്തിലുണ്ട്. സ്‌കാനിംഗ് സെന്ററുകള്‍, സ്‌പെഷലൈസ്ഡ് ആംബുലന്‍സ് സര്‍വീസ്, ഡെന്റല്‍, ഐ ക്ലിനിക്കുകള്‍, കിടക്കകള്‍ ഇല്ലാത്ത ആശുപത്രികള്‍ എന്നിവിടങ്ങളിലെ ശമ്പള നിരക്ക് പ്രത്യേകം നിശ്ചയിക്കാനും തീരുമാനമായതായും മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു.
janayugom 170413
Labels:
ആരോഗ്യരംഗം,
പോരാട്ടം
Subscribe to:
Post Comments (Atom)
No comments:
Post a Comment