Tuesday, May 13, 2014

ബിപിഎല്‍ കാര്‍ഡുടമകളുടെ അരി വെട്ടിക്കുറച്ചു

ബിപിഎല്‍ റേഷന്‍ കാര്‍ഡുടമകളുടെ അരി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഈ മാസം മൂന്നുകിലോ അരിയാണ് കുറച്ചത്. ബിപിഎല്ലുകാര്‍ക്ക് മാസം 25 കിലോ അരിയാണ് ലഭിച്ചിരുന്നത് ഈ മാസം 22 കിലോയാക്കി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ എപിഎല്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കി മാറ്റിയിരുന്നു. ഓരോ ജില്ലയിലും അഞ്ഞൂറിലധികം പേരുടെ കാര്‍ഡുകള്‍ ഇത്തരത്തില്‍ ബിപിഎല്‍ ആയി. എന്നാല്‍ ഇതനുസരിച്ച് അരിയുടെ അലോട്ടുമെന്റ് വര്‍ധിപ്പിച്ചില്ല. നിലവിലുള്ള ബിപിഎല്‍ കാര്‍ഡുടമകളുടെ അരി വെട്ടിക്കുറച്ചാണ് പുതിയ ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് അരി നല്‍കുന്നത്. എപിഎല്‍ വിഭാഗത്തിനുള്ള അരിയും വെട്ടിക്കുറച്ചു. സബ്സിഡിക്കാര്‍ക്ക് രണ്ടുരൂപയ്ക്ക് കൊടുക്കുന്ന പത്തുകിലോ അരി എട്ടാക്കി. 8.90 രൂപയ്ക്ക് നല്‍കിയിരുന്ന പത്തുകിലോ അരിയും എട്ടാക്കി.

എപിഎല്‍ വിഭാഗത്തിന്റെ ഗോതമ്പിലും കുറവുവരുത്തി. നിര്‍ത്തിവച്ച ഗോതമ്പുവിതരണം കഴിഞ്ഞ ഏപ്രിലില്‍ പുനരാരംഭിച്ചെങ്കിലും കൃത്യമായി വിതരണം ചെയ്യുന്നില്ല. ഈ മാസം പതിനഞ്ചോടെ റേഷന്‍ കാര്‍ഡ് പുതുക്കാന്‍ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞെങ്കിലും ഇതുവരെ നടപടി തുടങ്ങിയിട്ടില്ല. റേഷന്‍ വ്യാപാരികളുമായുള്ള സമര ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ അവരും പ്രതിഷേധത്തിലാണ്. ആട്ടയും പഞ്ചസാരയും റേഷന്‍ കടകളില്‍ എത്തിക്കുമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ല. അതിനാല്‍ ജൂണ്‍ മുതല്‍ പഞ്ചസാരയുടെയും ആട്ടയുടെയും സ്റ്റോക്കെടുക്കില്ല. പ്രതിഷേധത്തിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രവൃത്തിയില്‍നിന്നും വിട്ടുനില്‍ക്കാനുമാണ് വ്യാപാരികളുടെ തീരുമാനം.

deshabhimani

No comments:

Post a Comment