കേരളത്തിൽ നാല് വർഷത്തിനിടയിൽ 14 ഇന അവശ്യസാധനങ്ങൾക്ക് അഞ്ചുപൈസപോലും കൂടിയില്ല. സപ്ലൈകോ സബ്‌സിഡിയായി വിതരണം ചെയ്‌തവയ്‌ക്കാണ് വില സ്ഥിരമായി നിന്നത്. സബ്‌സിഡിയായി 750 കോടിരൂപയിലധികം ഇതുവരെ സർക്കാർ ചെലവഴിച്ചു. അവശ്യസാധനങ്ങൾക്ക് വിലക്കയറ്റമുണ്ടാകില്ലെന്ന എൽഡിഎഫ് വാഗ്‌ദാനമാണ് നടപ്പായത്.
അവശ്യസാധനങ്ങൾക്ക് രാജ്യത്ത് വില കുതിച്ചുയരുമ്പോഴാണ് കേരളത്തിന്റെ ഈ ബദൽ മാർഗം. ആദ്യ മൂന്നുവർഷം 200 കോടി രൂപവീതവും നാലാം വർഷം 150 കോടി രൂപയുമാണ് സബ്‌സിഡിയായി ചെലവഴിച്ചത്. ഈ വർഷത്തെ കണക്ക് അന്തിമമായിട്ടില്ല.
റേഷൻ കാർഡുമായി സപ്ലൈകോ വിപണന കേന്ദ്രങ്ങളിൽ എത്തിയാൽ നാലുവർഷം മുമ്പത്തെ വിലയിൽത്തന്നെ സാധനങ്ങൾ ലഭിക്കും. ചെറുപയർ, ഉഴുന്ന് ബോൾ, വൻകടല, വൻപയർ, തുവര പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയഅരി, കുറവഅരി, മട്ടഅരി, പച്ചരി, ആന്ധ്ര അരി എന്നിവയാണ് ഇനങ്ങൾ. എന്നാൽ, 88 രൂപയായിരുന്ന വെളിച്ചെണ്ണയ്‌ക്ക് ജിഎസ്‌ടി ഏർപ്പെടുത്തിയതിനാൽമാത്രം 92 രൂപയായി. അതേസമയം, മല്ലി വില 92ൽനിന്ന് 76 ആയി കുറഞ്ഞു.
രാജ്യത്ത് തീ വില
കോവിഡും തൊഴിലില്ലായ്‌മയും പ്രതിസന്ധി സൃഷ്ടിച്ച രാജ്യത്ത് ദുരിതം ഇരട്ടിയാക്കി അവശ്യസാധന വില കുതിച്ചുകയറ്റം. ഇന്ത്യയിലെ സാധാരണക്കാരന്റെ ഭക്ഷണമായ ഉരുളക്കിഴങ്ങും സവാളയും അപ്രാപ്യമായ നിലയിലാണ്. ഉരുളക്കിഴങ്ങിന് ഒരു വർഷത്തിനിടെ 92 ശതമാനം വില വർധിച്ചു. ചില്ലറവിൽപ്പന വില കിലോയ്‌ക്ക് 45 രൂപയോളമായി. 11 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശരാശരി വിലയാണിത്. സവാളയുടെ വിലയിൽ 44 ശതമാനമാണ് വർധന. ഒക്ടോബർ അവസാന ആഴ്‌ച വില 80 രൂപയിലേക്ക് കുതിച്ചു. വിലക്കയറ്റം ഫലപ്രദമായി പിടിച്ചുനിർത്താൻ കേന്ദ്രസർക്കാരിനായില്ല.
ഡൽഹിയിൽ തക്കാളിവില 50 മുതൽ -80 ശതമാനംവരെ വർധിച്ചു. കിലോയ്‌ക്ക് 40 മുതൽ 60വരെയാണ് വില. മല്ലി 200രൂപ, വെളുത്തുള്ളി 150 രൂപ, പച്ചമുളക് 50രൂപ എന്നിങ്ങനെയായി. യുപിയിലെ പ്രയാഗ്‌രാജിൽ തക്കാളിക്കും സവാളയ്‌ക്കും 80 രൂപയാണ്. മോഡിസർക്കാർ അധികാരമേറ്റശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് പയറിനും ഉഴുന്നിനും.
കൂടുതൽ സവാളയും ഉരുളക്കിഴങ്ങും ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും ഇത് വിപണിയിൽ പ്രതിഫലിക്കാൻ ജനുവരിയാകുമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടി. സ്വകാര്യ വ്യാപാരികൾ 7,000 ടൺ സവാള ഇറക്കുമതി ചെയ്‌തു. ദീപാവലിക്കുമുമ്പ് 25,000 ടൺകൂടി ഇറക്കുമതി ചെയ്യും. നാഫെഡിന്റെ നേതൃത്വത്തിലും ഇറക്കുമതി ചെയ്യും. 10ലക്ഷം ഉരുളക്കിളങ്ങ് ഇറക്കുമതി ചെയ്യാനും എക്‌സൈസ് തീരുവ 10 ശതമാനം കുറയ്‌ക്കാനും തീരുമാനിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.
No comments:
Post a Comment