Monday, February 17, 2014

ഭക്ഷ്യമന്ത്രിയും പാര്‍ടി ചെയര്‍മാനും ഒത്തുകളിക്കുന്നു; 17 ദിവസമായി റേഷന്‍കട കാലി

റേഷന്‍കടക്കാരുടെ സമരം 17-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും സമരം തീര്‍ക്കാതെ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബും സമരത്തിന് നേതൃത്വംനല്‍കി അദ്ദേഹത്തിന്റെ പാര്‍ടി ചെയര്‍മാന്‍ ജോണി നെല്ലൂരും ഒത്തുകളിക്കുന്നു. രാജ്യത്തെ ഭക്ഷ്യോല്‍പ്പാദനം റെക്കോഡ് വര്‍ധനയിലേക്ക് കടക്കുമ്പോഴും കേരളത്തിലെ റേഷന്‍കടകള്‍ ശൂന്യമാണ്. ഉല്‍പ്പാദനമേറിയ സാഹചര്യത്തില്‍ പൊതുവിപണിയില്‍ അരിവില കുറയേണ്ടതിനുപകരം കേരളത്തിലെ സാഹചര്യം മുതലെടുത്ത് വില ഉയര്‍ത്താന്‍ കച്ചവടക്കാരും തക്കം പാര്‍ക്കുന്നു.

കംപ്യൂട്ടര്‍വല്‍ക്കരണം ഏര്‍പ്പെടുത്തുംമുമ്പ് തങ്ങള്‍ക്ക് മതിയായ വരുമാനം ഉറപ്പുവരുത്തുക എന്നതാണ് റേഷന്‍കടക്കാരുടെ പ്രധാന ആവശ്യം. ഫെബ്രുവരി ഒന്നുമുതല്‍ ഇവര്‍ ഓര്‍ഡര്‍ ബഹിഷ്കരിച്ചതോടെ ഭൂരിപക്ഷം റേഷന്‍കടകളും കാലിയായി. ശനിയാഴ്ചമുതല്‍ കടയടപ്പ് സമരവും ആരംഭിച്ചു. ജോണി നെല്ലൂരും അനൂപ് ജേക്കബ്ബും പരസ്പരം വിമര്‍ശിച്ച് പ്രസ്താവന ഇറക്കുന്നതല്ലാതെ സമരം തീര്‍ക്കാനുള്ള നടപടി ഉണ്ടാകുന്നില്ല. സമരത്തിന് മുഖ്യനേതൃത്വം നല്‍കുന്ന ഓള്‍ കേരള റീടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ പ്രസിഡന്റാണ് ജോണി നെല്ലൂര്‍. കേന്ദ്രഭക്ഷ്യമന്ത്രി കെ വി തോമസാകട്ടെ മന്ത്രിയാകുംമുമ്പ് 25 വര്‍ഷത്തോളം ഈ സംഘടനയുടെ പ്രസിഡന്റായിരുന്നു.

മറ്റ് രണ്ട് സംഘടനകളും സമരരംഗത്തുണ്ട്. ചില ചെറു സംഘടനകള്‍ സമരത്തില്‍നിന്ന് പിന്മാറിയെങ്കിലും നിലവില്‍ 14,200ലേറെ കടക്കാരില്‍ 90 ശതമാനത്തിലേറെയും സമരരംഗത്താണ്. ഭരണകക്ഷിയുടെ ഭാഗമായ ജോണി നെല്ലൂരിനും കൂട്ടര്‍ക്കും പ്രശ്നം മന്ത്രിസഭയുടെയോ യുഡിഎഫിന്റെയോ ശ്രദ്ധയില്‍പ്പെടുത്താന്‍ ആവോളം സമയമുണ്ടായിരുന്നു. ഇത് ചെയ്യാതെ കടക്കാരെ സമരത്തിലേക്ക് നയിക്കുകയായിരുന്നെന്നാണ് പ്രധാന വിമര്‍ശം. ഒരുഘട്ടത്തില്‍ റേഷന്‍മേഖലയുടെ തകര്‍ച്ചയെക്കുറിച്ചും അനൂപിനെ കുറ്റപ്പെടുത്തിയും കെ വി തോമസ് പ്രസ്താവന ഇറക്കിയപ്പോള്‍ എതിര്‍ പ്രസ്താവനയുമായും ജോണി നെല്ലൂര്‍ രംഗത്തുവന്നിരുന്നു.

ഇദ്ദേഹവും അനൂപും ചേരിതിരിഞ്ഞുള്ള ഇപ്പോഴത്തെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന ആക്ഷേപത്തെ ശരിവയ്ക്കുന്നതാണിത്. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ഒടുവിലത്തെ കണക്കുപ്രകാരം രാജ്യത്തെ ഭക്ഷ്യോല്‍പ്പാദനം സര്‍വകാല റെക്കോഡിലേക്കാണ് നീങ്ങുന്നത്. ജൂണില്‍ അവസാനിക്കുന്ന സീസണില്‍ ഇന്ത്യയില്‍ 26.32 കോടി ടണ്‍ ഭക്ഷ്യധാന്യത്തിന്റെ ഉല്‍പ്പാദനമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്്. ഇതിലും ഉല്‍പ്പാദനം കുറഞ്ഞ കഴിഞ്ഞതവണ ലോകത്തെ അരി കയറ്റുമതിയില്‍ റെക്കോഡ് നേട്ടമാണ് ഇന്ത്യ കൈവരിച്ചത്. എന്നാല്‍ ഇപ്പോഴും കേരളത്തിലെ റേഷന്‍ കടകള്‍ കാലിയാണ്. ഗോതമ്പാകട്ടെ ഭൂരിപക്ഷം പേര്‍ക്കും പേരിനുപോലും നല്‍കുന്നില്ല. സംസ്ഥാനത്തുനിന്ന് കേന്ദ്രഭക്ഷ്യമന്ത്രി ഉള്ളപ്പോഴാണ് ഈ സ്ഥിതി.

കാര്‍ഡൊന്നിന് ഇവിടെ പേരിന് അരലിറ്റര്‍ മണ്ണെണ്ണ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഉല്‍പ്പാദനവര്‍ധനയുടെ സാഹചര്യത്തില്‍ കേരളത്തിലെ അരിവില ഗണ്യമായി കുറയേണ്ടതാണ്. എന്നാല്‍, ജയ അരിക്ക് മൊത്തവില 32 രൂപവരെയും സുരേഖ, കുറുവ അരിക്ക് 31 രൂപവരെയുമാണ്. എല്‍ഡിഎഫ് ഭരണകാലത്ത് പൊതുവിപണിയിലെ അരിയുടെ ഏറ്റവും ഉയര്‍ന്ന വില 21 രൂപയായിരുന്നു. എന്നാല്‍, സമരത്തിന്റെ സാഹചര്യത്തില്‍ വില ഇനിയും ഉയര്‍ത്താനാണ് കച്ചവടക്കാരുടെ നീക്കം.

കംപ്യൂട്ടറൈസേഷന്‍ അട്ടിമറിക്കും

തിരു: റേഷന്‍ വ്യാപാരമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ നടപ്പാക്കുന്ന കംപ്യൂട്ടറൈസേഷന്‍ അട്ടിമറിക്കപ്പെടുമെന്നും ഉറപ്പായി. തിരുവനന്തപുരത്തെ ആറു കടകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ കംപ്യൂട്ടര്‍വല്‍ക്കരണം അടുത്ത സാമ്പത്തികവര്‍ഷം പകുതി റേഷന്‍കടകളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. രണ്ടു വര്‍ഷത്തിനകം സംസ്ഥാനമാകെ പദ്ധതി പൂര്‍ണമാക്കുമെന്നും മന്ത്രി പറയുന്നു.

റേഷന്‍ വ്യാപാരികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. കിലോയ്ക്ക് 60 പൈസയായി കമീഷന്‍ വര്‍ധിപ്പിച്ചത് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കമീഷന്‍ രണ്ടു രൂപയാക്കിയാല്‍ പോലും 500 കാര്‍ഡുള്ള റേഷന്‍കടക്കാരന് ലഭിക്കുന്ന ശരാശരി വരുമാനം 10,000 രൂപയായിരിക്കും. ഇതില്‍നിന്ന് വേണം വാടകയും ജോലിക്കാരന്റെ ശമ്പളവും മറ്റു ചെലവുകളും വഹിക്കാന്‍. ഉദ്യോഗസ്ഥരുടെ മാസപ്പടിയാണ് ഏറ്റവും വലിയ പ്രശ്നം. കാര്‍ഡ് ഒന്നിന് 10 രൂപയാണ് മാസപ്പടി. ഇതില്‍ അഞ്ചുരൂപ റേഷനിങ് ഇന്‍സ്പെക്ടര്‍ക്കും മൂന്നു രൂപ താലൂക്ക് സപ്ലൈ ഓഫീസര്‍ക്കും രണ്ടു രൂപ ജില്ലാ സപ്ലൈ ഓഫീസര്‍ക്കും ഉള്ള വിഹിതമാണ്. ഒരു വിഹിതം ഉന്നത തലങ്ങളിലേക്കും എത്തും. പ്രശ്നങ്ങള്‍ പരിഹരിക്കാതെയുള്ള കംപ്യൂട്ടര്‍വല്‍ക്കരണനീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതും ദുരുദ്ദേശ്യപരമാണെന്ന് ചൂണ്ടിക്കാട്ടുന്നു. കോടികളുടെ കമീഷനാണ് തിരക്കിട്ട കംപ്യൂട്ടര്‍വല്‍ക്കരണത്തിനു പിന്നിലെന്ന് അറിയുന്നു.

ആര്‍ സാംബന്‍

ഷഫീഖ് അമരാവതി deshabhimani

No comments:

Post a Comment