വാഷിങ്ടണ്‍: വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസിനെ അട്ടിമറിക്കാന്‍ 2006ലും അമേരിക്ക വന്‍തോതില്‍ പണമൊഴുക്കിയതിന്റെ വിശദാംശങ്ങള്‍ വിക്കിലീക്സ് പുറത്തുവിട്ടു. ഷാവേസിനെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ വിശദമാക്കി വെനസ്വേലയിലെ അമേരിക്കന്‍ സ്ഥാനപതി വില്യം ബ്രൗണ്‍ഫീല്‍ഡ് അവരുടെ വിദേശവകുപ്പിന് അയച്ച രഹസ്യ രേഖകളാണ് വെളിപ്പെട്ടത്. 2006 നവംബറിലാണ് സ്ഥാനപതി റിപ്പോര്‍ട്ട് നല്‍കിയത്. ഷാവേസ് സര്‍ക്കാരില്‍ നുഴഞ്ഞുകയറുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യാനുള്ള മാര്‍ഗങ്ങളും ഈ ലക്ഷ്യവുമായി കഴിഞ്ഞ കുറേ വര്‍ഷമായി സ്ഥാനപതി കാര്യാലയം നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.
വെനസ്വേലയില്‍ "ജനാധിപത്യം" നടപ്പാക്കണമെന്ന നാട്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത്. ഷാവേസിനെ അട്ടിമറിക്കാന്‍ നടത്തിയ പ്രവര്‍ത്തങ്ങളെ അഞ്ച് വിഭാഗമായി റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നു. ഷാവേസിന്റെ രാഷ്ട്രീയ അടിത്തറയില്‍ തുളച്ചുകയറുക, ഷാവേസ് നടപ്പാക്കുന്ന ഇടതുപക്ഷ ആശയത്തില്‍ ഊന്നിയ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുക, അന്താരാഷ്ട്രതലത്തില്‍ ഷാവേസിനെ ഒറ്റപ്പെടുത്തുക, അമേരിക്കന്‍ ഇടപാടുകളെ സംരക്ഷിക്കുക, ജനാധിപത്യസംവിധാനം ശക്തിപ്പെടുത്തുക എന്നിവയാണിത്. ഷാവേസ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാനപതി കാര്യാലയത്തെ കൂടാതെ, അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഏജന്‍സികളായ യുഎസ് അന്താരാഷ്ട്ര വികസന ഏജന്‍സി (യുഎസ്എയ്ഡ്), പരിവര്‍ത്തനകാര്യങ്ങള്‍ക്കുള്ള ഓഫീസ്(ഒടിഐ) എന്നിവയെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷാവേസിന്റെ രാഷ്ട്രീയകക്ഷിയില്‍ നുഴഞ്ഞുകയറാനും സ്വാധീനിക്കാനുമാണ് രണ്ട് യുഎസ് ഏജന്‍സികളെ കൂടുതലായി ഉപയോഗിച്ചത്. ഷാവേസിന്റെ എതിരാളികളെയും ഷാവേസ് അനുകുലികളെയും വരുതിയിലാക്കാന്‍ വിവിധ വേദികള്‍ രൂപീകരിക്കാന്‍ യുഎസ് എയ്ഡ് 10 ലക്ഷം ഡോളര്‍ (അഞ്ചരക്കോടി രൂപ) മുടക്കി. ഇത്തരം മൂവായിരം വേദികള്‍ രാജ്യത്ത് രൂപീകരിച്ചു. 2004-06 കാലയളവില്‍ യുഎസ് എയ്ഡ് മുന്നൂറിലേറെ സംഘടനകള്‍ക്കായി 1.5 കോടി ഡോളറി(82 കോടിരൂപ)ലധികം ചെലവഴിച്ചു. ഒടിഐയുടെ "ജനാധിപത്യ പഠനപദ്ധതി" പ്രകാരം സര്‍ക്കാരിതര സംഘടനകള്‍ വഴി പിന്നോക്കമേഖലകളില്‍ പ്രവര്‍ത്തിക്കുകയും ആറു ലക്ഷം വെനസ്വേലക്കാരില്‍ ഇത് എത്തിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ അഹങ്കരിക്കുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒടിഐ സാങ്കേതികസഹായവും നല്‍കി. ഷാവേസിന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് വിദേശത്ത് യോഗങ്ങളില്‍ പങ്കെടുക്കാനും ഷാവേസിനെതിരെ സംസാരിക്കാനും അവസരം ഒരുക്കിക്കൊടുത്തു. ജനങ്ങളില്‍ വെറുപ്പു വിദ്വേഷവും വളര്‍ത്തി അവരെ തമ്മിലടിപ്പിക്കുകയും അകറ്റുകയും ചെയ്യാന്‍ വേണ്ട പ്രവര്‍ത്തനങ്ങളും നടത്തി. സ്ഥാനപതി പിന്നോക്കമേഖലകള്‍ സന്ദര്‍ശിക്കുകയും അവരുടെ സ്ഥിതിയില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തു. അമേരിക്കയുടെ ദുഷ്ചെയ്തികള്‍ ജനങ്ങളിലെത്തിക്കാനുള്ള ഷാവേസിന്റെ ശ്രമങ്ങള്‍ക്ക് മറയിടാനായിരുന്നു ഇത്.
2006 ഡിസംബറിലെ തെരഞ്ഞെടുപ്പില്‍ ഷാവേസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ വെനസ്വേലയില്‍ തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രയാസകരമാകുമെന്ന് പറഞ്ഞുകൊണ്ടാണ് ബ്രൗണ്‍ഫീല്‍ഡ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. ഇപ്പോള്‍ അമേരിക്കന്‍ വിദേശ അസിസ്റ്റന്റ് സെക്രട്ടറിയാണ് ബ്രൗണ്‍ഫീല്‍ഡ്. മറ്റ് രാജ്യങ്ങളിലെ സ്ഥാപനപതി കാര്യാലയത്തെ അമേരിക്ക അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. 2002 ഏപ്രിലില്‍ ഷാവേസിനെതിരെ അമേരിക്ക പിന്തുണയോടെ അട്ടിമറിശ്രമം നടന്നിരുന്നു. ജനങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് അട്ടിമറി പരാജയപ്പെടുകയായിരുന്നു. 47 മണിക്കൂര്‍ ഷാവേസ് അധികാരത്തില്‍ തിരിച്ചെത്തി. അതുകൊണ്ടും അമേരിക്ക അട്ടിമറിപദ്ധതി ഉപേക്ഷിച്ചില്ല എന്നാണ് വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ മാസം ഷാവേസിന്റെ മരണത്തിന് തൊട്ടുമുമ്പ് വെനസ്വേല രണ്ട് അമേരിക്കന്‍ നയതന്ത്രജ്ഞരെ അട്ടിമറി ഗൂഢാലോചന നടത്തിയതിന് പുറത്താക്കിയിരുന്നു.
deshabhimani 130413
No comments:
Post a Comment