ഇന്ത്യയുടെ പരമാധികാരം അമേരിക്കയ്ക്ക് പണയപ്പെടുത്തുന്ന ആണവസഹകരണകരാറില്‍ ഒപ്പുവയ്ക്കരുത് എന്നാവശ്യപ്പെട്ടാണ് ഇടതുപക്ഷം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. അണുവായുധ നിര്‍വ്യാപനകരാറില്‍ ഒപ്പുവെച്ചാലല്ലാതെ ഇന്ത്യയുമായി സൈനികേതര ആണവസഹകരണത്തില്‍ ഏര്‍പ്പെടാന്‍ സാധാരണ നിലയില്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും അതുസംബന്ധിച്ച് യുപിഎ സര്‍ക്കാര്‍ നിരത്തുന്ന അവകാശവാദങ്ങള്‍ പൊള്ളയാണെന്നും അന്ന് സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികള്‍ വസ്തുതകള്‍ നിരത്തി പറഞ്ഞതാണ്.
'അമേരിക്കയുടെ വിദേശനയവുമായി ഒത്തുപോകുന്നതായ വിദേശനയമുണ്ടായിരിക്കണം; അണുവായുധനിര്‍വ്യാപനവുമായി ബന്ധപ്പെട്ട അമേരിക്കന്‍ നയത്തിന് അനുസൃതമായ വിദേശനയ ഇടപാടുകളുമായി ഒത്തുപോകണം. (ഹൈഡ് നിയമം വകുപ്പ്: 102 (6)ബി)
എന്നിങ്ങനെയുള്ള നിബന്ധനകള്‍ അനുസരിച്ചുമാത്രമേ അത് സാധ്യമാകൂ. മാത്രമല്ല, വിദേശനയവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് പാര്‍ലമെന്റില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും വേണം എന്നതടക്കമുള്ള നിബന്ധനകളുമുണ്ട്. ഇതെല്ലാം അംഗീകരിച്ച് അനുസരിക്കുന്നതിന്റെ ഭാഗമായാണ് 2005 സെപ്തംബറിലും 2006 ഫെബ്രുവരിയിലും അന്താരാഷ്ട്ര ആണവോര്‍ജസമിതിയില്‍ ഇറാനെതിരായി ഇന്ത്യ രണ്ടുപ്രാവശ്യം വോട്ട് ചെയ്തത്.
എന്നാല്‍, ഇടതുപക്ഷം ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ചെവിക്കൊള്ളാതെ ഹൈഡ് നിയമത്തിലെ വ്യവസ്ഥകളെല്ലാം ഒരേപോലെ ഇന്ത്യക്ക് ബാധകമല്ലെന്നും അതിനാല്‍ അതിനെ ശ്രദ്ധിക്കേണ്ടതില്ലെന്നുമാണ് യുപിഎ ഗവമെന്റ് വാദിച്ചത്. അത്തരം വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞുവീഴുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്.
കഴിഞ്ഞ ദിവസം ഇറ്റലിയിലെ ലാക്വിലയില്‍ ചേര്‍ന്ന ജി-എട്ട് ഉച്ചകോടിയുടെ തീരുമാനവും അതിന്റെ തുടര്‍ച്ചയായി, അമേരിക്കന്‍ വിദേശ സെക്രട്ടറി ഹിലാരി ക്ളിന്റ ഇന്ത്യയില്‍ വന്ന് "ആണവ ഇന്ധന സമ്പുഷ്ടീകരണം, യുറേനിയത്തിന്റെ പുനഃസംസ്കരണം എന്നിവയ്ക്കുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും ഇന്ത്യക്ക് കൈമാറില്ല'' എന്ന് പ്രഖ്യാപിച്ചതും ഏറ്റവുമൊടുവിലത്തെ ഉദാഹരണങ്ങളാണ്. 'നിയമവിരുദ്ധവും അപകടകരവുമായ രീതിയില്‍ ആണവ സാങ്കേതികവിദ്യ കൈമാറാന്‍ കഴിയില്ല' എന്നാണ് ഹിലാരി പറഞ്ഞത്. അതിനര്‍ഥം ആണവ നിര്‍വ്യാപന കരാറിലും (എന്‍പിടി) സമഗ്ര ആണവപരീക്ഷണ നിരോധന കരാറിലും (സിടിബിടി) ഒപ്പിടുകയോ, ഇന്ത്യയെ സമ്പൂര്‍ണമായി അമേരിക്കന്‍ ചൊല്‍പ്പടിയില്‍ നിര്‍ത്തുന്ന ഹൈഡ് ആക്ടിലെ വ്യവസ്ഥകള്‍ സാഷ്ടാംഗം അംഗീകരിക്കുകയോ ചെയ്താലേ ഇന്ത്യക്ക് ആണവസഹകരണം സാധ്യമാകൂ എന്നാണ്.
