Friday, April 19, 2013

ഭൂമി ഏറ്റെടുക്കല്‍ ബില്ലിന് ബിജെപി പിന്തുണ ഉറപ്പാക്കി


കര്‍ഷകതാല്‍പ്പര്യങ്ങള്‍ ഹനിക്കുന്ന ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ ബില്‍ ബിജെപി പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ പാസാക്കും. ഇടതുപക്ഷത്തിന്റെയും ഡിഎംകെയുടെയും കടുത്ത എതിര്‍പ്പ് അവഗണിച്ച് ബില്‍, തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ പാസാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സമാജ്വാദി പാര്‍ടിയും ബില്ലിന് പിന്തുണ പ്രഖ്യാപിച്ചു. വ്യാഴാഴ്ച പാര്‍ലമെന്ററിമന്ത്രി കമല്‍നാഥ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് ബിജെപിയുടെ ചില ഭേദഗതികള്‍ അംഗീകരിച്ച് അവരുടെ പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കിയത്. മാര്‍ച്ച് ഏഴിന് നടന്ന സര്‍വകക്ഷിയോഗത്തില്‍ ബില്ലില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് ബിജെപി, സിപിഐ എം തുടങ്ങിയ കക്ഷികളുമായി ഗ്രാമവികസനമന്ത്രി ജയ്റാം രമേശ് പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു.

യഥാര്‍ഥ ബില്ലില്‍ വെള്ളം ചേര്‍ത്താണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നതെന്നും അതുകൊണ്ടുതന്നെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കുമെന്നും സിപിഐ എം പ്രതിനിധി ബസുദേവ് ആചാര്യ യോഗത്തില്‍ പറഞ്ഞു. ഇടതുപക്ഷം ഭേദഗതികള്‍ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. ഭൂഉടമകളുടെ നൂറുശതമാനം സമ്മതത്തോടെമാത്രമേ സ്വകാര്യമേഖലയ്ക്കുവേണ്ടി ഭൂമി ഏറ്റെടുക്കാവൂ. റെയില്‍വേ, പ്രതിരോധം, ഹൈവേ എന്നിവയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം. ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാരിന്റെ നിയന്ത്രണം വേണം. ഭൂഉടമയ്ക്കുമാത്രമല്ല ഭൂമി ഉപയോഗിച്ച് ഉപജീവനം കഴിക്കുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കണം- ബസുദേവ് ആചാര്യ ആവശ്യപ്പെട്ടു.

ഇടതുപക്ഷ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത യുപിഎ സര്‍ക്കാര്‍, ബിജെപി മുന്നോട്ടുവച്ച എല്ലാ ആവശ്യവും അംഗീകരിച്ചു. ""പന്ത്രണ്ട് ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു. അതെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചു""- യോഗശേഷം ലോക്സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനുപകരം അത് വികസിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പാട്ടമായി നല്‍കി ഭൂഉടമാവകാശം ഭൂഉടമയുടെ കൈവശംതന്നെ നിലനിര്‍ത്തുക എന്നതാണ് ബിജെപിയുടെ പ്രധാന ആവശ്യം. ഭൂഉടമകള്‍ക്ക് സ്ഥിരവരുമാനം ഇതുവഴി ലഭിക്കുമെന്നും ബിജെപി പറഞ്ഞു. എന്നാല്‍, പാട്ടം അനുവദിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനായതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക നിയമം പാസാക്കേണ്ടിവരും. സര്‍ക്കാര്‍ ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂഉടമയുടെ സമ്മതം ആവശ്യമില്ലെന്നാണ് ബില്‍ പറയുന്നത്. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ 70 ശതമാനം ഭൂഉടമകളുടെയും സ്വകാര്യപദ്ധതികള്‍ക്കുള്ള ഭൂമി ഏറ്റെടുക്കുമ്പോള്‍ 80 ശതമാനംപേരുടെയും സമ്മതം വേണമെന്നും ബില്‍ നിര്‍ദേശിക്കുന്നു. ബില്‍ പാസാക്കുന്നതിന് വിശാലമായ സമവായമുണ്ടെന്ന് പാര്‍ലമെന്ററിമന്ത്രി കമല്‍നാഥ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷമാണെങ്കിലും ബില്‍ പാസാകുന്നതിന് സാഹചര്യമൊരുങ്ങിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
(വി ബി പരമേശ്വരന്‍)

deshabhimani 

No comments:

Post a Comment