Tuesday, April 9, 2013

ചെങ്കടലിരമ്പി, ലാല്‍സലാം കണ്ണൂര്‍

കണ്ണൂര്‍: പണിയാളരുടെ അണിമുറിയാത്ത കുത്തൊഴുക്കില്‍ കണ്ണൂര്‍ പുളകംകൊണ്ടു. മഴത്തുള്ളികളെന്നപോലെ ഒഴുകിപ്പടര്‍ന്ന് കൊച്ചരുവികളായി, പുഴകളായി, കടലായി ജനസഞ്ചയം. നാടിന്റെയും ജനതയുടെയും രക്ഷയ്ക്കായുള്ള പുതിയ പോരാട്ടങ്ങള്‍ക്ക് ദിശാബോധം പകര്‍ന്ന സിഐടിയു പതിനാലാം ദേശീയസമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റാലി സമാനതകളില്ലാത്ത മുന്നേറ്റമായി. നിസ്വവര്‍ഗത്തിനുവേണ്ടി ജീവിതം അര്‍പ്പിച്ച സഖാവ് സിയുടെ അമരസ്മരണകള്‍ക്ക് സമര്‍പ്പിതമായ നഗരിയില്‍ ഒത്തുചേര്‍ന്ന ലക്ഷങ്ങള്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ കരുത്തിന്റെ പെരുമ്പറ മുഴക്കമായി.

തിങ്കളാഴ്ച രാവിലെമുതല്‍ നഗരത്തിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. അയല്‍ജില്ലകളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും എത്തിയവരെക്കൊണ്ട് ഉച്ചയോടെ നഗരം നിറഞ്ഞു. ബസ്സുകളിലും ചെറുവാഹനങ്ങളിലുമായി ജനം പ്രവഹിച്ചതോടെ കണ്ണൂര്‍ ചെങ്കടലായി. കൂറ്റന്‍ പതാകകളും വാദ്യമേളങ്ങളും പ്ലക്കാര്‍ഡുകളും കൈയിലേന്തി തൊഴിലാളികള്‍ കുടുംബസമേതം അണിനിരന്നു.

പരമ്പരാഗത- അസംഘടിത തൊഴിലാളികള്‍മുതല്‍ പുത്തന്‍മേഖലകളിലെ പ്രൊഫഷണലുകള്‍വരെ കുടുംബസമേതം ചരിത്രപ്പിറവിക്ക് സാക്ഷികളായി. കേന്ദ്രീകരണം ഒഴിവാക്കിയിട്ടും ജനങ്ങളുടെ ഇടമുറിയാത്ത ഒഴുക്ക് പടുകൂറ്റന്‍ പ്രകടനത്തിനു സമാനമായി. "നയം മാറ്റാന്‍ വര്‍ഗസമരം ശക്തമാക്കുക"യെന്ന കാലഘട്ടത്തിന്റെ മുദ്രാവാക്യങ്ങളാണ് റാലിയില്‍ ഉയര്‍ന്നുകേട്ടത്. നയംമാറ്റത്തിന് പ്രത്യയശാസ്ത്ര ഭിന്നതകളില്ലാതെ ഐക്യനിര പടുത്തുയര്‍ത്താനുള്ള സമ്മേളനത്തിന്റെ ആഹ്വാനം ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നതിന്റെ വിളംബരമായി റാലി. ഈ ജനസാഗരം...

