Wednesday, February 5, 2014

മന്ത്രിമണ്ഡലത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് കോടികളുടെ ധൂര്‍ത്ത്

വിലക്കയറ്റത്തില്‍ ജനങ്ങള്‍ നട്ടംതിരിയുമ്പോള്‍ മന്ത്രി അനൂപ് ജേക്കബ്ബിന്റെ മണ്ഡലത്തില്‍ സപ്ലൈകോയുടെ രണ്ട് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കാന്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നു. പിറവത്തും കൂത്താട്ടുകുളത്തുമാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍. വന്‍ നഗരങ്ങളില്‍മാത്രമാണ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കാറുള്ളത്. പിറവത്ത് പഞ്ചായത്ത് വാഗ്ദാനംചെയ്ത 40 സെന്റ് സ്ഥലത്ത് ഏഴുനിലക്കെട്ടിടമാണ് പണിതുയര്‍ത്തുന്നത്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഏറ്റവും വലുതായിരിക്കും ഇത്. 42,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടസമുച്ചയ നിര്‍മാണത്തിന് പ്രതീക്ഷിക്കുന്ന ചെലവ് 13 കോടിയാണ്.

കൂത്താട്ടുകുളത്ത് പുതിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുസമീപമാണ് രണ്ടാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് പദ്ധതി. പഞ്ചായത്ത് ഇതിനായി 25 സെന്റ് സ്ഥലം വിട്ടുകൊടുക്കും. കെട്ടിടം സംബന്ധിച്ച റിപ്പോര്‍ട്ടും പ്ലാനും ഈമാസം കിറ്റ്കോ സമര്‍പ്പിക്കും. കൊച്ചി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം എന്നീ വന്‍നഗരങ്ങളിലാണ് നിലവില്‍ സപ്ലൈകോയ്ക്ക് ഹൈപ്പര്‍ മാര്‍ക്കറ്റുകളുള്ളത്. ഇതില്‍ തിരുവനന്തപുരത്തടക്കമുള്ളത് നാമമാത്രമാണ്. ഇതിനുപുറമേ കരുനാഗപ്പള്ളിയിലും തിരുവല്ലയിലും കൊല്ലത്തും പുതിയത് നിര്‍മിക്കുന്നുണ്ട്. എന്നാല്‍, തൃശൂര്‍പോലുള്ള വന്‍നഗരങ്ങളെ പിന്തള്ളിയാണ് മന്ത്രിയുടെ മണ്ഡലത്തിലെ അടുത്തടുത്തുള്ള രണ്ട് ചെറുപട്ടണങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നത്. വിപണിയില്‍ ഇടപെടാന്‍ പണമില്ലാതെ വിഷമിക്കുമ്പോഴാണ് കെട്ടിടനിര്‍മാണത്തിലെ ഈ ധൂര്‍ത്ത്.

മാവേലി സ്റ്റോറുകളില്‍ അരിയും നിത്യോപയോഗസാധനങ്ങളും കിട്ടാനില്ല. നഗരങ്ങളിലെ പീപ്പിള്‍സ് ബസാറുകളില്‍പ്പോലും സബ്സിഡി സാധനങ്ങള്‍ ഇല്ല. സപ്ലൈകോ വഴി മുന്‍ സര്‍ക്കാര്‍ മാതൃകാപരമായി നടത്തിയ വിപണിയിടപെടല്‍ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹായിച്ചിരുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ ലേബര്‍ ബ്യൂറോയുടെ കണക്കുപ്രകാരം അക്കാലത്ത് വിലനിയന്ത്രണത്തില്‍ തുടര്‍ച്ചയായി മൂന്നാംസ്ഥാനത്തായിരുന്നു കേരളം. സിക്കിം, ഹിമാചല്‍പ്രദേശ് തുടങ്ങിയ ചെറിയ സംസ്ഥാനങ്ങള്‍ക്കുമാത്രമായിരുന്നു അക്കാലത്ത് വിലസൂചികയില്‍ കേരളത്തേക്കാള്‍ മെച്ചം. എന്നാല്‍, ലേബര്‍ ബ്യൂറോ നവംബര്‍, ഡിസംബര്‍ മാസത്തെ കണക്ക് പ്രസിദ്ധീകരിച്ചപ്പോള്‍ കേരളം 14-ാംസ്ഥാനത്താണ്. ദേശീയ ശരാശരിയേക്കാള്‍ കേരളത്തിലെ വിലക്കയറ്റസൂചിക ഉയരുകയും ചെയ്തു. ദേശീയസൂചിക 765 ആണെങ്കില്‍ കേരളത്തിന്റേത് 777 ആണ്. അസം (750), ബിഹാര്‍ (699), ഗുജറാത്ത് (775), ഹിമാചല്‍ (622), ജമ്മു കശ്മീര്‍ (726), മധ്യപ്രദേശ് (725), മണിപ്പുര്‍ (724), മേഘാലയ (749), ഒഡിഷ (720), തമിഴ്നാട് (767), ത്രിപുര (677), ഉത്തര്‍പ്രദേശ് (735), പശ്ചിമബംഗാള്‍ (765) എന്നീ സംസ്ഥാനങ്ങളില്‍ സൂചിക കേരളത്തേക്കാള്‍ കുറവാണ്.

ആര്‍ സാംബന്‍

സപ്ലൈകോ കുടവില്‍പ്പന മാമാങ്കം നിയമസഭയില്‍: അറിഞ്ഞില്ലെന്ന് മന്ത്രി

തിരു: സബ്സിഡി സാധനങ്ങളുടെ വില്‍പ്പനപോലും നിലച്ച സപ്ലൈകോയിലൂടെ സ്വകാര്യകമ്പനിയുടെ കുടകള്‍ വിറ്റഴിക്കാനുള്ള തീരുമാനത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. അവശ്യസാധനങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥയിലും തിടുക്കപ്പെട്ട് അഞ്ചു ലക്ഷം കുടകള്‍ വില്‍ക്കാനുള്ള കരാറിനുപിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച ചോദ്യോത്തരവേളയില്‍ കെ എസ് സലീഖ, കെ കുഞ്ഞിരാമന്‍ (ഉദുമ), കെ വി അബ്ദുള്‍ഖാദര്‍ എന്നിവരാണ് വിവാദമായ കുടവില്‍പ്പനകരാര്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. കുടവില്‍പ്പന മാമാങ്കത്തെപ്പറ്റി "ദേശാഭിമാനി" വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അരിയടക്കമുള്ള അവശ്യസാധനങ്ങളൊന്നും മാവേലിസ്റ്റോറില്‍ ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. വകുപ്പ് കുത്തഴിഞ്ഞു. ക്രിസ്മസ് പുതുവത്സരഫെയറുകള്‍ പരാജയപ്പെട്ടു. ഇ-ടെന്‍ഡര്‍ അട്ടിമറിച്ചതിനു പിന്നില്‍ ദുരൂഹതയുണ്ട്. ലക്ഷങ്ങളുടെ കുടക്കരാറില്‍ ഏര്‍പ്പെട്ടതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും അവര്‍ പറഞ്ഞു. കുട വില്‍പ്പനകരാറിനെപ്പറ്റി താന്‍ അറിഞ്ഞിട്ടില്ലെന്നും പരിശോധിക്കുമെന്നും ഭക്ഷ്യമന്ത്രി അൂനൂപ് ജേക്കബ് അറിയിച്ചു.

deshabhimani

No comments:

Post a Comment