Monday, February 24, 2014

സുരക്ഷയാകേണ്ട നിയമം ചോറില്‍ മണ്ണുവാരിയിട്ടു

എല്ലാവരുടെയും വയറുനിറയ്ക്കുമെന്ന പ്രചാരണത്തോടെ വോട്ട് ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമം ദരിദ്രജനകോടികള്‍ക്ക് സമ്മാനിക്കുക വിശപ്പ് മാത്രമെന്ന് കണക്കുകള്‍. രാജ്യത്തെ ഗ്രാമവാസികളില്‍ 75 ശതമാനവും നഗരജനതയില്‍ 50 ശതമാനവും ആകെ ജനസംഖ്യയുടെ 67 ശതമാനവും ഭക്ഷ്യസുരക്ഷാപദ്ധതിയുടെ പരിധിയില്‍ വരുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. 67 ശതമാനത്തെമാത്രം ഉള്‍ക്കൊള്ളുന്ന പദ്ധതിതന്നെ തട്ടിപ്പാണ്. 90 ശതമാനത്തെയെങ്കിലും ഉള്‍ക്കൊള്ളുന്നതാവണം പൊതുവിതരണ സംവിധാനമെന്നാണ് സങ്കല്‍പ്പം. നിലവില്‍ രാജ്യത്തെ ഗ്രാമീണജനതയില്‍ 75 ശതമാനവും നഗരജനതയില്‍ 69 ശതമാനവും പട്ടിണിക്കാരാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യസുരക്ഷാ നിയമം 67 ശതമാനത്തെ ഉള്‍ക്കൊള്ളുന്നുവെന്ന സര്‍ക്കാര്‍ അവകാശവാദവും ശരിയല്ല. ആസൂത്രണ കമീഷന്‍ പട്ടികപ്രകാരം കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവ ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയായ 67 ശതമാനത്തിന് ചുവടെയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം. യുപി, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങി എട്ട് സംസ്ഥാനങ്ങളില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ അനുപാതം ദേശീയ ശരാശരിയേക്കാള്‍ കൂടുതലുമാണ്. 12 സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്ന 75 ശതമാനത്തേക്കാള്‍ കുറവായിരിക്കും പദ്ധതിയിലെ ഗ്രാമീണ ഗുണഭോക്താക്കളുടെ എണ്ണം. ഇത്രയുംതന്നെ സംസ്ഥാനങ്ങളില്‍ 50 ശതമാനത്തേക്കാള്‍ കുറവാണ് നഗര ഗുണഭോക്താക്കള്‍.

എപിഎല്‍, ബിപിഎല്‍ വേര്‍തിരിവിന് ആസൂത്രണ കമീഷന്‍ സ്വീകരിച്ച, അശാസ്ത്രീയവും വിശ്വാസ്യതയില്ലാത്തതുമായ മാനദണ്ഡങ്ങള്‍ ബാധകമാക്കിയാണ് 67 ശതമാനമെന്ന ദേശീയ ശരാശരിയില്‍ എത്തിച്ചത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ മാനദണ്ഡം നിശ്ചയിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം അട്ടിമറിക്കപ്പെട്ടു. ആസൂത്രണ കമീഷന്‍ നിശ്ചയിച്ച പരിധിയില്‍ ഗുണഭോക്താക്കളുടെ എണ്ണം പരിമിതമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതമായി. കേരളം, തമിഴ്നാട്, കര്‍ണാടകം, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ത്രിപുര, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങി 12 സംസ്ഥാനങ്ങളില്‍ ഈ ബില്ലില്‍ അവകാശപ്പെടുന്നതിനേക്കാള്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന ഭക്ഷ്യസുരക്ഷാപദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം എപിഎല്‍ കാര്‍ഡുടമകള്‍ക്കും മിതമായ വിലയ്ക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമം വന്നതോടെ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ വലിയൊരു വിഭാഗത്തിന് ഭക്ഷ്യസുരക്ഷ നിഷേധിക്കപ്പെടുകയായിരുന്നു. 2010-11നും 2013-14നുമിടയിലുള്ള കണക്കുകള്‍ പ്രകാരം എപിഎല്‍ വിഭാഗത്തിനുള്ള കേന്ദ്രവിഹിതമായ അരി 70 ശതമാനത്തിന് മുകളില്‍ വാങ്ങിയിട്ടുണ്ട്. പലപ്പോഴും ഇത് 90 ശതമാനംവരെ എത്തി. എപിഎല്‍ വിഭാഗക്കാരെ ഭക്ഷ്യവിലക്കയറ്റം എത്രത്തോളം ബാധിക്കുന്നുവെന്നതിന് തെളിവാണ് പൊതുവിതരണസംവിധാനത്തെ ആശ്രയിക്കുന്നവരുടെ ഉയര്‍ന്ന ശതമാനം. എപിഎല്‍, ബിപിഎല്‍ വിഭജനത്തിന്റെ മാനദണ്ഡം തീര്‍ത്തുംഅശാസ്ത്രീയമാണെന്നും ഈ കണക്ക് തെളിയിക്കുന്നു.