ആണവകരാര്‍ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും പരമാധികാരത്തെയും അപകടത്തിലാക്കുമെന്ന ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പ് അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാവുകയാണ്. ഇന്ത്യന്‍ സൈനികകേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കയെ അനുവദിക്കുന്ന 'എന്‍ഡ് യൂസ് മോണിറ്ററിങ്' കരാറിലാണ് ഹിലാരിയുടെ സന്ദര്‍ശനവേളയില്‍ ഇരു രാജ്യവും ഒപ്പുവച്ചിട്ടുള്ളത്. അമേരിക്കയില്‍നിന്ന് വാങ്ങുന്ന ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായിമാത്രം ഉപയോഗിക്കുന്നെന്ന് ഉറപ്പു വരുത്താനുള്ളതാണ് 'എന്‍ഡ് യൂസ് മോണിറ്ററിങ്' എന്ന പരിശോധനാസംവിധാനം. അമേരിക്കയില്‍നിന്ന് നമ്മുടെ പണംകൊടുത്തു വാങ്ങുന്ന സാധനം എങ്ങനെ നാം ഉപയോഗിക്കുന്നെന്ന് അമേരിക്കയെ ബോധ്യപ്പെടുത്തണമെന്ന വിചിത്രമായ ഏര്‍പ്പാടാണിത്. ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് സൈനികകേന്ദ്രങ്ങളിലെത്തി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ കഴിയും. ഇന്ത്യക്ക് അതോടെ പ്രതിരോധ രഹസ്യങ്ങള്‍ ഇല്ലാതാകും-എല്ലാം അമേരിക്കയ്ക്കുമുന്നില്‍ തുറന്നുവയ്ക്കേണ്ടിവരും. ആയുധങ്ങള്‍ തീവ്രവാദികളുടെയോ അമേരിക്കയുടെ ശത്രുരാജ്യങ്ങളുടെയോ കൈയില്‍ എത്തുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക പറയുന്നു. നാം വില കൊടുത്തുവാങ്ങുന്ന ആയുധങ്ങള്‍ എങ്ങനെ, എന്തിന് ഉപയോഗിക്കണമെന്ന് നമുക്ക് അധികാരമില്ലെങ്കില്‍ രാഷ്ട്രത്തിന്റെ പരമാധികാരം എന്ന വാക്കിന് എന്തര്‍ഥം?