ആവേശത്തിരമാലകള്‍...വികാരവായ്പ്- കൊടിയ വെല്ലുവിളികളും സന്ധിയില്ലാത്ത പോരാട്ടങ്ങളും ഏറ്റെടുക്കാന്‍ തൊഴിലാളിവര്‍ഗത്തിന് കരുത്തു നല്‍കുന്ന ജനപിന്തുണ. കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും കാവുമ്പായിയുടെയും മുനയന്‍കുന്നിന്റെയും തില്ലങ്കേരിയുടെയും കൂത്തുപറമ്പിന്റെയും ഓര്‍മകളില്‍നിന്ന് ഉയിര്‍കൊണ്ട പോരാട്ടവീര്യത്തിന്, എ കെ ജിയടക്കമുള്ള മഹാരഥന്മാരായ നേതാക്കളെ നെഞ്ചേറ്റുന്ന ജനതയ്ക്ക് ഏത് പോരാട്ടത്തിനും കരുത്തുണ്ടെന്ന് വിളംബരം ചെയ്തു. ജവഹര്‍ സ്റ്റേഡിയത്തില്‍ ഉച്ചസൂര്യന്റെ തീനാളങ്ങളെ തോല്‍പ്പിക്കുന്ന ആവേശമാണ് ദൃശ്യമായത്. തൊഴിലാളി- കര്‍ഷക മുന്നേറ്റത്തിന്റെ രണഗാഥകള്‍ അവതരിപ്പിച്ച കെ പി ആര്‍ പണിക്കരുടെ വിപ്ലവഗായകസംഘത്തിന്റെ ഗാനമേളയോടെയാണ് സമാപനസമ്മേളനത്തിനു തുടക്കമായത്. സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് മാവ്റിക്കോസ്, സ്വാഗതസംഘം ചെയര്‍മാന്‍ കോടിയേരി ബാലകൃഷ്ണന്‍, സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, ഡോ. കെ ഹേമലത, ആനത്തലവട്ടം ആനന്ദന്‍, എളമരം കരീം എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ സെക്രട്ടറി കെ പി സഹദേവന്‍ സ്വാഗതം പറഞ്ഞു.
(കെ ടി ശശി)

ലാല്‍സലാം കണ്ണൂര്‍

കണ്ണൂര്‍: വിപ്ലവേതിഹാസങ്ങളുടെ മണ്ണില്‍ ഭാവി പോരാട്ടങ്ങളുടെ ഊടും പാവും നെയ്ത് സിഐടിയു സമ്മേളനത്തിന്റെ കൊടിക്കൂറ താഴുമ്പോള്‍ സ്പന്ദിക്കുന്നത് രാജ്യത്തിന് മാതൃകയായ ഐക്യപാഠം. നവലിബറല്‍ നയങ്ങളെ നേരിടാനുള്ള സമരാഗ്നി കൊളുത്തിയാണ് പ്രതിനിധികള്‍ കണ്ണൂരിനോട് വിടപറഞ്ഞത്. അഞ്ചുനാള്‍ ഈ നാട് രാജ്യത്തിന്റെ പരിഛേദമായി. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള പ്രതിനിധികള്‍ ഭാഷയും സംസ്കാരവും മറന്ന് തൊഴിലാളിപക്ഷത്തിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും തീര്‍ക്കാനുള്ള ചര്‍ച്ചയിലും തീരുമാനങ്ങളിലും മുഴുകി. ഇതിനുള്ള വേദിയും സൗകര്യവുമൊരുക്കി കണ്ണൂര്‍ തൊഴിലാളി വര്‍ഗത്തിന്റെ കാവലാളായി. ജില്ലയുടെ രാഷ്ട്രീയപൈതൃകവും കലാസാംസ്കാരികപാരമ്പര്യവും നെഞ്ചേറ്റിയാണ് പ്രതിനിധികള്‍ ജന്മനാട്ടിലേക്ക് മടങ്ങിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിത്യാവേശങ്ങളായ നേതാക്കളുടെ സ്മൃതികുടീരങ്ങളുള്ള പയ്യാമ്പലവും ചരിത്രസ്മാരകമായ സെന്റ് ആഞ്ചലോസ് കോട്ടയും നിരവധി പ്രതിനിധികള്‍ സന്ദര്‍ശിച്ചു. വിദേശപ്രതിനിധികളും പോരാളികളുടെ തട്ടകത്തെ വിസ്മയാദരങ്ങളോടെയാണ് വീക്ഷിച്ചത്.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തൊഴിലാളികളെ ആദരിക്കുകയെന്ന കര്‍മത്തിനും സമ്മേളനം തുടക്കമിട്ടു. 60 കഴിഞ്ഞ അരലക്ഷത്തിലധികം തൊഴിലാളികളെ 200 കേന്ദ്രങ്ങളിലായി നടന്ന പരിപാടിയില്‍ ആദരിച്ചു. കേരളത്തില്‍ ഒഴിവാക്കാനാകാത്ത വിഭാഗമായി മാറിയ അന്യസംസ്ഥാനതൊഴിലാളികളെയും ആദരിച്ചു. പ്രതിനിധികള്‍ക്കായി വടക്കേമലബാറിന്റെ പൈതൃകസമ്പന്നതകളായ തെയ്യം, കോല്‍ക്കളി, പൂരക്കളി എന്നിവയും അവതരിപ്പിച്ചു. തൊഴിലാളിവര്‍ഗനേതാക്കളുടെ ജന്മം കൊണ്ടും കര്‍മം കൊണ്ടും ശ്രദ്ധ നേടിയ കണ്ണൂരിന്റെ ചുവപ്പിനെ ഒരിക്കല്‍കൂടി ജ്വലിപ്പിച്ചാണ് ദേശീയസമ്മേളനത്തിന് കൊടിയിറങ്ങിയത്. രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത ഈ സമ്മേളനത്തിന്റെ വിജയം കാലത്തിന്റെ ചുവരില്‍ സ്പന്ദിച്ചുകൊണ്ടിരിക്കും.
(സതീഷ് ഗോപി)

