Thursday, July 23, 2009

വിദ്യാഭ്യാസാവകാശ നിയമം

അക്ഷരലോകത്തുനിന്ന് അകറ്റിനിര്‍ത്തപ്പെട്ട കോടിക്കണക്കിനു വരുന്ന കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന നിയമമാണ് കഴിഞ്ഞ ദിവസം രാജ്യസഭ പാസാക്കിയ വിദ്യാഭ്യാസാവകാശ നിയമം. ഏതൊരു രാജ്യത്തും അത്യാവശ്യമായ ഇങ്ങനെയൊരു നിയമനിര്‍മാണത്തിനായി സ്വതന്ത്ര ഇന്ത്യ ആറു പതിറ്റാണ്ടിലധികം കാത്തുനില്‍ക്കേണ്ടിവന്നുവെന്നത് യാദൃച്ഛികമല്ല. പല നിക്ഷിപ്ത താല്‍പ്പര്യങ്ങളും ഇതിനുപുറകിലുണ്ടെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. ഭരണഘടനയ്ക്ക് രൂപം നല്‍കുമ്പോള്‍തന്നെ വിദ്യാഭ്യാസം മൌലികാവകാശമാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. എന്നാല്‍, അത് നിര്‍ദേശകതത്വങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. ഉണ്ണിക്കൃഷ്ണന്‍ കേസിലെ സുപ്രീംകോടതി വിധിയാണ് ഇക്കാര്യത്തില്‍ വഴിത്തിരിവായത്. ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യഭാഗമാണ് വിദ്യാഭ്യാസാവകാശമെന്നും അത് മൌലികാവകാശമായി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. എന്നിട്ടും ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ആറുവര്‍ഷത്തിലധികം കാത്തിരിക്കേണ്ടിവന്നു. ഭരണഘടന ഭേദഗതി ചെയ്തതിനുശേഷം നിയമനിര്‍മാണം നടന്നിരുന്നില്ല. കഴിഞ്ഞ യുപിഎ സര്‍ക്കാരാണ് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുകയും കരട് നിയമം തയ്യാറാക്കുകയും ചെയ്തത്. എന്നാല്‍, ഈ നിയമം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസാവകാശം നല്‍കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. ഉണ്ണിക്കൃഷ്ണന്‍ കേസില്‍ പതിനാലുവയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കണമെന്ന് നിഷ്കര്‍ഷിച്ചെങ്കിലും അത് ആറു വയസ്സുമുതലുള്ള കുട്ടികള്‍ക്കായി പരിമിതപ്പെടുത്തുകയാണ് നിയമം ചെയ്തത്. ശിശുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്ന ഘട്ടത്തില്‍ ഈ പരിമിതപ്പെടുത്തല്‍ നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ ദുര്‍ബലപ്പെടുത്തും. കുട്ടിക്കാലത്തെ അവഗണനമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നതല്ലെന്ന് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് പ്ളസ് ടു വിദ്യാഭ്യാസം. ഇന്നത്തെ വിദ്യഭ്യാസഘടനയില്‍ മൈനസ് ടു മുതല്‍ പ്ളസ് ടു വരെയാണ് ഉള്ളത്. പ്ളസ് ടു വിദ്യാഭ്യാസമാണ് ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള വാതില്‍ തുറക്കുന്നതും ജീവിതത്തിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനു പ്രാപ്തമാക്കുന്നതും. പതിനെട്ടുവരെയുള്ള വിദ്യാഭ്യാസം മൌലികാവകാശമാണെന്ന ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനത്തില്‍ ഒപ്പിട്ട രാജ്യമാണെങ്കിലും നിയമം അത് കണ്ടില്ലെന്നു നടിച്ചു. അതുപോലെതന്നെ ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥിയുടെ മൌലികാവകാശമാണ്. ഗണമേന്മ ഉറപ്പുവരുത്തുന്നതിന് പശ്ചാത്തല സൌകര്യങ്ങള്‍ തുടങ്ങി അധ്യാപക നിലവാരംവരെ നിരവധി ഘടകങ്ങളുണ്ട്. ചില കാര്യങ്ങള്‍ അമൂര്‍ത്തമായി എഴുതിവയ്ക്കുക മാത്രമാണ് നിയമത്തിലുള്ളത്. പ്രായോഗികമായി ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ഇല്ലെന്നത് നിരാശാജനകമാണ്.

നിയമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പോരായ്മ ഇതിന് ആവശ്യമായ പണം ആരു നല്‍കുമെന്നത് സംബന്ധിച്ചാണ്. ധനകാര്യ പ്രസ്താവനയില്‍ എത്ര വകയിരുത്തല്‍ വേണമെന്ന കാര്യംപോലും ഉറപ്പുവരുത്തിയിട്ടില്ല. കേന്ദ്രത്തിന്റെ വിഹിതം എത്രയായിരിക്കുമെന്നും സംസ്ഥാനം എത്ര പങ്കു വഹിക്കേണ്ടിവരുമെന്നും കൃത്യമായി നിര്‍വചിക്കാനും തയ്യാറായിട്ടില്ല. ഈ ബജറ്റില്‍പോലും കേവലം 200 കോടി രൂപ മാത്രമാണ് സ്കൂള്‍ വിദ്യാഭ്യാസത്തിനായി വകയിരുത്തിയിട്ടുള്ളത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ആറു ശതമാനമെങ്കിലും വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കണമെന്ന് കോത്താരി കമീഷന്‍ ശുപാര്‍ശ നല്‍കിയത് 1966ലാണ്. ഇത്ര കാലം പിന്നിട്ടിട്ടും അതിനോട് നീതിപുലര്‍ത്താന്‍ കഴിയാത്തവര്‍ ഈ നിയമം നടപ്പാക്കുന്നതിനു മുന്‍കൈ എടുക്കുമോയെന്ന സംശയവും സ്വാഭാവികം. ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തം കൃത്യമായി നിര്‍വചിക്കാന്‍ ശ്രമിക്കുന്നെങ്കില്‍ ഇവിടെ അത് കാണാന്‍ കഴിയില്ല. എന്നു മാത്രമല്ല നിയമനടപടികളില്‍ വെള്ളം ചേര്‍ക്കാന്‍ സഹായിക്കുംവിധം ഉദ്യോഗസ്ഥാനുമതി തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ ഏറെ വിവാദമുണ്ടാക്കുന്ന കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ചില വകുപ്പുകളുണ്ട്. സ്വകാര്യവിദ്യാലയങ്ങളില്‍ ഉള്‍പ്പെടെ എല്ലായിടങ്ങളിലും 25 ശതമാനം സീറ്റ് അതതിടങ്ങളിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കായി നീക്കിവയ്ക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇതില്‍ ന്യൂനപക്ഷ സ്ഥാപനങ്ങളും ഉള്‍പ്പെടുമെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. ന്യൂനപക്ഷത്തിന്റെ അവകാശങ്ങളില്‍ കൈകടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് പരസ്യമായി പറഞ്ഞ് വിവാദത്തിനു കൊഴുപ്പുകൂട്ടുന്ന കോണ്‍ഗ്രസ് നേതൃത്വം തങ്ങള്‍ക്കുപറ്റിയ തെറ്റ് തുറന്നു പറയണം. മറ്റു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ചെലവഴിക്കുന്ന പണംമാത്രമേ അണ്‍എയ്ഡഡ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കും നല്‍കുകയുള്ളു. അതുപോലെതന്നെ സ്കൂളുകള്‍ക്ക് വികസനസമിതി വേണമെന്നും അതില്‍ പ്രാദേശിക ഭരണസമിതികള്‍ക്ക് പ്രധാന ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും നിയമം വ്യക്തമാക്കുന്നു. സ്കൂളിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും ഈ സമിതിയാണ് മേല്‍നോട്ടം വഹിക്കുന്നത്. പഞ്ചായത്തിനു വിദ്യാഭ്യാസത്തില്‍ എന്തു കാര്യമെന്ന് ചോദിച്ച് കേരളത്തില്‍ കലാപം ഉണ്ടാക്കിയ കുടിലശക്തികള്‍ പരസ്യമായി മാപ്പുപറയണം. പതിനാലു വയസ്സ് പൂര്‍ത്തീകരിക്കുന്നതുവരെ ഒരു തരത്തിലുള്ള പരീക്ഷകളും പാടില്ലെന്ന വകുപ്പും ശ്രദ്ധേയം. കേരളത്തില്‍ പരീക്ഷകള്‍ കടുപ്പമുള്ളതല്ലെന്ന് പരിഹസിച്ച് കേന്ദ്രത്തിലേക്ക് നോക്കാന്‍ ആഹ്വാനംചെയ്തവര്‍ ഒളിച്ചോടേണ്ട സ്ഥിതിയാണ്.

യഥാര്‍ഥത്തില്‍, കേരളം തുടങ്ങിവച്ച ശാസ്ത്രീയമായ കാര്യങ്ങള്‍ പിന്തുടരുന്നതിനു കേന്ദ്രവും ശ്രമം തുടങ്ങിയിരിക്കുന്നുവെന്ന് അര്‍ഥം. ഇതെല്ലാം മനസിലാക്കി വിവാദങ്ങള്‍ അവസാനിപ്പിച്ച് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ശക്തിപ്പെടുത്തി ഭാവി തലമുറയോട് നീതി പുലര്‍ത്താന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കാന്‍ എല്ലാവരും തയ്യാറാകണം.

ദേശാഭിമാനി മുഖപ്രസംഗം 23 ജൂലൈ 2009

1 comment:

  1. പഞ്ചായത്തിനു വിദ്യാഭ്യാസത്തില്‍ എന്തു കാര്യമെന്ന് ചോദിച്ച് കേരളത്തില്‍ കലാപം ഉണ്ടാക്കിയ കുടിലശക്തികള്‍ പരസ്യമായി മാപ്പുപറയണം. പതിനാലു വയസ്സ് പൂര്‍ത്തീകരിക്കുന്നതുവരെ ഒരു തരത്തിലുള്ള പരീക്ഷകളും പാടില്ലെന്ന വകുപ്പും ശ്രദ്ധേയം. കേരളത്തില്‍ പരീക്ഷകള്‍ കടുപ്പമുള്ളതല്ലെന്ന് പരിഹസിച്ച് കേന്ദ്രത്തിലേക്ക് നോക്കാന്‍ ആഹ്വാനംചെയ്തവര്‍ ഒളിച്ചോടേണ്ട സ്ഥിതിയാണ്.

    യഥാര്‍ഥത്തില്‍, കേരളം തുടങ്ങിവച്ച ശാസ്ത്രീയമായ കാര്യങ്ങള്‍ പിന്തുടരുന്നതിനു കേന്ദ്രവും ശ്രമം തുടങ്ങിയിരിക്കുന്നുവെന്ന് അര്‍ഥം. ഇതെല്ലാം മനസിലാക്കി വിവാദങ്ങള്‍ അവസാനിപ്പിച്ച് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ശക്തിപ്പെടുത്തി ഭാവി തലമുറയോട് നീതി പുലര്‍ത്താന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കാന്‍ എല്ലാവരും തയ്യാറാകണം.

    ReplyDelete