Monday, March 10, 2014

റംലത്തിന്റെ അന്നവും മുട്ടി

മട്ടാഞ്ചേരി ചക്കാമാടത്തെ 65 പിന്നിട്ട റംലത്തിന് ഇതുപോലൊരു ദുരിതം അനുഭവിക്കേണ്ടിവന്നിട്ടില്ല. ഭര്‍ത്താവു മരിച്ച് 20 വര്‍ഷം പിന്നിട്ടു. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തില്‍ റേഷന്‍വിഹിതം വാങ്ങാനായതിനാല്‍ പട്ടിണികിടന്നില്ല. എന്നാല്‍, ഇപ്പോള്‍ സ്ഥിതി അതല്ല. ബിപിഎല്‍ റേഷന്‍കാര്‍ഡ് എപിഎല്‍ ആക്കി. ദുരിതവും തുടങ്ങി. അരി എപ്പോള്‍ കിട്ടുമെന്നോ എത്ര കിട്ടുമെന്നോ ഒരു ഉറപ്പുമില്ല.

പ്രമേഹം അലട്ടുമ്പോള്‍ ഒരു തരി ഗോതമ്പ് വാങ്ങി കഴിക്കാമെന്ന് വിചാരിച്ചാലോ, അത് പേരിനുപോലും റേഷന്‍ കടയിലില്ല. കൊട്ടിഘോഷിച്ച് രാജ്യത്തുടനീളം ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയ കേന്ദ്രമന്ത്രിയുടെ മണ്ഡലത്തിലെ വോട്ടറാണ് റംലത്ത്. സംസ്ഥാനത്ത് റേഷന്‍ നിഷേധിക്കപ്പെട്ട അനേകം പാവപ്പെട്ടവരില്‍ ഒരാള്‍. പെണ്‍മക്കളെ വിവാഹംകഴിച്ചയക്കാന്‍ വീടു വില്‍ക്കേണ്ടി വന്ന ഇവര്‍ പലപ്പോഴും അര്‍ധപട്ടിണിയിലാണ്. മലയാളിയായ മന്ത്രി അഭിമാനപൂര്‍വം അവതരിപ്പിച്ച ഭക്ഷ്യസുരക്ഷാ നിയമം കേരളത്തിന് ഏറെ ആഘാതമാണുണ്ടാക്കിയത്.

1965 ജൂലൈ ഒന്നുമുതല്‍ രാജ്യത്തിനു മാതൃകയായി ഇവിടെ ആരംഭിച്ച സാര്‍വത്രിക റേഷനിങ് സമ്പ്രദായത്തിന്റെ കടയ്ക്കലാണ് അത് കത്തിവച്ചത്. സര്‍ക്കാരിന്റെ കണക്കുപ്രകാരം പ്രതിവര്‍ഷം കേരളത്തിന് ആവശ്യമായ അരി 35.58 ലക്ഷം ടണ്ണാണ്. 5.24 ലക്ഷം ടണ്‍ ഗോതമ്പും. എന്നാല്‍, ഭക്ഷ്യസുരക്ഷാ നിയമം കേരളത്തിന് ഉറപ്പുനല്‍കുന്നതാകട്ടെ അരിയും ഗോതമ്പും ഉള്‍പ്പെടെ 14 ലക്ഷം ടണ്‍ മാത്രം. ഫലത്തില്‍ പകുതിയിലേറെ പേര്‍ക്കും അര്‍ഹമായ റേഷന്‍ നിഷേധിക്കപ്പെടുകയാണ്.

ബിപിഎല്‍, അന്ത്യോദയാ അന്നയോജനാ പദ്ധതിക്കാര്‍ക്കുപോലും വാഗ്ദാനംചെയ്ത ധാന്യം ലഭിക്കുന്നില്ല. എപിഎലുകാര്‍ക്ക് ഗോതമ്പും പൂര്‍ണമായി നിഷേധിക്കപ്പെട്ടു. തെരഞ്ഞെടുപ്പു കണ്ട് എപിഎലുകാര്‍ക്ക് രണ്ടുമാസത്തേക്ക് മൂന്നുകിലോവീതം ഗോതമ്പ് നല്‍കാന്‍ ധാരണയായെങ്കിലും രണ്ടു രൂപയ്ക്കു പകരം 6.70 രൂപ നല്‍കണം. ഇതും കൃത്യമായി ലഭിക്കാത്ത സ്ഥിതിയുണ്ട്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് കേരളത്തില്‍ 64 ലക്ഷം റേഷന്‍കാര്‍ഡുകള്‍ ഉണ്ടായിരുന്നപ്പോള്‍ അനുവദിച്ചിരുന്നത് വര്‍ഷം 24 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമായിരുന്നു. എന്നാല്‍, ഇപ്പോള്‍ 81,38,828 കാര്‍ഡുകളുണ്ട്.

17 ലക്ഷം കാര്‍ഡുകള്‍ കൂടിയപ്പോള്‍ അനുവദിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് 10 ലക്ഷത്തോളം ടണ്‍ കുറച്ചു. രാജ്യത്തിന് ആവശ്യമായതിനെക്കാള്‍ മൂന്നിരട്ടിയോളം ഭക്ഷ്യധാന്യം സ്റ്റോക്കുള്ളപ്പോഴാണിത്. ഭക്ഷ്യസുരക്ഷാ നിയമം മുന്‍നിര്‍ത്തി ഗവേഷണം നടത്തുന്ന സര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക് റിസര്‍ച്ച് കൃഷിമന്ത്രാലയത്തെ ഉദ്ധരിച്ചു വ്യക്തമാക്കുന്നത് ധാന്യ ഉല്‍പ്പാദനരംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയതെന്നാണ്.

2013-14ല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 4.8 ശതമാനം കാര്‍ഷികമേഖലയുടെ സംഭാവനയാണ്. 2012-13ല്‍ ഇത് 1.9 ശതമാനം മാത്രമായിരുന്നു. ലോകത്തുതന്നെ ഏറ്റവുമധികം അരി കയറ്റുമതിചെയ്യുന്ന രാജ്യമായും ഇന്ത്യ മാറി. ഈ ഘട്ടത്തിലും കൊടിയ അവഗണനയാണ് റേഷന്റെ കാര്യത്തില്‍ കേരളം നേരിടുന്നത്. സമൃദ്ധമായി ജീവിച്ചിരുന്നവരെ ഒരു സുപ്രഭാതത്തില്‍ ഭിക്ഷക്കാരാക്കുകയായിരുന്നു. ഇതിന് നേതൃത്വം നല്‍കുന്നതാകട്ടെ മലയാളിയായ കേന്ദ്ര ഭക്ഷ്യമന്ത്രിയും.

ഷഫീഖ് അമരാവതി ദേശാഭിമാനി

No comments:

Post a Comment