സപ്‌ളൈകോയുടെ ആദ്യ സബർബൻമാൾ പ്രവർത്തനം ആരംഭിച്ചു; മാവേലി സ്റ്റോറുകളുടെ നവീകരണത്തിന് 11 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി
പിറവം > മാവേലിസ്റ്റോറുകളുടെ നവീകരണത്തിനായി സർക്കാർ 11 കോടിരൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്‌ളൈകോയുടെ ആദ്യ സബർബൻ മാൾ പിറവത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ഷോപ്പിംഗ് സൗകര്യം സാധാരണക്കാർക്കും ലഭ്യമാക്കുന്നതിനായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആരംഭിച്ചതാണ് സബർബൻമാൾ. സംസ്ഥാനത്തെ സപ്ലൈകോയുടെ എറ്റവും വലിയ സൂപ്പർമാർക്കറ്റാണ് പിറവത്ത് പ്രവർത്തനം ആരംഭിച്ചത്.
ഭക്ഷ്യവിതരണം കാര്യക്ഷമമാക്കുന്നതിനായി സപ്ലൈകോ യിൽ കാലാനുസൃത മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിൽ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിൽ സർക്കാരിന്റെ സജീവസാന്നിധ്യമാണ് പൊതുവിപണിയിലെ വിലക്കയറ്റത്തെ ചെറുക്കുന്നത്. കഴിഞ്ഞ നാല് വർഷമായി പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി വ്യകതമാക്കി.
ഇടനിലക്കാരെ ഒഴിവാക്കി ഉത്പാദകരിൽ നിന്നും ഉപഭോക്താക്കളിലേക്ക് കൂടുതൽ സാധനങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കാൻ സപ്ലൈകോയ്ക്ക് കഴിയണം. ഇത്തരം പ്രവർത്തനങ്ങളുടെ ഗുണം ജനങ്ങൾക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. സിവിൽ സപ്ലൈസിന്റെ എല്ലാ ഉദ്യമങ്ങൾക്കും സർക്കാരിന്റെ സജീവ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്റെ അദ്ധ്യക്ഷതയിൽ ഓൺ ലൈനിൽ നടന്ന ചടങ്ങിൽ പിറവം നഗരസഭയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ നിർവ്വഹിച്ചു. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിൽ സംസ്ഥാനത്തെ സാമൂഹ്യ അടുക്കളകൾക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കിയും ജനങ്ങൾക്ക് സൗജന്യ പലവ്യഞ്ജന കിറ്റുകൾ ലഭ്യമാക്കിയും സിവിൽ സപ്ലൈസ് വകുപ്പ് മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സപ്ലൈകോ വിപണിയിലെത്തിച്ച പുതിയ ഉത്പന്നമായ ചക്കി ഫ്രഷ് ആട്ടയുടെ വിതരണോദ്ഘാടനം മന്ത്രി പി. തിലോത്തമൻ നിർവ്വഹിച്ചു.
ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ, തോമസ് ചാഴികാടൻ എം.പി, പിറവം നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ്, മുൻ എം.എൽ.എ മാരായ എം.ജെ ജേക്കബ്, വി.ജെ പൗലോസ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, സിവിൽ സപ്ലൈസ് മാനേജിംഗ് ഡയറക്ടർ അലി അസ്ഗർ പാഷ, വിവിധ ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
വികസന പദ്ധതികൾ മലർപ്പൊടിക്കാരന്റെ സ്വപ്‌നമെന്ന് ആക്ഷേപിച്ചവർക്കുള്ള മറുപടി
തിരുവനന്തപുരം > പ്രഖ്യാപിക്കുന്ന പദ്ധതികൾ ഏട്ടിൽ കിടക്കാനുള്ളതല്ലെന്നും ജനകീയ സഹകരണത്തോടെ യാഥാർഥ്യമാക്കാനുള്ളതാണെന്നും സർക്കാർ തെളിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ 34 സ്‌കൂൾകെട്ടിടം വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പൊതുവിദ്യാലയങ്ങൾ അക്ഷരാർഥത്തിൽ മികവിന്റെ കേന്ദ്രങ്ങളാകുകയാണ്. വികസനപദ്ധതികളെക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുണ്ട്. സ്‌കൂളുകൾ ഉദ്‌ഘാടനം ചെയ്യുന്ന സമയത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് അവയെല്ലാം മലബാർ ഭാഗത്താണെന്നാണ്. എന്നാൽ, ബാലരാമപുരംമുതൽ ചേലക്കരവരെയുള്ളതാണ് പട്ടികയിലെ 19 സ്‌കൂളും.
ലൈഫ് പദ്ധതിക്കെതിരെയും അപവാദ പ്രചാരണം നടത്തി. 2.25 ലക്ഷത്തിലധികം വീടാണ് പൂർത്തിയാക്കിയത്. സ്വന്തം വീട്ടിലാണ് അവർ കയറിക്കിടന്നത്. അത് കുടുംബാംഗങ്ങളിൽ ഉണ്ടാക്കിയ അഭിമാനബോധം എത്ര വലുതായിരിക്കും. നാടിന്റെ പൊതുവായ അഭിമാനബോധമാണത്. അതുൾക്കൊള്ളാൻ നീചമനസ്സുകൾക്ക് പ്രയാസമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവെ, സർക്കാരിന്റെ കൈയിലുള്ള ചെറിയ തുക ഉപയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്താറുള്ളത്. പക്ഷേ, ആവശ്യം വലുതായതിനാലാണ് കിഫ്‌ബിയിലൂടെ പണം കണ്ടെത്തിയത്. 50,000 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നാണ് ആലോചനാ ഘട്ടത്തിൽ നിയമസഭയിൽ ധനമന്ത്രി വ്യക്തമാക്കിയത്.
മലർപ്പൊടിക്കാരന്റെ സ്വപ്‌നം എന്നു പറഞ്ഞ് ആക്ഷേപിച്ചവരുണ്ട്. 50,000 കോടിയുടെ പദ്ധതി ലക്ഷ്യമിട്ട സ്ഥാനത്ത് ഇപ്പോൾ 54,000 കോടിയുടെ വികസനം പക്ഷാപാതിത്തമില്ലാതെ എല്ലാ മണ്ഡലത്തിലും നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
No comments:
Post a Comment