വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഒളിഞ്ഞുനോട്ടവും ഒരുതരം മനോരോഗമാണ്. കുളിമുറിയിലും ടോയ്ലറ്റിലും ക്യാമറ ഒളിപ്പിച്ചുവച്ച് പെണ്‍കുട്ടികളുടെ ചിത്രമെടുത്ത് വില്‍പ്പന നടത്തുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടെയും നിലവാരംതന്നെയാണ്, ഒരാളുടെ സ്വകാര്യ നിമിഷങ്ങളോ സന്ദര്‍ഭങ്ങളോ സംഭാഷണങ്ങളോ അയാളറിയാതെ ചോര്‍ത്തിയെടുത്ത് വാര്‍ത്തയാക്കുന്നവരുടേതും.
ബ്രിട്ടനില്‍ ലോകമാധ്യമ രാജാവ് റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള 'ന്യൂസ് ഓഫ് ദ വേള്‍ഡ്' എന്ന പത്ര(ടാബ്ളോയിഡ്)ത്തിനുനേരെ നടക്കുന്ന പൊലീസന്വേഷണം മാധ്യമരംഗം ഇന്ന് എത്തിപ്പെട്ട ദുഷിച്ച അവസ്ഥയിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്. അന്നാട്ടിലെ ആയിരക്കണക്കിന് പ്രമുഖ വ്യക്തികളുടെ മൊബൈല്‍ഫോണിലെത്തുന്ന എസ്എംഎസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സ്വകാര്യഡിറ്റക്ടീവുകളെ വാടകയ്ക്കെടുത്ത് 'ന്യൂസ് ഓഫ് ദ വേള്‍ഡ്' ഉപയോഗപ്പെടുത്തി എന്ന വാര്‍ത്തയെത്തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. രാഷ്ട്രീയനേതാക്കളുടെയും ഇതരമേഖലകളിലെ പ്രമുഖരുടെയും രഹസ്യ വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് 'ദ ഗാര്‍ഡിയന്‍' പത്രമാണ് വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തത്. ലണ്ടന്‍ മേയര്‍ ബോറിസ് ജോസ, മുന്‍ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ജോ പ്രസ്കോട്ട് തുടങ്ങിയവരാണ് ഇങ്ങനെയുള്ള ചോര്‍ത്തലിനിരയായത്. ക്രിമിനല്‍ മാര്‍ഗങ്ങളിലൂടെ തുടര്‍ച്ചയായി വാര്‍ത്തകള്‍ ചോര്‍ത്തിയെടുത്തതിന്റെ പേരില്‍ തങ്ങളുടെ പത്രപ്രവര്‍ത്തകര്‍ നിയമക്കുരുക്കില്‍പെട്ടപ്പോള്‍ അവരെ രക്ഷപ്പെടുത്താന്‍ 'ന്യൂസ് ഓഫ് ദ വേള്‍ഡ്' പത്തുലക്ഷം പൌണ്ടിലേറെ പണം ചെലവിട്ടെന്നും വാര്‍ത്തകളില്‍ പറയുന്നു. ബക്കിങ്ഹാം കൊട്ടാരത്തിലെ മൂന്ന് ഉദ്യാഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയത് കണ്ടുപിടിക്കപ്പെട്ട് ഇതേ പത്രത്തിന്റെ ലേഖകന്‍ ക്ളൈവ് ഗുഡ്മാന്‍ ജയിലിലായിരുന്നു.
വാര്‍ത്ത എങ്ങനെയൊക്കെയാണ് ശേഖരിക്കുന്നതെന്ന് തനിക്കറിയില്ലെന്നാണ് റൂപ്പര്‍ട്ട് മര്‍ഡോക്ക് പറയുന്നത്. എന്നാല്‍, മാധ്യമപ്രവര്‍ത്തനം ഏതൊക്കെ അരുതാത്ത വഴികളിലൂടെയാണ് സഞ്ചരിക്കുന്നത് എന്നതിന്റെ തര്‍ക്കമറ്റ തെളിവാണ് ഈ സംഭവങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇതാകട്ടെ, ഇംഗ്ളണ്ടില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രതിഭാസവുമല്ല. വാര്‍ത്ത വാര്‍ത്തയായി വായനക്കാരിലെത്തിക്കുന്നതിനു പകരം വികാരത്തള്ളിച്ചയുണ്ടാക്കാനും വിവാദമുണ്ടാക്കാനും കുറുക്കുവഴികളും കുതന്ത്രങ്ങളും സ്വീകരിക്കുന്നു എന്നതാണ് സമീപകാലത്ത് മാധ്യമങ്ങള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള പൊതുവിമര്‍ശം. ലോകത്താകെ ഈ ദുഷ്പ്രവണത വളര്‍ന്നുവരികയാണ്.
