Thursday, April 11, 2013

ഗണേശിന്റെ മാപ്പപേക്ഷ കുടുങ്ങുമെന്ന് ഉറപ്പായതോടെ


ഗാര്‍ഹികപീഡനം, പരസ്ത്രീബന്ധം, വഴിവിട്ട ബന്ധങ്ങള്‍ക്ക് മന്ത്രിവസതി ദുരുപയോഗപ്പെടുത്തല്‍ തുടങ്ങി കെ ബി ഗണേശ് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഭാര്യയോട് പരസ്യമായി മാപ്പു പറഞ്ഞതുകൊണ്ട് മാത്രം ഒതുക്കിത്തീര്‍ക്കാനാകില്ല. ഭര്‍ത്താവിന്റെ സ്വത്ത് തനിക്കും മക്കള്‍ക്കും വീതംവയ്ക്കണം, തന്നെ അധിക്ഷേപിച്ചതിന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ മാപ്പുപറയണം തുടങ്ങിയ യാമിനിയുടെ ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടെങ്കിലും യാമിനി-ഗണേശ് തര്‍ക്കം ഉയര്‍ത്തിയ ധാര്‍മിക-സദാചാര രാഷ്ട്രീയ പ്രശ്നങ്ങള്‍ ബാക്കിനില്‍ക്കുന്നു. യാമിനിയെ ആക്ഷേപിച്ചതിനാണ് മാപ്പുപറയല്‍. മാപ്പുപറഞ്ഞ് കുറ്റസമ്മതം നടത്തിയ ഗണേശ് അടികിട്ടിയതും അതിന്റെ കാരണവും നിഷേധിച്ചിട്ടില്ല.

ഏപ്രില്‍ ഒന്നിന് അര്‍ധരാത്രിയിലാണ് ഗണേശിന്റെ രാജി. അതിന് ഏതാനും മണിക്കൂര്‍ മുമ്പ് രാജിയില്ലെന്ന് ഗണേശും മുഖ്യമന്ത്രിയും പ്രഖ്യാപിച്ചതാണ്. രാത്രി യാമിനി പൊലീസില്‍ പരാതി കൊടുത്തപ്പോള്‍ രാജിയല്ലാതെ പോംവഴിയില്ലാതായി. പിന്നീട് പൊലീസ് സംവിധാനം ദുരുപയോഗിച്ച് യാമിനിക്കെതിരെ കേസെടുപ്പിച്ചു. അവരുടെ പരാതി കൗണ്ടര്‍ കേസായി മാറി. ഇരുപരാതിയും അനേഷിക്കാന്‍ കൊല്ലം ക്രൈംബ്രാഞ്ച് എസ്പിയെ ചുമതലപ്പെടുത്തി. ഇനി വിട്ടുവീഴ്ചക്കില്ലെന്നും തന്റെ ചോരക്കുദാഹിക്കുന്നവരുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നുമായിരുന്നു ഗണേശിന്റെ നിലപാട്. വീണ്ടും കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത് ഗാര്‍ഹിക പീഡനനിരോധനനിയമപ്രകാരം യാമിനി കോടതിയെ സമീപിച്ചതോടെയാണ്. കോടതി കേസെടുത്താല്‍ നേരെ ജയിലിലേക്കാണ് വഴിയെന്ന് വ്യക്തമായ ഗണേശ് യാമിനി പറയുന്നതെന്തും അനുസരിക്കാന്‍ സന്നദ്ധനായി. ഗണേശ് ജയിലിലേക്ക് പോകുന്നതിനൊപ്പം പരാതി മുക്കുകയും ഗാര്‍ഹികപീഡനം ഒളിച്ചുവയ്ക്കുകയും ചെയ്ത മുഖ്യമന്ത്രിയും മധ്യസ്ഥന്‍ മന്ത്രി ഷിബുബേബിജോണും നിയമക്കുരുക്കിലകപ്പെടുമെന്നും ഉറപ്പായി. അങ്ങിനെയാണ് എഴുതി തയ്യാറാക്കി പിന്നീട് യാമിനി അനുവദിച്ച വരികള്‍ മാത്രം ഉള്‍പ്പെടുത്തിയ മാപ്പപേക്ഷയുമായി ചൊവ്വാഴ്ച രാത്രി പത്തിന് ദുഃഖഭാവത്തോടെ ഗണേശ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടതും യാമിനിയോട് മാപ്പപേക്ഷിച്ചതും. ഇനി തനിക്കെതിരെ വാര്‍ത്തകൊടുക്കരുതെന്ന് ഗദ്ഗദകണ്ഠനായി അഭ്യര്‍ഥിക്കുകകൂടി ചെയ്തു ഈ മുന്‍മന്ത്രി. മാപ്പുകൊടുത്തെങ്കിലും ഗണേശിനൊപ്പം ഇനി ഒരുമിച്ചുജീവിക്കുന്ന പ്രശ്നമില്ലെന്ന് യാമിനി വ്യക്തമാക്കിയിട്ടുണ്ട്. ജീവിതപങ്കാളിക്ക് കൂടെ നിര്‍ത്താന്‍ പറ്റാത്ത വ്യക്തിയെ രാഷ്ട്രീയകേരളം സഹിക്കണം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഗണേശ് വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്, മിതത്വം പാലിക്കണം, വിഷയം കുടുംബവഴക്ക് മാത്രം, സ്വത്തുവിഭജന കരാറോടെ എല്ലാത്തിനും പരിഹാരം-ഇതാണ് മുഖ്യമന്ത്രിയുടെ നിലപാട്.