സംഘാടന മികവിന്റെ വിജയം

കണ്ണൂര്‍: തൊഴിലാളി വര്‍ഗത്തിന്റെ സമ്മേളനം അവിസ്മരണീയമാക്കിയ ആവേശത്തിലും ആഹ്ലാദത്തിലുമാണ് കണ്ണൂര്‍. അഞ്ചു ദിവസത്തെ സിഐടിയു ദേശീയ സമ്മേളനത്തിന് കൊടിയിറങ്ങുമ്പോള്‍ ആദരിക്കപ്പെടുന്നത് ഈ നാടിന്റെ സംഘാടക മികവ്. സദാസമയവും ചലനാത്മകമായ സംഘാടക സമിതിയാണ് സമ്മേളനം മഹത്തരമാക്കിയത്. കണ്ണൂര്‍ ആദ്യമായാണ് ഇത്രയും വിപുലമായ ദേശീയ സമ്മേളനത്തിന് വേദിയായത്. പരിമിതിക്കുള്ളില്‍നിന്ന് സമ്മേളനം സംഭവബഹുലമാക്കിയത് സംഘാടക സമിതിയുടെ ചിട്ടയായ പ്രവര്‍ത്തനമാണ്. "നോക്കി പഠിക്കൂ ഈ സമ്മേളന നടത്തിപ്പെന്ന്" മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി പറഞ്ഞത് വെറുതെയല്ല. നേരിയ പരിഭവംപോലും ഉയരാതെ, എല്ലാം കൃതതയോടെ നിര്‍വഹിച്ച ചാരിതാര്‍ഥ്യത്തിലാണ് സംഘാടക സമിതി.

പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത് മാത്രമാണ് സമ്മേളന നടത്തിപ്പിനുള്ള കൈമുതല്‍. അത് പൂര്‍ണമായി പ്രയോജനപ്പെടുത്താനായി. ഒരു ഘട്ടത്തില്‍ സാമ്പത്തിക ഞെരുക്കം വലിയ തോതില്‍ അനുഭവപ്പെട്ടിട്ടും തളരാതെ മുന്നോട്ടുപോകാന്‍ ഊര്‍ജം പകര്‍ന്നത് കണ്ണൂരിലെ വര്‍ഗ- ബഹുജന സംഘടനകളുടെ ഏകോപിച്ച പ്രവര്‍ത്തനമാണ്. പ്രതിനിധികളുടെ താമസമൊരുക്കുന്നതിലും ഭക്ഷണശാലയിലും പ്രദര്‍ശന നഗരിയിലും പൊതുസമ്മേളന നഗരിയിലും സമ്മേളനഹാളിലും നിയോഗിക്കപ്പെട്ട വളണ്ടിയര്‍മാരുടെ സേവനം പ്രകീര്‍ത്തിക്കപ്പെടേണ്ടതാണ്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഭാഷ സമ്മേളനത്തിന്റെ പൊതുഭാഷയായി മാറ്റി. നവംബര്‍ 27നാണ് സംഘാടക സമിതി രൂപീകരിച്ചത്. അന്നുമുതല്‍ സമ്മേളന ഒരുക്കം തുടങ്ങി. കണ്ണൂര്‍ എന്‍ജിഒ ബില്‍ഡിങ്ങിലെ രാപ്പകല്‍ പ്രവര്‍ത്തിക്കുന്ന സംഘാടക സമിതി ഓഫീസും എണ്ണമറ്റ യോഗങ്ങളും ആലോചനകളുമാണ് സമ്മേളനം വിജയത്തിന്റെ അടിത്തറ. കോടിയേരി ബാലകൃഷ്ണന്‍ ചെയര്‍മാനും കെ പി സഹദേവന്‍ ജനറല്‍ കണ്‍വീനറുമായ 5001 അംഗ സ്വാഗതസംഘത്തിന് കീഴില്‍ പ്രവര്‍ത്തന സജ്ജമായി അണിനിരന്നത് പതിനായിരങ്ങളാണ്. 501 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 20 സബ്കമ്മിറ്റികളും പ്രവര്‍ത്തനത്തെ ഏകോപിപ്പിച്ചു.

