Saturday, May 3, 2014

എഫ്സിഐ സംഭരണവും ശേഖരണവും സ്വകാര്യമേഖലയ്ക്ക്

സ്വകാര്യ കുത്തകകളെ സഹായിക്കാന്‍ ലക്ഷ്യമിട്ട് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെ (എഫ്സിഐ) മൂന്നു വിഭാഗമാക്കി തിരിച്ച് സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എഫ്സിഐയെ സംഭരണം, ശേഖരണം, വിതരണം എന്നിങ്ങനെ മൂന്നു വിഭാഗമാക്കി വിഭജിച്ച് വിതരണം ഒഴികെയുള്ള മറ്റു വിഭാഗങ്ങള്‍ക്ക് പുറംജോലി കരാര്‍ നല്‍കുന്നതിനാണ് നീക്കം. കേന്ദ്ര ധനവകുപ്പിന്റെ വകുപ്പുതല നിര്‍ദ്ദേശം കണക്കിലെടുത്ത് വിഭജനകാര്യത്തില്‍ ഉപഭോക്തൃകാര്യ ഭക്ഷ്യവിതരണ മന്ത്രാലയം എഫ്സിഐക്ക് ഉത്തരവു നല്‍കി. എഫ്സിഐ ചെയര്‍മാന്റെ നിര്‍ദേശങ്ങളും നടപടിയും ആവശ്യപ്പെട്ടുള്ളതാണ് മന്ത്രി കെ വി തോമസിന്റെ ചുമതലയിലുള്ള മന്ത്രാലയം ഇറക്കിയ ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ മറവില്‍ രാജ്യത്തെ ഭക്ഷ്യസംഭരണവും സൂക്ഷിപ്പും കുത്തകകള്‍ക്കു കൈമാറുന്നതിന്റെ ഭാഗമായാണ് വിഭജനവും സ്വകാര്യവല്‍ക്കണവും നടപ്പാക്കുന്നത്.

അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി കമ്പനി മെക്കന്‍സി 2006ല്‍ സമര്‍പ്പിച്ച കമീഷന്‍ റിപ്പോര്‍ട്ടിലെ മറ്റൊരു ജനദ്രോഹ ശുപാര്‍ശയാണിത്. എഫ്സിഐയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നിയമിച്ച വിവിധ കമീഷനുകളുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണയ്ക്കു സമര്‍പ്പിച്ചിരുന്നു. സെന്‍ഗുപ്ത, അഭിജിത്, ഡോ. ടെണ്ടുല്‍ക്കര്‍ കമീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ അവഗണിച്ച് സ്വകാര്യവല്‍ക്കരണം ഊര്‍ജിതമാക്കാനുള്ള മെക്കന്‍സി റിപ്പോര്‍ട്ട് പടിപടിയായി നടപ്പാക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ അന്തിമപടിയെന്നോണമാണ് സംഭരണവും ശേഖരണവും സ്വകാര്യവല്‍ക്കരിക്കുന്നത്. രാജ്യത്ത് 1.15 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാനുള്ള ഗോഡൗണുകള്‍ ഇതിനകം സജ്ജമാക്കി. തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഢ്, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ജമ്മു കശ്മീര്‍, ഉത്തര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ സ്വകാര്യമേഖലയിലാണ് നിര്‍മിച്ചത്. ഇവയുടെ നിര്‍മാണത്തിനു പിന്നില്‍ അഴിമതി ആരോപണവും ഉയര്‍ന്നു. എതിര്‍പ്പിനെത്തുടര്‍ന്ന് കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ സ്വകാര്യ ഗോഡൗണുകള്‍ നിര്‍മിച്ചിരുന്നില്ല. എന്നാല്‍, പുതിയ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്തും നിര്‍മാണങ്ങള്‍ക്ക് സാധ്യതയുണ്ട്. നിലവില്‍ എഫ്സിഐ നേരിട്ട് സംഭരണം നടത്തുന്നതിനാല്‍ കര്‍ഷകര്‍ക്ക് അല്‍പ്പമെങ്കിലും ന്യായവില ലഭിക്കുന്ന സ്ഥിതിയുണ്ട്. പുറംജോലികരാര്‍ എന്ന പേരില്‍ സംഭരണവും സൂക്ഷിപ്പും സ്വകാര്യവല്‍ക്കരിക്കുന്നത് ഈ സൗകര്യം ഇല്ലാതാക്കും.

എഫ്സിഐയുടെ അഞ്ച് പ്രവര്‍ത്തനമേഖലകളും നാല് ചന്തകളും സന്ദര്‍ശിച്ചാണ് മെക്കന്‍സി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ടിന്റെ സവിശേഷതയായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, 28 സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന് ചന്തകള്‍ ഉണ്ടായിരിക്കെ, നാല് ചന്തകള്‍ മാത്രം സന്ദര്‍ശിച്ചത് റിപ്പോര്‍ട്ടിന്റെ പ്രധാന പോരായ്മയാണ്. പഞ്ചാബ്, ആന്ധ്ര, ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതായും കമീഷന്‍ അവകാശപ്പെടുന്നു. എന്നാല്‍, ഭക്ഷ്യധാന്യകമ്മി പേറുന്ന ഒരു സംസ്ഥാനവുമായി പോലും ചര്‍ച്ച നടത്താന്‍ അധികൃതര്‍ തയ്യാറാകായത്തതും വിമര്‍ശനത്തിനിടയാക്കി. ഇതര കമ്മിറ്റികളുടെ റിപ്പോര്‍ട്ടില്‍ പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതും എഫ്സിഐയുടെ ശേഷി വിപുലപ്പെടുത്തുന്നതിനുമുള്ള നിര്‍ദേശങ്ങര്‍ മെക്കന്‍സി റിപ്പോര്‍ട്ട് പരിഗണിച്ചില്ല. മാത്രമല്ല തൊഴിലാളിദ്രോഹ നടപടികളാണ് മുറുകെപിടിക്കുന്നതും റിപ്പോര്‍ട്ടിന്റെ മറപിടിച്ച് ജീവനക്കാരുടെ എണ്ണം 69,000-ല്‍നിന്ന് 26,000 ആയി ഇതിനകം കുറച്ചു. കേരളത്തിലെ ജീവനക്കാരുടെ എണ്ണം 2600-ല്‍നിന്ന് 600ല്‍ താഴെയായും വെട്ടിക്കുറച്ചു.

ഷഫീഖ് അമരാവതി deshabhimani

No comments:

Post a Comment