Wednesday, July 8, 2009

ഗൌരിയമ്മയ്ക്ക് നവതി

ആധുനികകേരളത്തിന്റെ സാമൂഹ്യമാറ്റത്തിനുള്ള പോരാട്ടങ്ങളിലും ഭരണനിര്‍വഹണത്തിലും ഭാഗഭാക്കായ ഗൌരിയമ്മക്ക് 14ന് തൊണ്ണൂറ് വയസ്സ്. ഔപചാരിക ആഘോഷം വ്യാഴാഴ്ച ആലപ്പുഴയില്‍ നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും സാമൂഹ്യ-രാഷ്ട്രീയരംഗത്തെ പ്രമുഖരും നവതിയാശംസിക്കാന്‍എത്തും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പമുള്ള പോരാട്ടങ്ങളില്‍ വിപ്ളവകേരളത്തിന്റെ വീരപുത്രിയെന്ന വിശേഷണത്തിന് അര്‍ഹയായ ഗൌരിയമ്മക്ക് രാഷ്ട്രീയ തീരുമാനങ്ങളില്‍ ഇടക്ക് കാലിടറി. ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണ്. സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരായ പ്രതിഷേധാഗ്നി തൊണ്ണൂറാം വയസ്സിലും ഗൌരിയമ്മ കെടാതെ സൂക്ഷിക്കുന്നു.

നവതിയുടെ നിറവില്‍ ഗൌരിയമ്മ ദേശാഭിമാനിയോട്.

? തിരിഞ്ഞുനോക്കുമ്പോള്‍

രാഷ്ട്രീയത്തിനു ആദര്‍ശമില്ലാതായി.

? യുഡിഎഫിനൊപ്പം പോയത് ശരിയോ

അതൊരു കരാറായിരുന്നു. യോജിക്കാവുന്ന കാര്യങ്ങളില്‍ യോജിക്കും. അല്ലാത്ത കാര്യങ്ങളില്‍ ഇപ്പോഴും വിയോജിക്കുന്നുണ്ട്.

? കേരളത്തിലെ മുന്നണിസംവിധാനത്തിന്റെ ഗുണദോഷം വിലയിരുത്താമോ

അക്കാര്യത്തില്‍ ഞാന്‍ വേണ്ടത്ര ആലോചിട്ടില്ല. എന്നാല്‍ ഇതുസംബന്ധിച്ച് ഗൌരവമായ ചര്‍ച്ച ഉണ്ടാകണം.

കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിച്ചതിനെ പ്രധാന നേട്ടമായി കാണുന്ന ഗൌരിയമ്മ ആദ്യകമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായിരുന്നെന്നും കൂട്ടിചേര്‍ത്തു.

വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്ത പട്ടണക്കാട് വീയാത്രയില്‍ കളത്തിപ്പറമ്പില്‍ രാമന്റെയും പാര്‍വതിയുടെയും പത്തുമക്കളില്‍ ഏഴാമതായി 1919 ജൂലൈ 14നായിരുന്നു ഗൌരിയമ്മയുടെ ജനനം. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിഎയും എറണാകുളം ലോ കോളേജില്‍നിന്നു നിയമബിരുദവും നേടി. അക്കാലത്ത് നിയമബിരുദം നേടിയ വളരെ കുറച്ച് വനിതകളില്‍ ഒരാളായിരുന്നു അവര്‍. കോളേജ് പഠനകാലത്ത് പൊതുപ്രവര്‍ത്തനം തുടങ്ങി. 1948ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. തിരു-കൊച്ചി നിയമസഭയിലേക്ക് 1952ല്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയായി മത്സരിച്ചു.പരാജയപ്പെട്ടു. കേരളപ്പിറവിക്കുശേഷം 1957മുതല്‍ 2006വരെയുള്ള നിയമസഭാതെരഞ്ഞെടുപ്പ് പേരാട്ടങ്ങളില്‍ 1977, 2006 വര്‍ഷങ്ങളില്‍ മാത്രം പരാജയപ്പെട്ടു. 1957ലെ ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭയിലും '67, '80, '87 കാലത്തെ ഇടതുപക്ഷ നേതൃത്വമുള്ള മന്ത്രിസഭകളിലും അംഗമായി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1964 പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐ എമ്മിനൊപ്പം നിന്നു. സംഘടനാചട്ടങ്ങള്‍ ലംഘിച്ചപ്പോള്‍ 1994ല്‍ ഗൌരിയമ്മയെ സിപിഐ എം പുറത്താക്കി. തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമായി. 2001-06ല്‍് യുഡിഎഫ് സര്‍ക്കാരില്‍ കൃഷിമന്ത്രിയായി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെയും പിന്നീട് സിപിഐയുടെയും നേതാവായിരുന്ന ടി വി തോമസാണ് ഭര്‍ത്താവ്. 1957-ലെ ഇഎംഎസ് മന്ത്രിസഭയില്‍ ഇരുവരും അംഗങ്ങളായിരുന്നു. മക്കളില്ല. ഇപ്പോള്‍ ആലപ്പുഴ ചാത്തനാട്ട് താമസം.

ദേശാഭിമാനി

No comments:

Post a Comment