എന്നാല്‍, യാമിനി ഉന്നയിച്ച ആരോപണങ്ങള്‍ അവര്‍ ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. ഒരു ഭരണകര്‍ത്താവിന്റെ ഇരുണ്ടമുഖമാണവര്‍ തുറന്നു കാട്ടിയത്. അഴിമതിയില്‍ മുങ്ങിത്താഴ്ന്ന മന്ത്രിസഭയില്‍ സദാചാരവിരുദ്ധരുമുണ്ടെന്ന കുറ്റപത്രമാണത്. ഗണേശ് യാമിനിയോട് മാപ്പുപറഞ്ഞതുകൊണ്ട് ഈ വിഷയം അവസാനിക്കുന്നില്ല. സര്‍ക്കാര്‍ ചീഫ് വിപ്പാണ് ഇതിന് തുടക്കമിട്ടത് എന്നുമോര്‍ക്കണം. യാമിനിയുടെ പരാതി മുഖ്യമന്ത്രി വാങ്ങാതിരുന്നത് കള്ളക്കളിയുടെ ഭാഗമായാണെന്ന് പിന്നീടുണ്ടായ സംഭവങ്ങള്‍ തെളിയിച്ചു. അധികാരം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി ചെയ്ത കുറ്റകൃത്യങ്ങള്‍ കുറച്ചൊന്നുമല്ല-ഗാര്‍ഹികപീഡനം പൂഴ്ത്തിവച്ചു, പീഡനത്തിനിരയായ ഒരു സ്ത്രീ നല്‍കിയ പരാതി വാങ്ങാതെ സ്വത്തുവിഭജന കരാറുണ്ടാക്കി ഒതുക്കാന്‍ കൂട്ടുനിന്നു, ഇതിന് തൊഴില്‍മന്ത്രിയെയും ഒപ്പം നിര്‍ത്തി, പരാതിക്കാരിക്കെതിരെ കുടുംബക്കോടതിയെ സമീപിക്കാന്‍ ഗണേശിന് അവസരമുണ്ടാക്കികൊടുത്തു, ഗണേശിനെ അറസ്റ്റ്ചെയ്യേണ്ടെന്ന് പൊലീസിന് നിര്‍ദേശം നല്‍കി, സദാചാരവിരുദ്ധപ്രവൃത്തിക്ക് തല്ല് കിട്ടിയ മന്ത്രിയെ സംരക്ഷിച്ചു, മന്ത്രിക്ക് തല്ല് കിട്ടിയില്ലെന്ന് കള്ളം പറഞ്ഞു. അടിയേറ്റ് മുഖത്തുനിന്ന് രക്തമൊലിക്കുന്ന ചിത്രം ഗണേശാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. തെളിവ് കിട്ടിയിട്ടും മന്ത്രിയെ തല്ലിയതിന് കേസെടുക്കാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. ഏറ്റവും ഒടുവില്‍ ഗണേശിനെ മന്ത്രിപദത്തില്‍ തിരികെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിലുമാണ് മുഖ്യമന്ത്രി.
(കെ എം മോഹന്‍ദാസ്)

deshabhimani 110413

No comments:

Post a Comment