Friday, July 31, 2009

'കെട്ടുകഥകള്‍ പ്രചരിപ്പിച്ച്‌ സമരം, പിന്നെ പിരിച്ചുവിടല്‍'

കൃത്യം അരനൂറ്റാണ്ടുമുമ്പ്‌ ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ച്‌ രാഷ്‌ട്രപതി പിരിച്ചുവിട്ട ഇ.എം.എസ്‌. മന്ത്രി സഭയുടെ കാലത്ത്‌ എം.എല്‍.എയായിരുന്ന വെളിയം ഭാര്‍ഗവന്‍ അക്കാലം ഓര്‍മിക്കുന്നു.

''കമ്യൂണിസ്‌റ്റുകാര്‍ ഏതെങ്കിലും ഒരു സംസ്‌ഥാനത്ത്‌ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നാല്‍ അതോടെ എല്ലാമായെന്ന ധാരണ ഞങ്ങള്‍ക്കില്ല. എല്ലാ ജനാധിപത്യ മര്യാദകളേയും കാറ്റില്‍ പറത്തി കേരളത്തിനു മാത്രമല്ല രാജ്യത്തിനാകെ അപമാനമുണ്ടാക്കിയ സംഭവമാണ്‌ 1959-ല്‍ ഇവിടെ നടന്നത്‌.''

ഇ.എം.എസ്‌ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പ്രഥമ കമ്യൂണിസ്‌റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടതിന്റെ അന്‍പതാം വാര്‍ഷികത്തെ അനുസ്‌മരിച്ച്‌ സി.പി.ഐ സംസ്‌ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനാണ്‌ ഇത്‌ പറഞ്ഞത്‌. പിരിച്ചുവിട്ടതിന്റെ അന്‍പതാം വാര്‍ഷികമാണ്‌ ഇന്ന്‌.

വിമോചന സമരത്തെ സഹായിക്കാനായിരുന്നു ഇന്ദിരാഗാന്ധി ഇടപെട്ട്‌ മന്ത്രിസഭയെ പിരിച്ചുവിട്ടതെന്ന്‌ അന്നു നിയമസഭാംഗമായിരുന്ന വെളിയം മംഗളത്തോടു പറഞ്ഞു. 1957-ലെ കമ്യൂണിസ്‌റ്റ് മന്ത്രിസഭയെ ചരിത്രത്തിന്‌ ഒരിക്കലും വിസ്‌മരിക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്‌റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുന്നത്‌ അസാധാരണ സംഭവമായാണ്‌ മിക്കവരും കണക്കാക്കിയത്‌. ബ്രിട്ടന്‍, ഫ്രാന്‍സ്‌, ജര്‍മനി, ഇറ്റലി, യൂറോപ്യന്‍ രാജ്യങ്ങള്‍ ഇവരെല്ലാം വസ്‌തുത മനസിലാക്കാന്‍ ഇന്ത്യന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി നേതാക്കളെ ആ രാജ്യങ്ങളിലേക്കു ക്ഷണിച്ചു. അതില്‍ ചില രാജ്യങ്ങളില്‍ എം.എന്‍.ഗോവിന്ദന്‍ നായര്‍ പോയി. ഇന്ത്യയിലെ എല്ലാ പിന്തിരിപ്പന്‍ ശക്‌തികള്‍ക്കും ചിന്തിക്കാനാവാത്ത സംഭവമായിരുന്നു കമ്യൂണിസ്‌റ്റുകാര്‍ ഭരണത്തില്‍വന്നത്‌. എന്തോ അവര്‍ക്ക്‌ അത്‌ അസഹ്യമായിപ്പോയി. നേരിയ ഭൂരിപക്ഷമേ കമ്യൂണിസ്‌റ്റ്കാര്‍ക്ക്‌ ഉണ്ടായിരുന്നുള്ളു.

രണ്ട്‌ എം.എല്‍.എമാരുടെ ഭൂരിപക്ഷം മാത്രം. ഒരു നിയന്ത്രണവുമില്ലാതെ വിദ്യാഭ്യാസരംഗം കൈയടക്കിവച്ചിരുന്ന സ്വകാര്യ മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവന്നതും ജന്മിത്തം അവസാനിപ്പിക്കാന്‍ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നതും മത-സാമുദായിക പിന്തിരിപ്പന്‍ ശക്‌തികളെ ചൊടിപ്പിച്ചു. എന്തെല്ലാം അസത്യപ്രചാരവേലകളാണ്‌ അവര്‍ നടത്തിയത്‌. കമ്യൂണിസ്‌റ്റുകാര്‍ അധികാരത്തിലിരുന്നാല്‍ പള്ളികളും അമ്പലങ്ങളും അടപ്പിക്കും. മതപരമായ കാര്യങ്ങള്‍ക്കെല്ലാം തടസമുണ്ടാക്കും. അതുകൊണ്ട്‌ വിശ്വാസികളും സാമുദായിക സംഘടനകളും എല്ലാം എന്തു വിലകൊടുത്തും പോരാടി മന്ത്രിസഭയെ പുറത്താക്കണമെന്നാണ്‌ കോണ്‍ഗ്രസും ജാതി-മത സംഘടനകളും മറ്റു പ്രതിലോമ ശക്‌തികളും ചേര്‍ന്നു പ്രചരിപ്പിച്ചത്‌. ഒരു അടിസ്‌ഥാനവുമില്ലാത്ത കെട്ടുകഥകളാണവ. പാവപ്പെട്ടവര്‍, പ്രത്യേകിച്ച്‌ മതന്യൂനപക്ഷത്തിലുള്ളവര്‍ ഈ പ്രചാരണത്തില്‍ കുടുങ്ങി. അവരെയെല്ലാം സര്‍ക്കാരിനെതിരായി രംഗത്തിറക്കാന്‍ പ്രചാരവേല പ്രയോജനപ്പെടുത്തി. സര്‍ക്കാരിനെതിരേ പല സമരങ്ങള്‍ നടന്നു. ഒടുവില്‍ എല്ലാം വിമോചനസമരമായി കലാശിക്കുകയായിരുന്നുവെന്ന്‌ വെളിയം ഭാര്‍ഗവന്‍ അനുസ്‌മരിച്ചു.