എം വി പ്രദീപ്

ആര്‍ക്കെല്ലാം ഭക്ഷണം വേണമെന്ന് കേന്ദ്രം നിശ്ചയിക്കും

ഭക്ഷ്യസുരക്ഷ ആര്‍ക്കൊക്കെ വേണമെന്ന് നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കാത്തതാണ് കേന്ദ്രനിയമം. ഭക്ഷ്യസുരക്ഷാ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍: ഭക്ഷ്യസുരക്ഷാ പരിധിയില്‍ വരുന്ന വ്യക്തികള്‍ക്ക് പ്രതിമാസം അഞ്ചുകിലോ ഭക്ഷ്യധാന്യം. ഗ്രാമങ്ങളില്‍ 75 ശതമാനവും നഗരങ്ങളില്‍ 50 ശതമാനവും ജനങ്ങള്‍ പരിധിയില്‍. അന്ത്യോദയ അന്ന യോജന (എഎവൈ) പദ്ധതിയില്‍ വരുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം തുടരും. സംസ്ഥാനങ്ങളില്‍ ആരൊക്കെ പദ്ധതിയില്‍ വരണമെന്ന് കേന്ദ്രം നിശ്ചയിക്കും. അടുത്ത മൂന്നുവര്‍ഷത്തേക്ക് പദ്ധതി ഗുണഭോക്താക്കള്‍ക്ക് കിലോ മൂന്നു രൂപ നിരക്കില്‍ അരിയും രണ്ടു രൂപ നിരക്കില്‍ ഗോതമ്പും ഒരു രൂപ നിരക്കില്‍ റാഗി, ബജ്റ തുടങ്ങിയ ധാന്യങ്ങളും ഉറപ്പാക്കും. മൂന്നുവര്‍ഷം കഴിയുമ്പോള്‍ വില പുനഃപരിശോധിക്കും.

സാര്‍വത്രിക പൊതുവിതരണം ഇല്ല

ഭക്ഷ്യസുരക്ഷാ നിയമത്തില്‍ സാര്‍വത്രിക പൊതുവിതരണം എന്നൊന്നില്ല. ആദായനികുതി നല്‍കുന്നവരൊഴികെയുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക പൊതുവിതരണം ലക്ഷ്യമാക്കണമെന്ന ഇടതുപക്ഷത്തിന്റെയും സിപിഐ എമ്മിന്റെയും നിര്‍ദേശം തള്ളിയാണ് നിയമം സര്‍ക്കാര്‍ പാസ്സാക്കിയത്. ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമെ ആവശ്യമായ അളവില്‍ പഞ്ചസാര, പാചക എണ്ണ, പയര്‍വര്‍ഗങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ നിര്‍ദേശമില്ല. വ്യക്തിക്ക് അഞ്ചു കിലോ ഭക്ഷ്യധാന്യമെന്നത് ഏഴു കിലോ ആക്കി ഉയര്‍ത്തണമെന്നും കുടുംബത്തിന് ചുരുങ്ങിയത് 35 കിലോ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം ഭക്ഷ്യധാന്യവില താങ്ങുവിലയുമായി ബന്ധപ്പെടുത്തുന്ന വ്യവസ്ഥ വിലക്കയറ്റത്തിന് ഇടയാക്കും. മൂന്നു രൂപയ്ക്കുപകരം രണ്ടു രൂപയ്ക്ക് അരി നല്‍കണമെന്ന ആവശ്യവും സര്‍ക്കാര്‍ തള്ളി. ബില്ലിന് അമിതമായ കേന്ദ്രീകൃതസ്വഭാവം ഉള്ളതിനാല്‍ പദ്ധതിനടത്തിപ്പിന്റെ ചെലവ് പങ്കുവയ്ക്കല്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാരുകളോട് കൂടിയാലോചന നടത്തി സമ്മതം വാങ്ങണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചില്ല. പണം നേരിട്ട് നല്‍കുന്ന പദ്ധതി ഭക്ഷ്യസുരക്ഷയുമായി ബന്ധിപ്പിക്കരുതെന്നും സിപിഐ എം ആവശ്യപ്പെട്ടിരുന്നു.

പൊതുവിതരണ സമ്പ്രദായത്തില്‍ "ആധാര്" ഉള്‍പ്പെടുത്താന്‍ നിര്‍ദേശം

പൊതുവിതരണ സമ്പ്രദായത്തില്‍ "ആധാര്‍" ഉള്‍പ്പെടുത്താന്‍ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ നിര്‍ദേശം. ഇതോടെ ഇന്ത്യയില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്ന ആദ്യ നിയമമായിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ നിയമം. പൊതുവിതരണ സംവിധാനത്തില്‍ വരുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ഏഴാം അധ്യായത്തില്‍ 18(2) സി വകുപ്പിലാണ് ഇക്കാര്യം വിശദമാക്കുന്നത്. നിയമത്തിന്റെ ആനുകൂല്യങ്ങള്‍ പൂര്‍ണമായും ലഭ്യമാകാന്‍ സവിശേഷ തിരിച്ചറിയല്‍ രേഖയായി ആധാറും ഗുണഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങളും ഉള്‍പ്പെടുത്തണമെന്ന് ഇതില്‍ വ്യവസ്ഥചെയ്യുന്നു. പാചകവാതക സബ്സിഡി ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചത് രാജ്യമൊട്ടാകെ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ആധാര്‍ നിര്‍ബന്ധമല്ലാതാക്കിയെങ്കിലും പാചകവാതക സബ്സിഡി ലഭിക്കുന്നതിന്റെ പേരിലുള്ള നിരവധി പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇത് നിലനില്‍ക്കുമ്പോഴാണ് ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം. പാവപ്പെട്ട ജനങ്ങള്‍ക്ക് കടുത്ത ദ്രോഹമാകും ഈ നിര്‍ദേശം.

റേഷന്‍ കടകള്‍ പൂട്ടേണ്ടി വരും വിലക്കയറ്റം രൂക്ഷമാകും

ഭക്ഷ്യസുരക്ഷാനിയമം സംസ്ഥാനത്തെ റേഷന്‍ സംവിധാനം തകര്‍ത്ത് ആകെയുള്ള 14,420 റേഷന്‍ കടകളുടെ നിലനില്‍പ്പിന് ഭീഷണിയാകും . സംസ്ഥാനത്ത് ആകെയുള്ള 83 ലക്ഷം റേഷന്‍ കാര്‍ഡിന്റെ പ്രസക്തിയും നഷ്ടമാകും. കൂടാതെ സംസ്ഥാനത്തിന് കനത്ത സാമ്പത്തികഭാരമുണ്ടാക്കും. നിയമം വഴി നിശ്ചയിച്ച അളവില്‍ കൂടുതല്‍ ഭക്ഷ്യധാന്യം അനുവദിക്കുമ്പോള്‍ കേരളം കൂടുതല്‍ വില നല്‍കണം. ഇത് പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാക്കും. 46 ശതമാനംപേര്‍ പദ്ധതിയില്‍നിന്ന് പുറത്താകുന്നതോടൊപ്പം ബിപിഎല്‍ കുടുംബത്തിനു ലഭിക്കുന്ന 25 കിലോ ഭക്ഷ്യധാന്യത്തില്‍ വലിയ നഷ്ടവുമുണ്ടാകും.

പൊതുവിതരണസംവിധാനം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കേരളവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പുതിയനിയമം വിപത്തുണ്ടാക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് മലയാളികൂടിയായ ഭക്ഷ്യമന്ത്രി നിയമം നിര്‍മിച്ചത്. പദ്ധതിപ്രകാരം കേരളത്തിനു നിശ്ചയിച്ച സബ്സിഡി ഭക്ഷ്യധാന്യത്തിന്റെ അളവ് വര്‍ഷം 14.25 ലക്ഷം ടണ്ണാണ്. ഈ അളവില്‍ കൂടുതല്‍ അനുവദിക്കുന്ന അരിക്ക് ഇനി തുറന്നവിപണി പദ്ധതി (ഒഎംഎസ്) പ്രകാരം കൂടിയവില നല്‍കണം. ഇത് പൊതുവിപണിയിലെ അരിവില കുത്തനെ വര്‍ധിപ്പിക്കും. മൂന്നുവര്‍ഷമായി കേരളം എടുക്കുന്ന അരിയുടെ ശരാശരി 14.25 ലക്ഷം ടണ്ണാണ്. ഇക്കാലയളവില്‍ അനുവദിച്ച അധികവിഹിതത്തിന് നിയമപ്രകാരം അര്‍ഹതയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ 83 ലക്ഷം റേഷന്‍ കാര്‍ഡില്‍ 14,90,000 കാര്‍ഡ്ബിപിഎല്‍ കുടുംബത്തിന്റേതാണ്. അന്ത്യോദയ-അന്നയോജന പദ്ധതിയില്‍ 5,93,207 കാര്‍ഡുണ്ട്. ബാക്കിയുള്ള എപിഎല്‍ കാര്‍ഡില്‍ 14 ലക്ഷം കാര്‍ഡിന് സബ്സിഡിയോടെ ഭക്ഷണസാമഗ്രികള്‍ ലഭിക്കും. ശേഷമുള്ള കാര്‍ഡ് മുഴുവന്‍ എപിഎല്‍ വിഭാഗത്തിലാണ്. എന്നാല്‍, ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ തന്നെ കേരളത്തില്‍ റേഷന്‍ വിതരണം തകരാറിലാണ്. ഭക്ഷ്യസുരക്ഷാനിയമം ഇല്ലാതിരുന്ന മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബിപിഎല്‍ കുടുംബത്തിന് 2 രൂപയ്ക്ക് 25 കിലോ അരിയും ഏഴു കിലോ ഗോതമ്പും നല്‍കിയിരുന്നു. അന്ത്യോദയ കാര്‍ഡിന് മാസംതോറും 35 കിലോ നല്‍കിയിരുന്നു. എന്നാല്‍, ഭക്ഷ്യസുരക്ഷാനിയമം വന്നശേഷം കേരളത്തില്‍ യുഡിഎഫ് നല്‍കുന്ന റേഷന്റെ അളവുകോല്‍ മാത്രംമതി ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പൊള്ളത്തരം അറിയാന്‍. കഴിഞ്ഞമാസം റേഷന്‍ കടകളില്‍ 22 കിലോ അരിയും 2 കിലോ ഗോതമ്പുമാണ് നല്‍കിയത്. എപിഎല്‍ വിഭാഗത്തിന് സബ്സിഡി അരി 9 കിലോയായി വെട്ടിച്ചുരുക്കി. ഗോതമ്പ് നല്‍കിയിട്ടില്ല. 21 രൂപയ്ക്ക് എപിഎല്‍ വിഭാഗത്തിനു നല്‍കുന്ന അരിയാകട്ടെ റേഷന്‍ കടകളില്‍ പേരിനു മാത്രമാണ് എത്തിയത്. ആദ്യം എത്തിയ കുറച്ചുപേര്‍ക്കു മാത്രം അരി നല്‍കിയശേഷം പിന്നാലെ എത്തിയവരെ കാലിച്ചാക്ക് കാണിച്ച് മടക്കി അയക്കുകയായിരുന്നു.

മണ്ണെണ്ണയും മുട്ടിച്ചു

ഭക്ഷ്യസുരക്ഷാ നിയമത്തെ മഹത്വവല്‍ക്കരിച്ചും അതിന്റെ പിതൃത്വം പ്രചരിപ്പിക്കാനുമായി കോടികള്‍ ചെലവഴിച്ച് കേന്ദ്രഭക്ഷ്യസഹമന്ത്രി കെ വി തോമസ് നല്‍കിയ "പെയ്ഡ്ന്യൂസ്" മോഡല്‍ പരസ്യത്തില്‍ തീരദേശജനതയെ മറന്നു. സംസ്ഥാനത്തിനുള്ള സബ്സിഡി മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ച് ലക്ഷക്കണക്കിന് മത്സ്യബന്ധനത്തൊഴിലാളികളെ ദുരിതക്കടലിലെറിഞ്ഞ മന്ത്രിയാണ് കെ വി തോമസ്. സബ്സിഡി മണ്ണെണ്ണ ലഭിക്കാതെ മത്സ്യബന്ധനം കേരളത്തില്‍ പേരിനു മാത്രമായതോടെ തീരദേശങ്ങളിലെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. മത്സ്യബന്ധനം കുറഞ്ഞതോടെ മീനിന് തീവിലയായി. മത്തിക്കുപോലും വില ഇരട്ടിയിലേറെ വര്‍ധിച്ചു. മത്സ്യബന്ധനവും അനുബന്ധ മത്സ്യമേഖലയും തീരാദുരിതത്തിലേക്ക് എടുത്തെറിയപ്പെട്ടു.

കേരളത്തിനുള്ള മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ച കേന്ദ്രനടപടിയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 2011 ജൂണ്‍വരെ 15,660 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേന്ദ്രം കേരളത്തിന് നല്‍കിക്കൊണ്ടിരുന്നത്. അത് വെട്ടിച്ചുരുക്കി 10,600 ലിറ്ററാക്കിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. സബ്സിഡി നിരക്കില്‍ 20 രൂപയ്ക്ക് കിട്ടിക്കൊണ്ടിരുന്ന മണ്ണെണ്ണ കിട്ടാതായതോടെ കരിഞ്ചന്തയില്‍ മണ്ണെണ്ണയ്ക്ക് തീവിലയായി. ഇത് തടയാനുള്ള നടപടിയൊന്നും ഉണ്ടായില്ല. ലിറ്ററിന് 60 മുതല്‍ 80 രൂപവരെ ഇന്ന് കരിഞ്ചന്തയില്‍ മണ്ണെണ്ണയ്ക്കുണ്ട്. ഇത്ര വലിയ തുകയ്ക്ക് എണ്ണ വാങ്ങി എന്‍ജിന്‍ഘടിപ്പിച്ച വള്ളത്തില്‍ കടലില്‍പോയാല്‍ കടക്കെണിയില്‍ കുരുങ്ങുമെന്നല്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നുവന്നതോടെ തീരദേശങ്ങളില്‍ കൂട്ടത്തോടെ ആളുകള്‍ മത്സ്യബന്ധനം ഉപേക്ഷിച്ചു.

കേരളത്തിലെ മത്സ്യമേഖലയ്ക്ക് പ്രത്യേകമായി മണ്ണെണ്ണ അനുവദിക്കുന്നില്ലെങ്കിലും ആകെ അനുവദിക്കുന്നതില്‍ ഒരു വിഹിതം സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വഴി മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. വെട്ടിക്കുറച്ച മണ്ണെണ്ണ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ വര്‍ധിക്കുമ്പോഴും കേന്ദ്രമന്ത്രിക്ക് കുലുക്കമില്ല. വെട്ടിക്കുറച്ച മണ്ണെണ്ണ പുനഃസ്ഥാപിക്കുന്ന പ്രശ്നമില്ലെന്ന് ആവര്‍ത്തിക്കുന്ന മന്ത്രി വിപണിവിലയ്ക്ക് വേണമെങ്കില്‍ തരാം എന്ന ഔദാര്യമേ കാണിക്കുന്നുള്ളൂ. വിപണി വിലയ്ക്ക് മണ്ണെണ്ണയുമായി കടലില്‍പോയാല്‍ ഒരു കിലോ മത്തിക്ക് 200 രൂപ വാങ്ങിത്തരുമോ എന്നാണ് മത്സ്യത്തൊഴിലാളികളുടെ ചോദ്യം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മന്ത്രി മുഖം മിനുക്കാന്‍ പരസ്യത്തിന് തുലയ്ക്കുന്ന കോടികള്‍ ഉണ്ടായാല്‍മാത്രം മതി കേരളത്തിലെ തീരദേശം രക്ഷപ്പെടാനെന്ന് മത്സ്യമേഖലയിലെ തൊഴിലാളി നേതാക്കള്‍ ഒന്നടങ്കം പറയുന്നു.

deshabhimani

No comments:

Post a Comment