Monday, February 24, 2014

വോട്ട് സുരക്ഷയ്ക്ക് ഭക്ഷ്യസുരക്ഷാ പരസ്യം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താനുള്ള പിടിവള്ളി തേടി യുപിഎ സര്‍ക്കാര്‍ കോടികളുടെ "പെയ്ഡ് ന്യൂസ്" നല്‍കുന്നു. എല്ലാ പൗരന്മാര്‍ക്കും നിയമംമൂലം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയെന്ന് അവകാശപ്പെടുന്ന ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പ്രചാരണാര്‍ഥം ഞായറാഴ്ച ഒരു മലയാളപത്രത്തില്‍ ലക്ഷങ്ങള്‍ പൊടിച്ചാണ് മുഴുനീളെ പേജ് "പെയ്ഡ് ന്യൂസ്" അവതരിപ്പിച്ചത്. പരസ്യമാണെങ്കിലും വാര്‍ത്തകളെന്ന് തോന്നിപ്പിക്കും വിധമുള്ള ശൈലിയില്‍ പത്രത്തിന്റെ തനത് ലിപിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പണം കൊടുത്ത് വാര്‍ത്ത സൃഷ്ടിക്കുന്ന "പെയ്ഡ് ന്യൂസി"നെ വെല്ലുന്നതാണ് ഉള്ളടക്കം. പേജിന്റെ മൂലയിലൊരിടത്ത് അഡ്വെര്‍ട്ടോറിയല്‍ എന്ന് ഇംഗ്ലീഷില്‍ ചെറുതായി സൂചനയുള്ളതാണ് സംഗതി പരസ്യമാണെന്ന് തിരിച്ചറിയാനുള്ള ഏകമാര്‍ഗം.

ഭക്ഷ്യവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി കെ വി തോമസിനെ വാഴ്ത്തുന്ന ഉള്ളടക്കം ഏതാണ്ട് കണക്കുകളുടെ കസര്‍ത്താണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പായതിനാല്‍ കോടികള്‍ ചെലവഴിച്ചുള്ള പ്രചാരണം തെരഞ്ഞെടുപ്പ് ചെലവില്‍ വരില്ല. "ഭക്ഷണം ജനങ്ങളിലേക്ക്" എന്ന തലക്കെട്ടില്‍ ലീഡ് വാര്‍ത്തയ്ക്ക് സമാനമായി വിന്യസിച്ച ലേഖനത്തില്‍ ഭക്ഷ്യസുരക്ഷാ നിയമനിര്‍മാണത്തിനായുള്ള തോമസിന്റെ ത്യാഗത്തെ വാഴ്ത്തുന്നുണ്ട്. പേജിലെ മൂന്ന് ചിത്രങ്ങളും തെരഞ്ഞെടുപ്പ് കാലത്തായിരുന്നെങ്കില്‍ ചട്ട ലംഘനമാകുന്നതുമാണ്. റോമില്‍വച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ കോപ്പി നല്‍കുന്നതാണ് ആദ്യ ചിത്രം. പാര്‍ലമെന്റില്‍ സോണിയ ഗാന്ധിയുടെ പ്രസംഗം തോമസ് കേട്ടിരിക്കുന്നതാണ് രണ്ടാമത്തെ ചിത്രം. രാഷ്ട്രപതിക്ക് പുസ്തകം സമ്മാനിക്കുന്ന ചിത്രമാണ് മൂന്നാമത്തേത്.

പാര്‍ലമെന്റില്‍ ഭക്ഷ്യസുരക്ഷാ ബില്‍ കൊണ്ടുവരികയും ശബ്ദവോട്ടിന്റെ സഹായത്താല്‍ നിയമമാക്കുകയും ചെയ്തത് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ നൂറുദിവസത്തിനകം ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കുമെന്നായിരുന്നു ആദ്യ നയപ്രഖ്യാപനപ്രസംഗത്തിലെ വാഗ്ദാനം. ഇതിനുശേഷം 1500 ദിവസം കഴിഞ്ഞാണ് ബില്‍ കൊണ്ടുവന്നത്. ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കുക എന്നതിനേക്കാള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിയമം പാസാക്കി രാഷ്ട്രീയസുരക്ഷ ഉറപ്പാക്കുകയായിരുന്നു യുപിഎയുടെ ഉദ്ദേശ്യം. പാര്‍ലമെന്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതുതന്നെ അനുചിതമായ നടപടിയാണ്. യുപിഎയുടെ രാഷ്ട്രീയ ഉദ്ദേശ്യവും ആത്മാര്‍ഥതയില്ലായ്മയും പ്രതിഫലിപ്പിക്കുന്നതാണ് ഭക്ഷ്യസുരക്ഷാനിയമമെന്ന് കോടികള്‍ മുടക്കിയുള്ള പരസ്യവും തെളിയിക്കുന്നു.

പരസ്യം മന്ത്രിയുടെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍

യുപിഎ ഭരണത്തില്‍ കേരളത്തിലെ പൊതുവിതരണ സംവിധാനം മെച്ചപ്പെട്ടെന്ന അവകാശവാദത്തോടെ കേന്ദ്ര ഉപഭോക്തൃ-ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം നല്‍കിയ മുഴുപേജ് പരസ്യം കേന്ദ്രമന്ത്രി കെ വി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റര്‍. തെരഞ്ഞെടുപ്പ് പ്രചാരണം നോട്ടമിട്ട് കേന്ദ്രസര്‍ക്കാര്‍ ചെലവില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലെ അവകാശവാദങ്ങളത്രയും വസ്തുതാവിരുദ്ധമാണ്. റേഷന്‍കടകള്‍ നോക്കുകുത്തികളാവുകയും പൊതുവിതരണ സംവിധാനം അമ്പേ പരാജയപ്പെടുകയും ചെയ്തത് മറച്ചുവെച്ചാണ് സര്‍ക്കാര്‍ ചെലവില്‍ തെരഞ്ഞെടുപ്പു പ്രചാരണം. എഫ്സിഐ ഗോഡൗണുകളില്‍ ഇത്രയേറെ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുന്നത് ഇതാദ്യമാണ്. കേരളത്തില്‍ പ്രതിമാസ ഭക്ഷ്യധാന്യവിഹിതം 1,22,724 ടണ്ണാണെന്നാണ് പരസ്യത്തിലെ ലേഖനം അവകാശപ്പെടുന്നത്. എന്നാല്‍, 1.65 ലക്ഷം ടണ്‍ ഉണ്ടായിരുന്നത് ഏതാനും മാസം മുമ്പ് വെട്ടിക്കുറച്ചത് മന്ത്രി മറച്ചുവയ്ക്കുന്നു.

 യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ആദിവാസി, മത്സ്യത്തൊഴിലാളി മേഖലകളില്‍ പഞ്ഞമാസങ്ങളിലെ സൗജന്യ അരിവിതരണം ഉപേക്ഷിക്കുകയായിരുന്നു. ബിപിഎല്‍ കാര്‍ഡിന് ഒരു രൂപ നിരക്കിലുള്ള 25 കിലോ അരി 18 ആയി കുറയ്ക്കാന്‍ നീക്കമുണ്ടായപ്പോള്‍ ഇടതുപക്ഷം ഉള്‍പ്പെടെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിയപ്പോഴാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ പ്രതിമാസ വിതരണവും ഉത്സവകാലങ്ങളില്‍ അനുവദിച്ച പ്രത്യേക ക്വാട്ടയും അടക്കം കള്ളക്കണക്കുകള്‍ നിരത്തിയാണ് പരസ്യത്തിലെ അവകാശവാദം. പ്രതിമാസവിഹിതത്തിനു പുറമെ 2011-12ല്‍ 1,19,168 ടണ്ണും 2012-13ല്‍ 3,06,104 ടണ്ണും 2013-14ല്‍ 1,19,168 ടണ്ണും ഭക്ഷ്യധാന്യം അനുവദിച്ചതായി കെ വി തോമസ് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ നല്ലൊരു ഭാഗം കാര്‍ഡ് ഉടമകള്‍ക്ക് ലഭിച്ചില്ലെന്നത് യാഥാര്‍ഥ്യമാണ്. മണ്ണെണ്ണവിതരണം ഏറെക്കുറെ ഇല്ലാതായി. വൈദ്യുതീകരിച്ച വീടുകള്‍ക്കുള്ള രണ്ടു ലിറ്റര്‍ മണ്ണെണ്ണ അര ലിറ്ററാക്കി. ഉത്സവ സീസണുകളില്‍ ഉള്‍പ്പടെ പഞ്ചസാര കിട്ടാനില്ല. എപിഎല്‍ ഗോതമ്പ് മൂന്നുമാസമായി ലഭിക്കുന്നില്ല. റേഷന്‍ വിതരണത്തിനുള്ള അരിയും ഗോതമ്പും മൊത്ത വ്യാപാരികള്‍ മുഖേന വന്‍തോതില്‍ കരിഞ്ചന്തയിലേക്ക്് പോയി. ഇതുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഒതുക്കി.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ആളോഹരി ഭക്ഷ്യധാന്യം പരമാവധി അഞ്ചു കിലോയാണ്. നാലു പേരുള്ള കുടുംബത്തില്‍ 20 കിലോയും രണ്ടു പേരുള്ള കുടുംബത്തില്‍ പത്തുകിലോയുമാകും പരമാവധി കിട്ടുക. ഈ മാനദണ്ഡം പാലിച്ചാല്‍ നിലവില്‍ റേഷന്‍ കിട്ടുന്നവരില്‍ 53 ശതമാനവും പുറത്താകുമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന് പ്രത്യേക പാക്കേജ് ആവിഷ്കരിക്കണമെന്ന ആവശ്യം യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. കേന്ദ്രം പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമം അതേപടി കേരളത്തില്‍ നടപ്പാക്കിയാല്‍ പാവപ്പെട്ടവര്‍ക്ക് കനത്ത ദ്രോഹമാകുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജോണി നെല്ലൂര്‍ പറഞ്ഞു.

വി എം രാധാകൃഷ്ണന്‍

കെ വി തോമസിനെതിരെ സിപിഐ എം നിയമനടപടിക്ക്

കൊച്ചി: അധികാര ദുര്‍വിനിയോഗം നടത്തി കേന്ദ്രസര്‍ക്കാര്‍ ചെലവില്‍ പരസ്യം നല്‍കിയ കേന്ദ്രമന്ത്രി കെ വി തോമസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി പ്രസ്താവനയില്‍ പറഞ്ഞു. "ഉണരൂ ഉപഭോക്താവേ ഉണരൂ" എന്ന പേരിലുള്ള പത്രപരസ്യം അധികാരദുര്‍വിനിയോഗത്തിന്റെ നേര്‍സാക്ഷ്യമാണ്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ താല്‍പ്പര്യങ്ങളാണ് ഇതിനുപിന്നില്‍. ഭക്ഷണം പൗരന്റെ അവകാശമാക്കിയതാണ് നിയമത്തിന്റെ നേട്ടമെന്നും ധാന്യശേഖരം കൂടിയെന്നും കേരളത്തിന് കൂടുതല്‍ ഭക്ഷ്യധാന്യം ഉറപ്പാക്കിയെന്നുമുള്ള പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. പൊതുജന താല്‍പ്പര്യാര്‍ഥം കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയമാണ് പരസ്യം പ്രസിദ്ധീകരിച്ചത്.

deshabhimani

No comments:

Post a Comment