വിദ്യാഭ്യാസ രംഗത്തെ സ്‌ഥാപിത താത്‌പര്യക്കാരും ഭൂപരിഷ്‌കരണത്തിനെതിരായി ജന്മിമാരും കൈകോര്‍ത്തതോടെ വിമോചനസമരത്തിനു തുടക്കമായി. അന്നു നിയമസഭയില്‍െ കൊളാടി ഗോവിന്ദന്‍കുട്ടി, രാജഗോപാലനന്‍ നായര്‍, ഇ.ചന്ദ്രശേഖരന്‍ നായര്‍, ഞാന്‍-ചെറുപ്പക്കാരായ ഞങ്ങള്‍ എല്ലാവരും സര്‍ക്കാരിന്റെ നടപടികളെ ശക്‌തമായി ന്യായീകരിക്കുമായിരുന്നു. ജിഞ്ചര്‍ ഗ്രൂപ്പ്‌ എന്നാണ്‌ പത്രക്കാര്‍ ഞങ്ങളെ വിളിച്ചിരുന്നത്‌. ഞങ്ങള്‍ക്ക്‌ ഒരു ഗ്രൂപ്പുമില്ലെന്നതു വേറേ കാര്യം. ഈ പിള്ളേര്‍ എന്തൊക്കെയാണു ചെയ്യുന്നതെന്നു സഭയിലെ കാരണവന്മാര്‍ ചോദിക്കാറുണ്ട്‌. പട്ടം താണുപിള്ളയും പി.ടി.ചാക്കോയും മറ്റുമൊക്കെയായിരുന്നു എതിര്‍പക്ഷത്ത്‌.

നേരിയ ഭൂരിപക്ഷമേ സര്‍ക്കാരിനുണ്ടായിരുന്നുള്ളുവെങ്കിലും കൂറുമാറ്റം നടത്തി മന്ത്രിസഭയെ മറിച്ചിടാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല. പ്രലോഭനങ്ങള്‍ക്കു വഴിപ്പെടാന്‍ ഒരാളെപ്പോലും കിട്ടിയില്ല. 65 എം.എല്‍.എമാരും ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നു വെളിയം അനുസ്‌മരിച്ചു.

അന്ന്‌ എം.എല്‍.എ.മാര്‍ക്ക്‌ താമസിക്കാന്‍ ഇന്നത്തെപ്പോലെ ഹോസ്‌റ്റലില്ല. മാസം 150 രൂപ അലവന്‍സ്‌ കിട്ടും. രണ്ടുകൊല്ലം എം.എല്‍.എ ആയിരുന്നപ്പോള്‍ രണ്ടായിരം കടമുണ്ടായെന്ന്‌ അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ അടിമുടി മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവരാണ്‌ കമ്യൂണിസ്‌റ്റുകാര്‍. എല്ലാവര്‍ക്കും മാന്യമായി ജീവിക്കാന്‍ കഴിയുന്ന സമൂഹം ഉണ്ടാക്കാനാണ്‌ കമ്യൂണിസ്‌റ്റുകാര്‍ ശ്രമിക്കുന്നതെന്ന്‌ വെളിയം പറഞ്ഞു.

കടപ്പാട്: മംഗളം ദിനപ്പത്രം 31-07-09

1 comment:

  1. കൃത്യം അരനൂറ്റാണ്ടുമുമ്പ്‌ ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ച്‌ രാഷ്‌ട്രപതി പിരിച്ചുവിട്ട ഇ.എം.എസ്‌. മന്ത്രി സഭയുടെ കാലത്ത്‌ എം.എല്‍.എയായിരുന്ന വെളിയം ഭാര്‍ഗവന്‍ അക്കാലം ഓര്‍മിക്കുന്നു.

    ''കമ്യൂണിസ്‌റ്റുകാര്‍ ഏതെങ്കിലും ഒരു സംസ്‌ഥാനത്ത്‌ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നാല്‍ അതോടെ എല്ലാമായെന്ന ധാരണ ഞങ്ങള്‍ക്കില്ല. എല്ലാ ജനാധിപത്യ മര്യാദകളേയും കാറ്റില്‍ പറത്തി കേരളത്തിനു മാത്രമല്ല രാജ്യത്തിനാകെ അപമാനമുണ്ടാക്കിയ സംഭവമാണ്‌ 1959-ല്‍ ഇവിടെ നടന്നത്‌.''

    ഇ.എം.എസ്‌ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പ്രഥമ കമ്യൂണിസ്‌റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടതിന്റെ അന്‍പതാം വാര്‍ഷികത്തെ അനുസ്‌മരിച്ച്‌ സി.പി.ഐ സംസ്‌ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനാണ്‌ ഇത്‌ പറഞ്ഞത്‌. പിരിച്ചുവിട്ടതിന്റെ അന്‍പതാം വാര്‍ഷികമാണ്‌ ഇന്ന്‌.

    ReplyDelete