Wednesday, April 17, 2013
സൂര്യകാന്തമിശ്രയ്ക്കുനേരെ വീണ്ടും കൈയേറ്റശ്രമം
ബംഗാള്‍ പ്രതിപക്ഷനേതാവും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ സൂര്യകാന്തമിശ്രയെ ആക്രമിക്കാന്‍ വീണ്ടും തൃണമൂല്‍ ശ്രമം. ഹൂഗ്ലി ജില്ലയിലെ ഖനഘാലിയില്‍ വച്ചാണ് കൈയേറ്റശ്രമമുണ്ടായത്. ഖനേഘാലി പ്രദേശത്ത് തൃണമൂലുകാര്‍ പത്തിലധികം സിപിഐ എം ഓഫീസുകള്‍ നശിപ്പിച്ചതിലും പ്രവര്‍ത്തകരെ ആക്രമിച്ചതിലും പ്രതിഷേധിക്കാന്‍ ഇടതുമുന്നണി സംഘടിപ്പിച്ച യോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഹൂഗ്ലി ജില്ലാ സെക്രട്ടറിയും മുന്‍മന്ത്രിയുമായ സുദര്‍ശന്‍റോയും ഉണ്ടായിരുന്നു. മിശ്ര സഞ്ചരിച്ച കാര്‍ നൂറോളം വരുന്ന തൃണമൂല്‍ അക്രമിസംഘം തടഞ്ഞ് കരിങ്കൊടി കാട്ടി. വണ്ടിയില്‍നിന്ന് മിശ്രയെ പുറത്തേക്ക് വലിച്ചിറക്കാന്‍ ശ്രമിച്ചു. പൊലീസ് ഇടപെട്ടതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവം ഉണ്ടായില്ല. അരമണിക്കൂറോളം കാര്‍ തടഞ്ഞിട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് പ്രതിപക്ഷനേതാവിനെ കൈയേറ്റം ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തുനിഞ്ഞത്. 11നു ബാങ്കുറ ജില്ലയിലെ ഖത്തറയില്‍ വച്ചായിരുന്നു അക്രമശ്രമം.
അക്രമം അവസാനിപ്പിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ക്ക് കത്തുനല്‍കി. മനുഷ്യാവകാശങ്ങള്‍ ധ്വംസിച്ചുകൊണ്ടുള്ള അക്രമമാണ് സംസ്ഥാനത്തുടനീളം അരങ്ങേറുന്നത്. ഭരണകക്ഷി എതിര്‍കക്ഷികളുടെ ഓഫീസുകള്‍ തല്ലിത്തകര്‍ക്കുകയും പിടിച്ചെടുക്കുകയും ചെയ്യുന്നു. ഇത് അവസാനിപ്പിക്കാനും സമാധാനാന്തരീക്ഷം നിലനിര്‍ത്താനും വേണ്ട നടപടി കൈക്കൊള്ളണമെന്ന് കത്തില്‍ ആവശ്യപെട്ടു. സംസ്ഥാനത്ത് അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ സ്ഥിതിയാണെന്ന് ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു പറഞ്ഞു. പ്രതിപക്ഷത്തിന് പ്രവര്‍ത്തനസ്വാതന്ത്ര്യമില്ല. ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക അക്രമം നടത്തുകയും കള്ളക്കേസുണ്ടാക്കി ജയിലിലടയ്ക്കുകയും ചെയ്യുന്നു. തൃണമൂല്‍ സര്‍ക്കാരിന്റെ മനുഷ്യത്വരഹിതപ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ജനാധിപത്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനും സമാധാനവും നിലനിര്‍ത്തുന്നതിനുമായും പോരാടാന്‍ ജനാധിപത്യവിശ്വാസികളായ എല്ലാവരും രംഗത്തിറങ്ങണമെന്ന് ബിമന്‍ ബസു അഭ്യര്‍ഥിച്ചു. അതിനിടെ, സിലിഗുരി ആശുപത്രിയില്‍ എസ്എഫ്ഐ നേതാവ് സന്തോഷ് സഹാനിയെ ചങ്ങലയില്‍ തളച്ചിട്ടതിനെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടു.
deshabhimani 180413
Subscribe to:
Post Comments (Atom)
No comments:
Post a Comment