സമരമില്ലെങ്കില്‍ എല്ലാം നഷ്ടപ്പെടും: മാവ്റിക്കോസ്

കണ്ണൂര്‍: സംഘടിത സമരങ്ങളില്ലായിരുന്നെങ്കില്‍ യൂറോപ്പിലും അമേരിക്കയിലും തൊഴിലാളിവര്‍ഗത്തിന് എല്ലാം നഷ്ടപ്പെടുമായിരുന്നുവെന്ന് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് മാവ്റിക്കോസ് പറഞ്ഞു. സിഐടിയു ദേശീയ സമ്മേളനത്തിനെത്തിയ അദ്ദേഹം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.

കുറഞ്ഞ വേതനവും സാമൂഹ്യ സുരക്ഷാ പദ്ധതികളും വിദ്യാഭ്യാസ ആനുകൂല്യങ്ങളും സംഘടിക്കാനുള്ള അവകാശവും നിലനില്‍ക്കുന്നത് സമരങ്ങള്‍കൊണ്ടുമാത്രമാണ്. അന്താരാഷ്ട്ര നാണയ നിധിയും യൂറോപ്യന്‍ യൂണിയനും തൊഴിലാളികളുടെ അവകാശങ്ങള്‍ കവരാനാണ് ശ്രമിക്കുന്നത്. സമരങ്ങളില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് വര്‍ത്തമാനവുമില്ല, ഭാവിയുമില്ല. മുതലാളിത്തം കടുത്ത പ്രതിന്ധിയിലാണ്. അതിന്റെ ഭാഗമായാണ് തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത്. തൊഴിലില്ലായ്മയാണ് യൂറോപ്പിലെ ഏറ്റവും വലിയ പ്രശ്നം. ഗ്രീസില്‍ തൊഴിലില്ലായ്മ 35 ശതമാനമാണ്. സ്പെയിനില്‍ 25 ഉം പോര്‍ച്ചുഗലില്‍ 17ശതമാനവും. യൂറോപ്പിലെങ്ങും തൊഴിലാളി സമരങ്ങളുണ്ടെങ്കിലും ഇതിന് വര്‍ഗ സ്വഭാവമോ ഏകോപനമോ കുറവാണ്. യൂറോപ്പില്‍ ഏകോപനകേന്ദ്രമില്ല. പല തന്ത്രങ്ങളുമായാണ് പ്രക്ഷോഭകര്‍ മുന്നോട്ടുപോകുന്നത്. ചില സ്ഥലങ്ങളില്‍ തൊഴിലാളി സംഘടനകള്‍ ബഹുരാഷ്ട്ര കമ്പനികളുടെ കൈയിലെ പാവയാണ്. സാമ്പത്തിക പ്രതിസന്ധി യൂറോപ്പില്‍ വംശീയ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. കുടിയേറ്റ തൊഴിലാളികളാണ് തങ്ങളുടെ പ്രയാസങ്ങള്‍ക്ക് കാരണമെന്ന് പലരും തെറ്റിദ്ധരിക്കുന്നു. നാട്ടുകാര്‍ക്കും കുടിയേറ്റക്കാര്‍ക്കും പൊതുവായ അവകാശങ്ങളും പ്രശ്നങ്ങളുമുണ്ടെന്ന് മാവ്റിക്കോസ് പറഞ്ഞു.

