അബുദാബി: ഏറെ കൊട്ടിഘോഷിച്ച ഗള്‍ഫിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികള്‍ യുഎഇയില്‍ത്തന്നെ ഉപേക്ഷിച്ച് മുഖ്യമന്ത്രി മടങ്ങി. യുഎഇയുടെ വിവിധഭാഗങ്ങളില്‍നിന്ന് ഏറെ ബുദ്ധിമുട്ടിയെത്തിയ മലയാളികളുടെ പരാതികളില്‍ ബഹുഭൂരിപക്ഷവും തുറന്നുനോക്കുകപോലും ചെയ്യാതെയാണ് ചവറ്റുപെട്ടിയിലിട്ടത്. 20 കിലോ തൂക്കം വരുന്ന പരാതികളാണ് ഇങ്ങനെ ഉപേക്ഷിച്ചത്. പരാതികള്‍ നാട്ടിലെത്തി പരിശോധിക്കുമെന്നും തുടര്‍നടപടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളെ അറിയിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങളെക്കുറിച്ച് സര്‍ക്കാരിന് അറിയാമെന്നും അവയ്ക്ക് പരിഹാരം കാണാന്‍ ആത്മാര്‍ഥമായി ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഷാര്‍ജയില്‍ പറഞ്ഞിരുന്നു.
മുമ്പ്, പ്രവാസിമന്ത്രി വയലാര്‍ രവിക്ക് വടകര എന്‍ആര്‍ഐ ഫോറം കൊടുത്ത നിവേദനം അബുദാബി ഇന്ത്യന്‍ എംബസിയുടെ ചവറ്റുകുട്ടയില്‍നിന്ന് ജോലിക്കാരനു ലഭിച്ചതും മലയാളിയായ മറ്റൊരു കേന്ദ്രമന്ത്രിക്ക് നല്‍കിയ നിവേദനം ഷെറാട്ടന്‍ ഹോട്ടലിലെ ചവറ്റുകുട്ടയില്‍നിന്ന് ലഭിച്ചതും വാര്‍ത്തയായിരുന്നു. പ്രവാസികള്‍ നല്‍കിയ പരാതികള്‍ ഏകദേശം 30 കിലോഗ്രാം വരുമെന്നും 30 കിലോ ബാഗേജ് സൗജന്യമായി കൊണ്ടുപോകാന്‍ അനുവദിക്കുന്ന വിമാനത്തില്‍ 10 കിലോഗ്രാം നിവേദനം മാത്രമാണ് മുഖ്യമന്ത്രി കൊണ്ടുപോയതെന്നും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ യുഎഇ പ്രസിഡന്റ് എം ജി പുഷ്പാകരന്‍ വിശദീകരിച്ചു. മൂന്നുവീതം കേന്ദ്ര-സംസ്ഥാന മന്ത്രിമാരും നാലുവീതം എംപിമാരും എംഎല്‍എമാരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. കൂടാതെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ 15 കെപിസിസി ഭാരവാഹികളും മറ്റു കോണ്‍ഗ്രസ് നേതാക്കളുമടക്കം അമ്പതോളം പേര്‍ മുഖ്യമന്ത്രിക്കൊപ്പം ഒഐസിസി ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാന്‍ യുഎഇയിലെത്തിയിരുന്നു.
(സഫറുള്ള പാലപ്പെട്ടി)
അഞ്ചും ആറും മണിക്കൂര്‍ വൈദ്യുതി മുടങ്ങുന്നതില്‍ കുഴപ്പമില്ല: മുഖ്യമന്ത്രി
തിരു: സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും മുന്നറിയിപ്പില്ലാതെ അഞ്ചും ആറും മണിക്കൂര്‍ വൈദ്യുതി മുടങ്ങുന്നത് കുഴപ്പമില്ലാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുടിവെള്ളം പമ്പിങ് മുടങ്ങാതിരിക്കാന്‍ അര മണിക്കൂര്‍ ലോഡ്ഷെഡിങ് സമയം പുനഃക്രമീകരിക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണിക്കൂറുകളോളം അപ്രഖ്യാപിത ലോഡ്ഷെഡിങ് അടിച്ചേല്‍പ്പിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അതില്‍ കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്.
പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ വരള്‍ച്ച അവലോകനയോഗം ചേര്‍ന്ന് കുടിവെള്ളമെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പമ്പിങ് സ്റ്റേഷനിലും ട്രീറ്റ്മെന്റ് പ്ലാന്റിലും ഒരേസമയം ലോഡ്ഷെഡിങ് വരുന്ന രീതിയില്‍ സമയം ക്രമീകരിക്കണമെന്ന ആവശ്യം വന്നു. ഇത് കെഎസ്ഇബി അംഗീകരിച്ചു. കുടിശ്ശിക ഉണ്ടെങ്കിലും വാട്ടര്‍ അതോറിറ്റിയുടെ വൈദ്യുതിബന്ധം വിച്ഛേദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
deshabhimani 180414
No comments:
Post a Comment