Saturday, February 15, 2014

റേഷന്‍ സമ്പ്രദായം ഇല്ലാതാക്കുന്നു: പിണറായി

തൃശൂര്‍: സംസ്ഥാനത്തെ റേഷന്‍ സമ്പ്രദായം പൂര്‍ണമായും ഇല്ലാതാക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് റേഷന്‍ ലഭിക്കാത്ത സ്ഥിതിയാണ്. റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കയാണ്. ഇതോടെ റേഷന്‍ സമ്പ്രദായം തന്നെ താറുമാറാവും. പാവപ്പെട്ടവര്‍ക്ക് അരി ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഈ പ്രശ്നം പരിഹരിക്കണമെന്ന ചിന്ത സര്‍ക്കാരിനില്ല. നടപടിയെടുക്കുമെന്ന് വകുപ്പുമന്ത്രി പറയുന്നു. മന്ത്രിയുടെ പാര്‍ടിയുടെ നേതാവ് സമരത്തിനൊപ്പമാണ്. മന്ത്രി നേതാവിനെ കുറ്റപ്പെടുത്തുന്നു. വിഷയം പരിഹരിക്കാന്‍ സര്‍ക്കാരിന് ഒരു താല്‍പ്പര്യവുമില്ല. ഭക്ഷ്യസുരക്ഷാനിയമം കൊണ്ടുവന്നപ്പോള്‍ കേന്ദ്രത്തില്‍നിന്നുള്ള ഭക്ഷ്യധാന്യവിഹിതം കുറയുകയാണ് ചെയ്തത്. കേരളത്തില്‍ ഉത്സവകാലങ്ങളില്‍ അധിക റേഷന്‍ നല്‍കാറുണ്ട്. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. 3600 മെട്രിക്ടണ്‍ ഭക്ഷ്യധാന്യം കേന്ദ്രം വെട്ടിക്കുറച്ചു. എപിഎല്‍-ബിപിഎല്‍ വേര്‍തിരിവിലൂടെ 74 ശതമാനം ആളുകള്‍ക്കും റേഷന്‍ ലഭിക്കാത്ത സ്ഥിതിയാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ കബളിപ്പിച്ചുകൊണ്ടിരിക്കയാണ്. റിപ്പോര്‍ട്ട് തിരുത്തണമെന്ന് ഹരിത ട്രിബ്യൂണല്‍ മുമ്പാകെ ഇതുവരെയും സര്‍ക്കാര്‍ ആവശ്യമുന്നയിച്ചിട്ടില്ല. പരിസ്ഥിതിലോല പ്രദേശങ്ങളെ ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുവരെ ഇതു പറഞ്ഞ് നീട്ടിക്കൊണ്ടുപോവുക എന്നതായിരുന്നു മുഖ്യമന്ത്രിയുടെ മനസ്സിലിരിപ്പ്. എന്നാല്‍, മാര്‍ച്ച് 24നകം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണം. മലയോരകര്‍ഷകരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കബളിപ്പിക്കുകയാണ്. ഇക്കാര്യത്തിലുള്ള നിലപാട് ട്രിബ്യൂണല്‍ മുമ്പാകെ സോളിസിറ്റര്‍ ജനറല്‍ എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല. റിപ്പോര്‍ട്ട് അതേപടി നടപ്പായാല്‍ കര്‍ഷകര്‍ കൂട്ടത്തോടെ കുടിയൊഴിയേണ്ടിവരും. അതിനെതിരായ പ്രക്ഷോഭം ശക്തമാണ്. അതിനെയാണ് സിപിഐ എം പിന്തുണയ്ക്കുന്നത്.

കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടില്ല

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിക്കില്ലെന്ന് പിണറായി പറഞ്ഞു. 2004നേക്കാള്‍ മോശമായ അവസ്ഥയിലാണ് യുഡിഎഫ്. യുഡിഎഫിന് അനുകൂലസാഹചര്യം തിരിച്ചുവന്നുവെന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ക്ക് ആഗ്രഹമുണ്ട്. ഇതിന് എല്ലാ മാര്‍ക്സിസ്റ്റ്വിരുദ്ധശക്തികളെയും അണിനിരത്തുന്നു. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്നത് ഈ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതു സംബന്ധിച്ച് പ്രതിപക്ഷനേതാവ് കത്തയച്ച നടപടി തെറ്റാണെന്ന് പാര്‍ടി പൊളിറ്റ്ബ്യൂറോയും സംസ്ഥാനകമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. ഈ നിലപാട് തന്നെയാണ് ഇപ്പോഴും. ഇതില്‍ പാര്‍ടിക്ക് ഒരു ആശയക്കുഴപ്പവുമില്ല.

ആര്‍എസ്പി നേതാവ് ടി ജെ ചന്ദ്രചൂഡന്‍ പറഞ്ഞത് ദേശീയപ്രശ്നങ്ങള്‍ മനസ്സില്‍ കണ്ടാകും. കേരളത്തില്‍ എല്‍ഡിഎഫ് നല്ല യോജിപ്പോടെയാണ് പോവുന്നത്. ആര്‍എസ്പിക്കും മറിച്ചൊരു അഭിപ്രായമുണ്ടാവില്ല. വി എസിന് തിരുവനന്തപുരത്ത് വിലക്ക് ഏര്‍പ്പെടുത്തിയെന്ന പരാമര്‍ശത്തിന് ജില്ലാ സെക്രട്ടറി മറുപടി പറഞ്ഞിട്ടുണ്ട്. ചന്ദ്രചൂഡനെപ്പോലുള്ളവര്‍ ഇത്ര അപഹാസ്യമായി പ്രസ്താവന നടത്തേണ്ടിയിരുന്നോ എന്നറിയില്ല.

വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായതോടെ പ്രശ്നങ്ങള്‍ തുടങ്ങി. പന്ത്രണ്ടോളം വിഷയങ്ങളില്‍ സര്‍ക്കാരില്‍നിന്നും വ്യത്യസ്ത നിലപാടുള്ളയാളായിരുന്നു സുധീരന്‍. കോണ്‍ഗ്രസില്‍ നല്ല പോരാണ് ഉണ്ടാവാന്‍ പോവുന്നതെന്ന് ഉറപ്പാണെന്നും പിണറായി പറഞ്ഞു.

കോണ്‍ഗ്രസിന്റെ അസ്തമയകാലം: എ വിജയരാഘവന്‍

തൃശൂര്‍: കോണ്‍ഗ്രസിന്റെ അസ്തമയം ഉറപ്പായെന്നും ഒരു ശക്തിക്കും അതിനെ രക്ഷിക്കാനാവില്ലെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍ പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയം മാറാന്‍ പോകുന്നതിന്റെ സൂചകമായി കോണ്‍ഗ്രസിന്റെ മരണമണി മുഴങ്ങാന്‍ തുടങ്ങി. കേരളരക്ഷാ മാര്‍ച്ചിന് തൃശൂരിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരന്റെ പ്രശ്നങ്ങളോട് സര്‍ക്കാര്‍ ഇത്രയും മുഖം തിരിച്ച കാലം ഉണ്ടായിട്ടില്ല. മന്‍മോഹന്‍സിങ്ങിന്റെ മുഖ്യവിനോദം അഴിമതിയും വിലക്കയറ്റം സൃഷ്ടിക്കലുമാണ്. അഴിമതി അതിന്റെ പാരമ്യത്തിലെത്തി. ഇപ്പോള്‍ 61,000 കോടി രൂപക്കാണ് സ്പെക്ട്രം ലേലം ചെയ്തു നല്‍കിയത്. എന്നാല്‍, ഇതിനുമുമ്പ് നല്‍കിയത് 1600 കോടിക്കാണ്. അപ്പോള്‍ കമീഷന്‍ പോയത് എത്ര ആയിരം കോടിയാകും. ഇതന്വേഷിക്കാനാണ് പി സി ചാക്കോ അധ്യക്ഷനായ സംയുക്ത പാര്‍ലമെന്റ് സമിതിയെ നിയോഗിച്ചത്് എന്നാല്‍, കള്ളന് കഞ്ഞിവച്ചവനാണ് താനെന്ന് ചാക്കോ തെളിയിച്ചു. 16 പേര്‍ യുഡിഎഫ് ലേബലില്‍ പാര്‍ലമെന്റില്‍ പോയിട്ടും കേരളത്തിന് ഒരുഗുണവുമുണ്ടായില്ല-വിജയരാഘവന്‍ പറഞ്ഞു.

മാധ്യമങ്ങളെ വിലയ്ക്കെടുത്ത് കുപ്രചാരണം: ഇപി

തൃശൂര്‍: മാധ്യമങ്ങളെ വിലയ്ക്കെടുത്ത് ബിജെപിയും മോഡിയും കുപ്രചാരണം നടത്തുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. കേരളരക്ഷാ മാര്‍ച്ചിന് തൃശൂരിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യപിടിക്കാനാണ് സംഘപരിവാര്‍ശ്രമം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ടുചെയ്തല്ല ഗുജറാത്തില്‍ അധികാരത്തിലെത്തിയത്. ജനങ്ങള്‍ പലായനം ചെയ്തു. മുസ്ലീങ്ങളും ക്രിസ്ത്യാനികളും പിന്നോക്കജാതിക്കാരും നാടുവിടേണ്ടി വന്നു. ബിജെപി ഗുണ്ടകള്‍ ബൂത്ത് പിടിച്ചാണ് മോഡിയെ അധികാരത്തിലെത്തിച്ചത്. ഗുജറാത്തില്‍ എന്തു വികസനമാണ് നടക്കുന്നതെന്ന് പ്രചാരകര്‍ വ്യക്തമാക്കണം. ശിശുമരണം ഭീകരമാണവിടെ. സാമൂഹ്യസാംസ്കാരിക രംഗങ്ങളെല്ലാം തകര്‍ച്ചയെ നേരിടുകയാണ്. മതന്യൂനപക്ഷക്കാരായ വ്യവസായികള്‍ ഗുജറാത്ത് വിടുകയാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ ഈ അവസ്ഥ രാജ്യത്തൊട്ടാകെ വരും. രാജ്യത്ത് 11 പാര്‍ടികള്‍ ചേര്‍ന്ന് പുതിയ ബദലുയര്‍ത്തിയിട്ടുണ്ട്. ഈ പാര്‍ടികള്‍ അഞ്ചു സംസ്ഥാനം ഭരിക്കുന്നുണ്ട്. അഞ്ചിടത്ത് പ്രധാന പ്രതിപക്ഷമാണ്. ഈ ശക്തികളുടെ കൂട്ടായ്മ ഇന്ത്യയില്‍ ഭരണമാറ്റത്തിനു വഴിയൊരുക്കും- അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment