Sunday, April 27, 2014

ഭക്ഷ്യധാന്യം വെട്ടിക്കുറച്ചു; മാനസികാരോഗ്യകേന്ദ്രങ്ങളിലെ രോഗികള്‍ പട്ടിണിയിലേക്ക്

കോഴിക്കോട്: സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ രോഗികള്‍ തിങ്കളാഴ്ച മുതല്‍ പട്ടിണിയിലാവും. സിവില്‍ സപ്ലൈസ് വകുപ്പ് ധാന്യങ്ങളുടെ അളവ് വെട്ടിക്കുറച്ചതാണ് മൂന്ന് സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ രോഗികളെ പട്ടിണിയിലേക്ക് തള്ളിവിടുന്നത്. രോഗികള്‍ എപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണെന്ന ന്യായം പറഞ്ഞാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ക്രൂരമായ നടപടി. ഒരു ദിവസം ഒരു രോഗിക്ക് 250 ഗ്രാം അരിയും 120 ഗ്രാം ഗോതമ്പുമാണ് അനുവദിച്ചിരുന്നത്. ഇത് യഥാക്രമം 70 ഗ്രാം അരിയും 25 ഗ്രാം ഗോതമ്പുമായി വെട്ടിക്കുറച്ചു.

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ 3000 കിലോ ഗ്രാം അരിയും 700 കിലോ ഗ്രാം ഗോതമ്പുമാണ് ഏപ്രില്‍ ഒന്നുമുതല്‍ വെട്ടിക്കുറച്ചത്. ഇതുവരെ 7500 കിലോ ഗ്രാം അരിയും 3000 കിലോ ഗ്രാം ഗോതമ്പുമാണ് ലഭിച്ചിരുന്നത്. ശനിയാഴ്ചത്തെ കണക്കുപ്രകാരം 688 രോഗികളാണ് ഇവിടെയുള്ളത്. ചില സമയങ്ങളില്‍ രോഗികളുടെ എണ്ണം 900 വരെയാകും. ഞായറാഴ്ചയോടെ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്ക് തീരുമെന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എസ് എന്‍ രവികുമാര്‍ പറഞ്ഞു. വെട്ടിക്കുറച്ച ധാന്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റേഷനിങ് ഓഫീസറെ ബന്ധപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നുമാണ് അവര്‍ നല്‍കിയ വിശദീകരണമെന്നും സൂപ്രണ്ട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഭക്ഷണം നല്‍കാന്‍ കുതിരവട്ടം കേന്ദ്രത്തില്‍ ഒന്നരകോടി രൂപയാണ് ചെലവായത്. ഇതില്‍ ഒരു കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ. പച്ചക്കറി നല്‍കുന്ന ഹോര്‍ടി കോര്‍പ്പിന് 20 ലക്ഷം രൂപ കുടിശ്ശികയാണ്. മത്സ്യത്തിനും മാംസത്തിനും പാചകവാതകത്തിനുമായി ലക്ഷങ്ങള്‍ കുടിശ്ശിക വേറെയും. കഴിഞ്ഞ വര്‍ഷം മാനസികാരോഗ്യ കേന്ദ്രത്തിലേക്കുള്ള അരിയുടെ അളവ് 25 കിലോയാക്കി കുറച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ മോണിറ്ററിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജി നേരിട്ട് ഹൈക്കോടതിയെ സമീപിച്ചാണ് നടപടി തിരുത്തിച്ചത്. കുതിരവട്ടത്തിനുപുറമെ തൃശൂര്‍ പടിഞ്ഞാറെക്കോട്ടയിലും തിരുവനന്തപുരം ഊളംപാറയിലുമാണ് സര്‍ക്കാര്‍ മേഖലയില്‍ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

deshabhimani

No comments:

Post a Comment