Saturday, April 13, 2013
ബംഗാള്‍ പ്രതിപക്ഷ നേതാവിനെ ആക്രമിക്കാന്‍ ശ്രമം
ബംഗാളില്‍ സിപിഐ എമ്മിനും ഇടതുമുന്നണിക്കും നേരെയുള്ള തൃണമൂല്‍ അക്രമം തുടരുന്നു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ സൂര്യകാന്ത് മിശ്രയെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചു. ബാംഗുറ ജില്ലയിലെ ഖാത്തഡയിലായിരുന്നു സംഭവം. റാണിബാന്ദ്വ ജില്‍മില്‍ ഏരിയയിലെ പ്രതിഷേധയോഗത്തിനുശേഷം ഖാത്തഡയിലേക്ക് പോകെ തൃണമൂല്‍ ജില്ലാ സെക്രട്ടറി ശ്യാമള്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മിശ്രയുടെ വണ്ടി തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചത്. പൊലീസിന്റെ ഇടപെടലിനെതുടര്‍ന്നാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവായത്. വെള്ളിയാഴ്ചയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍ അക്രമം തുടര്‍ന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടുക്ക് വന്‍ പ്രകടനം നടന്നു. കൊല്‍ക്കത്തയില്‍ ആയിരക്കണക്കിനാളുകള്‍ അണിനിരന്ന പ്രതിഷേധപ്രകടനം നടന്നു. ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസുവും ഘടകകക്ഷി നേതാക്കളും നേതൃത്വം നല്‍കി.
പ്രതിപക്ഷത്തെ അടിച്ചൊതുക്കി ക്രമസമാധാനം തകര്‍ത്ത് അരാജകത്വം സൃഷ്ടിക്കുകയാണ് തൃണമൂലെന്ന് ബിമന്‍ബസു പറഞ്ഞു. അതിനിടെ, ചരിത്രപ്രസിദ്ധമായ പ്രസിഡന്‍സി സര്‍വകലാശാലയ്ക്കുനേരെ തൃണമൂലുകാര്‍ നടത്തിയ അതിക്രമത്തില്‍ ഗവര്‍ണര്‍ എം കെ നാരായണന്‍ മാപ്പുചോദിച്ചു. ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ വെള്ളിയാഴ്ച സര്‍വകലാശാല സന്ദര്‍ശിച്ചു. തല്ലിത്തകര്‍ത്ത ലാബും മറ്റിടങ്ങളും കണ്ടശേഷമായിരുന്നു ഖേദപ്രകടനം. തങ്ങളെ പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ഥികള്‍ ആക്രമിച്ചെന്ന് ആരോപിച്ച് തൃണമൂല്‍ നല്‍കിയെ പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍, കള്ളക്കേസിന്റെ സ്വഭാവം എല്ലാവര്‍ക്കും അറിയാമെന്നും കള്ളക്കേസ് ആരു നല്‍കിയാലും ഗൗരവമായി എടുക്കേണ്ടതില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലയിലെ അക്രമത്തില്‍ തൃണമൂല്‍ ഛത്രപരിഷത്ത് നേതാവ് ഉള്‍പ്പെടെ നാലുപേരെ അറസ്റ്റുചെയ്തു. തൃണമൂല്‍ അക്രമത്തിനെതിരെ പ്രതികരിച്ച വൈസ് ചാന്‍സലര്‍ മാളവിക സര്‍ക്കാരിനെതിരെ മന്ത്രിമാരായ പാര്‍ഥ ചാറ്റര്‍ജിയും സുബ്രത മുഖര്‍ജിയും രംഗത്തെത്തി. തൃണമൂല്‍ അക്രമത്തിനെതിരെ കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വവും രംഗത്തെത്തി. തൃണമൂല്‍ പതാകയുമേന്തി വന്ന അക്രമികള്‍ സര്‍വകലാശാലയില്‍ അഴിഞ്ഞാടുന്നതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു.
(ഗോപി)
deshabhimani 130413
Subscribe to:
Post Comments (Atom)
No comments:
Post a Comment