Sunday, February 2, 2014

കേരളത്തില്‍ പൊതുവിതരണം കുഴപ്പത്തില്‍: കേന്ദ്രമന്ത്രി

കൊച്ചി: കേരളത്തിലെ പൊതുവിതരണ സംവിധാനമാകെ കുഴപ്പത്തിലാണെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി കെ വി തോമസ് കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ ഭക്ഷ്യധാന്യം നല്‍കിയിട്ടും റേഷന്‍കടകളില്‍ സാധനം കിട്ടുന്നില്ലെന്ന രൂക്ഷവിമര്‍ശമാണ് അദ്ദേഹം ഉയര്‍ത്തിയത്. മുളവുകാട് പൊലീസ്സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സാക്ഷിയാക്കിയാണ് കേന്ദ്രസഹമന്ത്രി പൊതുവേദിയില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനും ആഭ്യന്തരമന്ത്രിയും മാത്രമല്ല, മന്ത്രിസഭയിലെ പ്രധാനയാളുമാണ്. ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ ചെന്നിത്തല ഇടപെടണം- കെ വി തോമസ് പറഞ്ഞു. കേരളത്തിന് 12.5 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം നല്‍കിയിരുന്നത് തനിക്ക് സ്വതന്ത്രചുമതല ലഭിച്ചപ്പോള്‍ 16 ലക്ഷമാക്കി. അത് 17 ആക്കാന്‍ പോവുകയാണ്. എന്നാല്‍, കഴിഞ്ഞദിവസം കുമ്പളങ്ങിയിലും കൂനമ്മാവിലും പോയ തനിക്ക് റേഷന്‍കടയില്‍ ഒന്നും കാണാനായില്ല. പഞ്ചായത്തുകള്‍ വിതരണം ഏറ്റെടുത്ത് സോഷ്യല്‍ ഓഡിറ്റ് നടത്തണം. ഡല്‍ഹിയില്‍ എത്തിയശേഷം ഈ പ്രശ്നത്തില്‍ ഉന്നതതല യോഗം വിളിക്കുന്നുണ്ട്. അതിനുശേഷം കേന്ദ്രത്തില്‍നിന്നുള്ള ഉന്നതതല സമിതി കേരളത്തിലെത്തി പരിശോധന നടത്തി തനിക്ക് റിപ്പോര്‍ട്ട് തരുമെന്നും കെ വി തോമസ് പറഞ്ഞു. അതേസമയം, കെ വി തോമസിന്റെ അഭിപ്രായത്തിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയുമാണെന്ന് കേരളത്തില്‍ ഭക്ഷ്യവകുപ്പ് കൈകാര്യംചെയ്യുന്ന കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ അഡ്വ. ജോണി നെല്ലൂര്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ കടബാധ്യത വര്‍ധിച്ചു: ആര്യാടന്‍

കോഴിക്കോട്: സംസ്ഥാനത്തിന്റെ കടബാധ്യത കൂടിവരികയാണെന്നും പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കേന്ദ്രത്തിന്റെ ഔദാര്യം കൊണ്ടാണെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കെപിഎസ്ടിയു ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിനായിരം കോടി രൂപ പലിശയിനത്തില്‍ മാത്രം പ്രതിമാസം വേണം. ഇന്ത്യയില്‍ ഏറ്റവുമധികം റെവന്യു കമ്മി നേരിടുന്ന സംസ്ഥാനമാണ് കേരളം. ഒമ്പതിനായിരം കോടി രൂപയാണ് റെവന്യു കമ്മി. 2015ഓടെ ഇത് പൂജ്യം ശതമാനത്തിലെത്തിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. മൊത്തം വരുമാനത്തിന്റെ 92 ശതമാനവും ശമ്പളവും പെന്‍ഷനും നല്‍കാനാണ് വിനിയോഗിക്കുന്നത്. കടം വാങ്ങിയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതെങ്കിലും ട്രഷറി പൂട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ആര്യാടന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment