Saturday, February 22, 2014

കെട്ടിക്കിടക്കുന്നത് 3.32 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം

പഴകിയവ നശിപ്പിച്ചിട്ടും സംസ്ഥാനത്തെ എഫ്സിഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് 3.32 ലക്ഷം ടണ്‍ അരിയും ഗോതമ്പും. കഴിഞ്ഞ സീസണില്‍ വടക്കേ ഇന്ത്യയില്‍ മികച്ച വിളവ് കിട്ടിയതിനാല്‍ ഏതുസമയത്തും കൂടുതല്‍ സ്റ്റോക്കെത്തും. അതേസമയം, ഭക്ഷ്യധാന്യം കെട്ടിക്കിടക്കുമ്പോഴും പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കാന്‍ നടപടിയില്ല. ഭക്ഷ്യധാന്യം കെട്ടിക്കിടക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്റിലടക്കം ആക്ഷേപം ഉര്‍ന്നതിനെത്തുടര്‍ന്ന് പഴക്കംചെന്ന അരിയും ഗോതമ്പും വന്‍തോതില്‍ നശിപ്പിച്ചിരുന്നു. കേരളത്തില്‍ ആയിരക്കണക്കിന് ടണ്‍ നശിപ്പിച്ചതായി കേന്ദ്രമന്ത്രി കെ വി തോമസ് പറഞ്ഞു.

സംസ്ഥാനത്ത് ഒമ്പത് ജില്ലാ കേന്ദ്രങ്ങളിലടക്കം 22 എഫ്സിഐ ഗോഡൗണുകളുടെ പരമാവധി സംഭരണശഷി 5,46,000 ടണ്‍ ആണ്. ഈയിടെ രണ്ട് ഗോഡൗണ്‍കൂടി തുറന്നതോടെയാണ് സംഭരണശേഷി ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം സംഭരണം ആറുലക്ഷം പിന്നിട്ടിരുന്നു. വരാന്തകളിലും മറ്റും ഭക്ഷ്യധാന്യം മഴകൊണ്ട് നശിക്കുകയാണ്. സ്റ്റോക്ക് ചെയ്ത് ഒരുവര്‍ഷം കഴിഞ്ഞാല്‍ ഗുണനിലവാരം കുറയുമെന്നിരിക്കെ പരിശോധനയില്‍ 2010 മുതലുള്ള സ്റ്റോക്കാണ് പല ഗോഡൗണുകളിലും കണ്ടെത്തിയത്. തുടര്‍ന്നാണ് നശിപ്പിക്കാന്‍ നടപടിയെടുത്തത്. ആയിരക്കണക്കിന് ടണ്‍ നശിപ്പിച്ചിട്ടും 3,32,079 ടണ്‍ സംസ്ഥാനത്തെ ഗോഡൗണുകളില്‍ സ്റ്റോക്കുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ പുഴുക്കലരി 1,71,271 ടണ്ണും പച്ചരി 58,981 ടണ്ണും ഗോതമ്പ് 1,01,826 ടണ്ണുമാണ്.

ഔദ്യോഗിക കണക്കിനേക്കാള്‍ കൂടുതല്‍ സ്റ്റോക്കുണ്ടെന്നും ഭക്ഷ്യധാന്യം കെട്ടിക്കിടക്കുന്ന കാര്യം തെരഞ്ഞെടുപ്പ് പ്രമാണിച്ച് മറച്ചുവയ്ക്കാനാണ് മനേജ്മെന്റ് ശ്രമമെന്നും തൊഴിലാളികള്‍ പറഞ്ഞു. അരിയും ഗോതമ്പുമായി പ്രതിമാസം ഒരുലക്ഷത്തോളം ടണ്‍ റേഷനാണ് വിതരണത്തിനായി പോകുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് 1,85,000 ടണ്‍ വരെ വിതരണം ചെയ്തിരുന്നു. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം ഇനിയും താഴും. ഇതിനിടെ എപിഎല്‍ വിഭാഗക്കാരുടെ ഗോതമ്പ് വെട്ടിക്കുറച്ചത് പ്രതിഷേധങ്ങള്‍ക്കിടയാക്കി. ഇത് ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചെങ്കിലും നല്‍കിത്തുടങ്ങിയിട്ടില്ല. റേഷന്‍ സംവിധാനം അട്ടിമറിക്കുന്നതിനെതിരെ റേഷന്‍ വ്യാപാരികളും സമരരംഗത്താണ്.

വി എം രാധാകൃഷ്ണന്‍ deshabhimani

No comments:

Post a Comment