Thursday, April 17, 2014

സര്‍ക്കാരിന്റെ വിഷു സമ്മാനം ചായംപൂശിയ മട്ട

വിഷുവിന് മാവേലി സ്റ്റോറുകളിലൂടെ ചായംപൂശിയ മട്ട അരി വിതരണം ചെയ്തെന്ന് പരാതി. കോഴിക്കോട് ജില്ലയിലെ വിവിധ മാവേലി സ്റ്റോറുകളില്‍നിന്ന് അരി വാങ്ങിയവരാണ് വഞ്ചിതരായത്. അരി കഴുകിയപ്പോള്‍ പുറമെയുള്ള ചുവപ്പുനിറം ഒലിച്ചുപോകുകയും കൈയില്‍ റെഡ് ഓക്സൈഡ് പറ്റിപ്പിടിക്കുകയും ചെയ്തെന്നാണ് പരാതി. വിഷുവിന് കുത്തരിച്ചോറുണ്ണാനുള്ള നിരവധി കുടുംബങ്ങളുടെ ആഗ്രഹമാണ് ഇതുമൂലം നടക്കാതെ പോയത്. നിലവാരം കുറഞ്ഞ സാധനങ്ങള്‍ നല്‍കിയതിന് സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ചില സ്വകാര്യമില്ലുകളില്‍നിന്നടക്കം സപ്ലൈകോ മട്ട അരി വാങ്ങുന്നുണ്ടെന്നാണ് വിവരം.

റേഷന്‍ കടകളില്‍നിന്ന് എട്ടു രൂപയ്ക്കും ഒമ്പതു രൂപയ്ക്കും കിട്ടുന്ന നിലവാരം കുറഞ്ഞ അരി പോളിഷ് ചെയ്ത് കളര്‍ പൂശി മട്ട അരി എന്ന ലേബലില്‍ വില്‍ക്കുന്ന തട്ടിപ്പുകമ്പനികള്‍ ഈ മേഖലയില്‍ സജീവമാണ്. ഇത്തരം കമ്പനികളുമായി സര്‍ക്കാര്‍ ഒത്താശയോടെ അവിഹിത കരാറുണ്ടാക്കിയാണ് മട്ട അരി സംഭരിക്കുന്നത്. കൃഷിക്കാരില്‍നിന്ന് സംഭരിക്കുന്ന നെല്ലുപയോഗിച്ചാണ് സപ്ലൈകോ മട്ട അരി വിതരണം ചെയ്തിരുന്നത്. എന്നാല്‍ സപ്ലൈകോയുടെ പിടിപ്പുകേടിനെത്തുടര്‍ന്ന് മാസങ്ങളായി മാവേലി സ്റ്റോറുകളില്‍ മട്ട അരി കണികാണാനില്ല. സാധനങ്ങളെല്ലാം സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും പൊതുവിപണിയില്‍നിന്നും കൂടിയവിലയ്ക്ക് വാങ്ങുകയാണ്.

അരി സ്ഥിരമായി സ്വകാര്യ മില്ലുകളില്‍നിന്നാണ് കിലോയ്ക്ക് 27 രൂപവച്ച് വാങ്ങുന്നത്. 21 രൂപയ്ക്കാണ് സബ്സിഡി നിരക്കില്‍ മാവേലി സ്റ്റോറിലൂടെ വിതരണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗുണനിലവാരം ഉറപ്പുവരുത്തിയാണ് മാവേലി സ്റ്റോറുകളിലൂടെ നിത്യോപയോഗ സാധനങ്ങള്‍ യഥേഷ്ടം വിതരണം ചെയ്തിരുന്നത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം സ്റ്റോറുകള്‍ കാലിയായിത്തുടങ്ങി. ഉത്സവ സീസണുകളില്‍ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഉപയോഗപ്രദമായിരുന്ന സപ്ലൈകോ ചന്തകള്‍ പേരിനുമാത്രമായി. അവശ്യസാധനങ്ങളൊന്നും സ്റ്റോറളകിലില്ല. അതുകൊണ്ടുതന്നെ മുന്‍വര്‍ഷങ്ങളിലുള്ള വില്‍പ്പനയുടെ നാലിലൊന്നുപോലും ഇത്തവണയുണ്ടായില്ല. വിലക്കയറ്റത്തിന്റെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് പൊതുവിതരണ സംവിധാനം നോക്കുകുത്തിയായതോടെ വിഷുനാള്‍ വറുതിയുടേതായി. റേഷന്‍കടകളിലടക്കം സാധനങ്ങള്‍ കാലിയായിരുന്നു.

deshabhimani

No comments:

Post a Comment