വാര്‍ത്താസ്ഥലം വിലപറഞ്ഞു വില്‍ക്കുകയും വ്യാജവാര്‍ത്തകള്‍ രാഷ്ട്രീയ സങ്കുചിത ലക്ഷ്യങ്ങള്‍ക്കായി സൃഷ്ടിച്ച് സംഘടിതമായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന എത്രയോ അനുഭവങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ടായിട്ടുണ്ട്. ഇതൊക്കെ വിമര്‍ശനാത്മകമായി പരിശോധിക്കേണ്ട മാധ്യമ പ്രവര്‍ത്തക സംഘടനകള്‍പോലും സങ്കുചിത രാഷ്ട്രീയ കൌശലങ്ങളുടെ വലയില്‍പെട്ടുപോകുന്നു. സ്വയം തിരുത്തിയില്ലെങ്കില്‍, ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ ചെയ്യപ്പെടാനുള്ളവരാണ് തങ്ങള്‍ എന്ന ബോധ്യം മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉണ്ടാകേണ്ടതുണ്ട്. എല്ലാ പൌരന്മാര്‍ക്കും ബാധകമായ നിയമം തന്നെയാണ് അവര്‍ക്കുമുന്നിലുമുള്ളത്. വ്യാജവാര്‍ത്താ സൃഷ്ടി മോഷണംപോലത്തെ കുറ്റമാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ശിക്ഷാര്‍ഹമായ അതിക്രമവും അശ്ളീലവുമാണെന്നും തിരിച്ചറിഞ്ഞില്ലെങ്കില്‍ നിയമം മാത്രമല്ല, ആത്മാഭിമാനമുള്ള ജനങ്ങളും ഈ മാധ്യമകാപട്യക്കാരെ വിടാന്‍ പോകുന്നില്ല. എന്തിനെയും ഏതിനെയും ആരെയും വിമര്‍ശിക്കാനും ഭര്‍ത്സിക്കാനും ലൈസന്‍സുണ്ടെന്ന് സ്വയം കരുതുന്നവര്‍ സ്വയം വിമര്‍ശനത്തിനും തയ്യാറാകട്ടെ. അതല്ലെങ്കില്‍, ലണ്ടന്‍ പൊലീസ് മര്‍ഡോക്കിന്റെ അരുമകളെ കൈകാര്യംചെയ്യുന്നത് എങ്ങനെ എന്നെങ്കിലും കാണട്ടെ.
ദേശാഭിമാനി മുഖപ്രസംഗം 11 ജൂലൈ 2009
വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഒളിഞ്ഞുനോട്ടവും ഒരുതരം മനോരോഗമാണ്. കുളിമുറിയിലും ടോയ്ലറ്റിലും ക്യാമറ ഒളിപ്പിച്ചുവച്ച് പെണ്‍കുട്ടികളുടെ ചിത്രമെടുത്ത് വില്‍പ്പന നടത്തുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടെയും നിലവാരംതന്നെയാണ്, ഒരാളുടെ സ്വകാര്യ നിമിഷങ്ങളോ സന്ദര്‍ഭങ്ങളോ സംഭാഷണങ്ങളോ അയാളറിയാതെ ചോര്‍ത്തിയെടുത്ത് വാര്‍ത്തയാക്കുന്നവരുടേതും.
ReplyDeleteവ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഒളിഞ്ഞുനോട്ടവും ഒരുതരം മനോരോഗമാണ്.
ReplyDeleteനമ്മുടെ നാട്ടിലെ മിക്ക ചാനകളുടെയും രോഗം അതുതന്നെയാണ്