സ്ത്രീ തൊഴിലാളികള്‍ മുന്നണി പോരാളികളാകും: ഹേമലത

സി കണ്ണന്‍ നഗര്‍(കണ്ണൂര്‍): സര്‍ക്കാരിന്റെ ജനവിരുദ്ധ പോരാട്ടങ്ങളില്‍ സ്ത്രീത്തൊഴിലാളികള്‍ മുന്‍നിരയിലുണ്ടാവുമെന്ന് സിഐടിയു സെക്രട്ടറി ഡോ. കെ ഹേമലത പറഞ്ഞു. സ്ത്രീ തൊഴിലാളികള്‍ക്കെതിരെ കടന്നാക്രമണം രാജ്യത്താകമാനം പെരുകുമ്പോള്‍ പോരാട്ടമല്ലാതെ മറ്റു മാര്‍ഗമില്ല. സിഐടിയുവിന്റെ സമരങ്ങളില്‍ സജീവമായതിന് ബംഗാളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അങ്കണവാടി ജീവനക്കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതും പഞ്ചാബില്‍ അങ്കണവാടി വര്‍ക്കര്‍ പൊലീസ് മര്‍ദനത്തില്‍ മരിച്ചതും അടുത്തകാലത്താണ്. അടിച്ചമര്‍ത്തലുകളെയും കടന്നാക്രമണങ്ങളെയും ചെറുത്ത് അങ്കണവാടി ജീവനക്കാരും ആശവര്‍ക്കര്‍മാരും ബീഡിത്തൊഴിലാളികളും ത്യാഗോജ്വലമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഹേമലത പറഞ്ഞു.

വിദ്യാഭ്യാസ വായ്പയെടുത്തവര്‍ ആത്മഹത്യാ മുനമ്പില്‍: ആനത്തലവട്ടം ആനന്ദന്‍

സി കണ്ണന്‍ നഗര്‍(കണ്ണൂര്‍): വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടവിന് ശേഷിയില്ലാത്ത കുടുംബങ്ങളുടെ ആത്മഹത്യയാണ് സംസ്ഥാനത്ത് സംഭവിക്കാന്‍ പോകുന്ന വിപത്തെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. സിഐടിയു ദേശീയ സമ്മേളന സമാപന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ വായ്പയെടുത്ത് പഠിച്ച, കേരളത്തിലെ പരമ്പരാഗത മേഖലയില്‍ പണിയെടുക്കുന്നവരുടെ മക്കള്‍ ജോലി കിട്ടാതെ അലയുകയാണ്. സര്‍ക്കാരിന്റെ ഒരു സബ്സിഡിയുമില്ലാതെ നാടിനെ വര്‍ഷങ്ങളായി താങ്ങിനിര്‍ത്തിയവരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനും സമൂഹത്തിനുമുണ്ട്. 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന സംസ്ഥാനത്ത് അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ 45 ലക്ഷമാണ്. പരമ്പരാഗത തൊഴിലാളികള്‍ വായ്പയെടുത്ത് മക്കളെ പഠിപ്പിച്ചത് മെച്ചപ്പെട്ട ജോലി ലഭിക്കാനാണ.് പരമ്പരാഗത തൊഴിലിലേക്ക് വിടാനല്ലെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

സകലതും കൊള്ളയടിക്കുന്ന ഭരണം:എളമരം കരീം

സി കണ്ണന്‍ നഗര്‍(കണ്ണൂര്‍): എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തുണ്ടാക്കിയ മുഴുവന്‍ നേട്ടങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തട്ടിത്തെറിപ്പിക്കുകയാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.

ആടിയുലയുന്ന ഭൂരിപക്ഷത്തിന്റെ ബലത്തില്‍ സകലതും കൊള്ളയടിക്കുന്ന ഭരണമാണ് യുഡിഎഫിന്റേത്. പരമ്പരാഗത വ്യവസയമായ കൈത്തറിയും ബീഡി വ്യവസായവും ചെത്തുതൊഴിലും പൂര്‍ണമായി തകര്‍ത്തു. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി ക്വാട്ട വെട്ടിക്കുറച്ചു. വൈദ്യുതി മേഖല കുത്തഴിഞ്ഞു. വൈദ്യുതിയില്ലാത്ത നാട്ടില്‍ ഒരു നിക്ഷേപവും വരില്ല. 2014 മാര്‍ച്ചോടെ വാട്ടര്‍ അതോറിറ്റിയുണ്ടാവില്ല. പൊതുമേഖലയെ പൂര്‍ണമായി ഇല്ലാതാക്കി. രണ്ടുവര്‍ഷത്തെ യുഡിഎഫ് ഭരണം ജനങ്ങള്‍ക്ക് സമ്മാനിച്ചത് ദുരിതം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 090413

No comments:

Post a Comment