ആണവ സഹകരണ കരാറില്‍ ഒപ്പിട്ടതോടെ ഇന്ത്യ വലിയൊരു കെണിയിലാണ് പെട്ടിരിക്കുന്നത്. ആണവ ഇടപാട് ഇന്ത്യയുടെ ഉത്തമതാല്‍പ്പര്യങ്ങളെയാകെ ചവിട്ടിമെതിക്കുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ അമേരിക്കന്‍ ഐക്യനാടുകളുമായുള്ള തന്ത്രപരമായ സഖ്യത്തില്‍ ഏര്‍പ്പെട്ടു. സൈനികസഹകരണം, കാര്‍ഷിക-ചെറുകിട വ്യാപാരമേഖലകളിലെ മൂലധനനിക്ഷേപം എന്നിങ്ങനെ നിരവധി ഉടമ്പടികളുണ്ടാക്കി. ഇതെല്ലാം ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന പല്ലവിയാണ് യുപിഎ നേതൃത്വം പാടിക്കൊണ്ടിരുന്നത്. ആണവ ഇടപാടിലൂടെ ഇന്ത്യയുടെ ഊര്‍ജസുരക്ഷയ്ക്ക് ഉറപ്പ് ലഭിക്കുന്നില്ലെന്നുമാത്രമല്ല ഹൈഡ് നിയമവുമായി ഇതിനെ ബന്ധിപ്പിച്ചുകൊണ്ട് രാജ്യത്തെ കെട്ടി വരിയുകയാണ് ചെയ്യുന്നത് എന്നാണ് ഇടതുപക്ഷം പറഞ്ഞത്. ഇന്ത്യയുടെ സ്വതന്ത്രവിദേശനയത്തെ ഹനിക്കുമെന്നും അമേരിക്കയുമായി തന്ത്രപരമായ സഖ്യം സ്ഥാപിക്കുകവഴി ഗുരുതരമായ തെറ്റാണ് യുപിഎ സര്‍ക്കാര്‍ ചെയ്തതെന്നും ഇടതുപക്ഷം അസന്ദിഗ്ധമായി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് ദോഷകരമായിട്ടുള്ളതും രാജ്യത്തിന്റെ പരമാധികാരത്തിന് ചോര്‍ച്ചയുണ്ടാക്കുന്നതുമായ ഇത്തരം നടപടികള്‍ക്ക് പിന്തുണ നല്‍കാന്‍ ഇടതുകക്ഷികള്‍ക്കാവില്ല എന്ന പ്രഖ്യാപനത്തോടെയാണ് പിന്തുണ പിന്‍വലിച്ചത്.
അന്ന് ഇടതുപക്ഷത്തെ പരിഹസിക്കുകയും ആണവസഹകരണത്തിന് സ്തുതിപാടുകയും ചെയ്തവര്‍ക്ക് ഇന്ന് എന്തുപറയാനുണ്ട് എന്നറിയുന്നത് കൌതുകകരമാണ്.
ദേശാഭിമാനി മുഖപ്രസംഗം 22 ജൂലൈ 2009
ഇന്ത്യയുടെ പരമാധികാരം അമേരിക്കയ്ക്ക് പണയപ്പെടുത്തുന്ന ആണവസഹകരണകരാറില്‍ ഒപ്പുവയ്ക്കരുത് എന്നാവശ്യപ്പെട്ടാണ് ഇടതുപക്ഷം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. അണുവായുധ നിര്‍വ്യാപനകരാറില്‍ ഒപ്പുവെച്ചാലല്ലാതെ ഇന്ത്യയുമായി സൈനികേതര ആണവസഹകരണത്തില്‍ ഏര്‍പ്പെടാന്‍ സാധാരണ നിലയില്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും അതുസംബന്ധിച്ച് യുപിഎ സര്‍ക്കാര്‍ നിരത്തുന്ന അവകാശവാദങ്ങള്‍ പൊള്ളയാണെന്നും അന്ന് സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികള്‍ വസ്തുതകള്‍ നിരത്തി പറഞ്ഞതാണ്.....
ReplyDelete.......അന്ന് ഇടതുപക്ഷത്തെ പരിഹസിക്കുകയും ആണവസഹകരണത്തിന് സ്തുതിപാടുകയും ചെയ്തവര്‍ക്ക് ഇന്ന് എന്തുപറയാനുണ്ട് എന്നറിയുന്നത് കൌതുകകരമാണ്.
ഒരു ചുക്കും സംഭവിക്കില്ലാ.....
ReplyDeleteഅഞ്ചു വര്‍ഷം കഴുയുമ്പോഴേക്കും ഇന്ത്യയുടെ സ്ഥിതി എന്താവുമെന്ന് ആലോചിക്കാനാവുന്നില്ല.
ReplyDelete