Wednesday, April 17, 2013
ഓപ്പണ്‍ സ്കൂള്‍ ആസ്ഥാനവും മലപ്പുറത്തേക്ക്
സംസ്ഥാന ഓപ്പണ്‍ സ്കൂള്‍ ആസ്ഥാനം മലപ്പുറത്തേക്ക് മാറ്റാന്‍ തീരുമാനം. നിലവില്‍ തലസ്ഥാനത്ത് എന്‍സിഇആര്‍ടിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആസ്ഥാനം മാറ്റുന്നതിന് വിദ്യാഭ്യാസ വകുപ്പിനോ ഓപ്പണ്‍ സ്കൂള്‍ അധികൃതര്‍ക്കോ വ്യക്തമായ കാരണം പറയാനില്ല. ആദ്യപടിയായി മലപ്പുറത്ത് റീജണല്‍ കേന്ദ്രം ആരംഭിക്കാനാണ് തീരുമാനം. ചൊവ്വാഴ്ച തലസ്ഥാനത്ത് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്ഇആര്‍ടി ഗവേണിങ് ബോഡി യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തു. മൂന്ന് കോടി രൂപയും അനുവദിച്ചു. തിരുവനന്തപുരം ആസ്ഥാനത്തിന് മുന്‍ സര്‍ക്കാര്‍ അനുവദിച്ച തുക വകമാറ്റിയാണ് ഇപ്പോള്‍ ഈ തുക അനുവദിച്ചത്. ഓപ്പണ്‍ സ്കൂളിന് നിലവില്‍ 42 കോടി രൂപയുടെ ആസ്തിയുണ്ട്. ഓപ്പണ്‍ സ്കൂളില്‍ മലബാര്‍ മേഖലയിലാണ് കൂടുതല്‍ വിദ്യാര്‍ഥികളുള്ളതെന്നാണ് ആസ്ഥാനമാറ്റത്തിന് ന്യായീകരണം. എന്നാല്‍, 14 ജില്ലാ കേന്ദ്രങ്ങളിലും ഓപ്പണ്‍ സ്കൂളിന് സെന്ററുകളുണ്ട്.
മുന്‍ സര്‍ക്കാര്‍ ഓപ്പണ്‍സ്കൂള്‍ രജിസ്ട്രേഷന്‍ ഉള്‍പ്പെടെ മുഴുവന്‍ നടപടികളും ഓണ്‍ലൈന്‍ ആക്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്വരെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍സൗകര്യം ഒരുക്കിയതിനാല്‍ ജില്ലാകേന്ദ്രത്തെ സമീപിക്കേണ്ട ആവശ്യം പോലുമില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഓപ്പണ്‍സ്കൂള്‍ പുനഃസംഘടിപ്പിച്ച് "സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ്ലോങ് എഡ്യുക്കേഷന്‍ (സ്കോള്‍, കേരള) ആക്കി ഉത്തരവിറക്കിയിരുന്നു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഇത് രജിസ്റ്റര്‍ ചെയ്തില്ല. മാറ്റമുണ്ടാകില്ലെന്ന് മന്ത്രി യുഡിഎഫ് സംഘടനകള്‍ക്ക് ഉള്‍പ്പെടെ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍, മുസ്ലിംലീഗ് അധ്യാപക സംഘടനകളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ആദ്യം റീജണല്‍ കേന്ദ്രമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
മറ്റ് അധ്യാപകസംഘടനകളുടെ പ്രതിഷേധം ഭയന്നാണ് ചൊവ്വാഴ്ച ഗവേണിങ് ബോഡി യോഗം എസ്ഇആര്‍ടി ആസ്ഥാനത്തുനിന്ന് മസ്കറ്റ് ഹോട്ടലിലേക്ക് മാറ്റിയത്. മലപ്പുറത്ത് ഓപ്പണ്‍സ്കൂള്‍ കേന്ദ്രം കൊണ്ടുവരുന്നതിന്റെ മുന്നോടിയായി കലക്ടറേറ്റിന് സമീപം 50 സെന്റ് സ്ഥലം അനുവദിക്കാന്‍ ലീഗ് എംഎല്‍എ ഉബൈദുള്ള സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഫയല്‍ ഇപ്പോള്‍ റവന്യു വകുപ്പിലാണ്. സ്ഥലം അനുവദിക്കാന്‍ വൈകുന്നതുകൊണ്ടാണ് സ്ഥലത്തിനും കെട്ടിടത്തിനും മൂന്ന് കോടി അനുവദിച്ചത്. ഈ തുക ഉപയോഗിച്ച് ഒരു ലീഗ് പ്രാദേശികനേതാവിന്റെ സ്ഥലം വിലയ്ക്ക് വാങ്ങാനുള്ള നീക്കവും നടക്കുന്നുണ്ട്. അതുവരെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനം. ലക്ഷങ്ങളുടെ കോഴ മുന്നില്‍ക്കണ്ട് റീജണല്‍ കേന്ദ്രത്തിനായി ലീഗ് അധ്യാപകസംഘടനാ നേതാക്കളും മന്ത്രിയുടെ ഓഫീസിലെ ചില ജീവനക്കാരുമാണ് ചരടുവലിച്ചത്. ലീഗ് എംഎല്‍എയുടെ ബന്ധുവിനെ ഓപ്പണ്‍ സ്കൂള്‍ കോ-ഓര്‍ഡിനേറ്ററാക്കാനും നീക്കം നടത്തുന്നുണ്ട്.
deshabhimani 170413
Subscribe to:
Post Comments (Atom)
No comments:
Post a Comment