Saturday, March 29, 2014

വീരേന്ദ്രകുമാര്‍ പ്ലാച്ചിമടയിലെ ജനങ്ങളുടെ മുഖത്ത് എങ്ങനെ നോക്കും

പാലക്കാട്: പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ നിയമമാക്കാന്‍ തടസ്സമെന്താണ്. ഇതിനെക്കുറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയോട് ചോദിച്ചാല്‍ മറുപടി, ഈ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്നത് താനാണെന്ന അവകാശവാദമാണ് ലഭിക്കുക. കഴിഞ്ഞ അഞ്ച്വര്‍ഷം യുഡിഎഫ് നേതൃത്വത്തിലുണ്ടായിട്ടും പ്ലാച്ചിമടയിലെ പാവങ്ങളോട് എന്തുകൊണ്ട് കരുണ കാണിച്ചില്ല. ബില്ല് പാസാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയില്ല, എംബി രാജേഷ് പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോഴും ഇടതുഎംപിമാര്‍ രാഷ്ട്രപതിയെ കാണാന്‍ പോയപ്പോഴും എന്തുകൊണ്ട് സഹകരിച്ചില്ല. ഈ ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹത്തിന് ഇപ്പോള്‍ ഉത്തരമില്ല. സമരഘട്ടത്തില്‍ത്തന്നെ ആഗോളഭീമന്‍ കൊക്കോകോളക്ക്വേണ്ടി അദ്ദേഹം ചില ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നവര്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. അക്കാര്യങ്ങള്‍ ശരിയാണെന്ന് പ്ലാച്ചിമടസമരസമിതിയും സ്ഥിരീകരിച്ചിട്ടുണ്ട്. സ്വാര്‍ഥതാല്‍പ്പര്യത്തിനുവേണ്ടി സ്വന്തം നിലപാടിനെ ഇതുപോലെ വഞ്ചിച്ച നേതാവിനെ എങ്ങനെയാണ് പാലക്കാട്ടെ ജനങ്ങള്‍ വിശ്വസിക്കുക എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.

കൊക്കകോള പ്ലാന്റ് പൂട്ടുന്നതിനുപകരം മാമ്പഴച്ചാര്‍ ഫാക്ടറിയാക്കാമെന്ന നിര്‍ദേശം വീരേന്ദ്രകുമാര്‍ മുന്നോട്ടുവച്ചതായി സോഷ്യലിസ്റ്റ് ജനതാ ഡമോക്രാറ്റിക്കില്‍നിന്ന് പിരിഞ്ഞ സീനിയര്‍ വൈസ് പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടിയാണ് ആദ്യം വെളിപ്പെടുത്തിയത്. സമരം തീവ്രമായിരുന്നപ്പോള്‍ വീരേന്ദ്രകുമാര്‍ ഇക്കാര്യം മുന്നോട്ടുവച്ചുവെന്ന് കൊക്കകോള വിരുദ്ധ സമരസമിതിയും പ്ലാച്ചിമട ഐക്യദാര്‍ഢ്യസമിതിയും മുമ്പേ സ്ഥിരീകരിച്ചിരുന്നു. ഈ നിര്‍ദേശം തള്ളിയതോടെ വീരേന്ദ്രകുമാറിന്റെ പാര്‍ടിയും അദ്ദേഹം മാനേജിങ് ഡയറക്ടറായ "മാതൃഭൂമി" പത്രവും സമരവുമായി നിസ്സഹകരിക്കുകയും ചില ഘട്ടങ്ങളില്‍ എതിര്‍സമീപനം സ്വീകരിക്കുകയും ചെയ്തെന്നുമാണ് അവര്‍ മുമ്പ് വാര്‍ത്താസമ്മേളനം നടത്തി പരസ്യമായി പറഞ്ഞത്.

പ്ലാച്ചിമടയില്‍ 48 മണിക്കൂര്‍ നിരാഹാര സമരം ആരംഭിച്ച സമയത്താണ് മാമ്പഴച്ചാര്‍ കമ്പനിയെന്ന നിര്‍ദേശം വച്ചത്. പിന്നീട് വീരേന്ദ്രകുമാറുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ചു.പാലക്കാട് ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. "മാമ്പഴച്ചാര്‍ ഫാക്ടറി എന്ന നിര്‍ദേശം അംഗീകരിച്ചു കൂടേ"യെന്നായിരുന്നു വീരേന്ദ്രകുമാറിന്റെ ചോദ്യം.സമര-ഐക്യദാര്‍ഢ്യസമിതിയുടെ സംയുക്തയോഗം ഈ ആവശ്യം തള്ളി. പ്രദേശവാസികള്‍ക്ക് 260 കോടി രൂപ നഷ്ടം വരുത്തിവച്ച് കമ്പനിയുടെ പ്ലാന്റ് പൂട്ടിക്കിടക്കുന്നത് അന്താരാഷ്ട്രതലത്തില്‍ കമ്പനിക്കു നാണക്കേടാണെന്നും മറ്റൊരു ഉല്‍പ്പന്നം ഉണ്ടാക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് കമ്പനിയുടെ ലെയ്സണ്‍ ഓഫീസര്‍ അഗര്‍വാളും വീരേന്ദ്രകുമാറിന്റെ വിശ്വസ്തരും തന്നെ രണ്ടുതവണ കാണാന്‍ വന്നിരുന്നെന്ന് കൃഷ്ണന്‍കുട്ടിയും പറയുകയുണ്ടായി. കോളഭീമനെതിരെയുള്ള നിലപാടില്‍നിന്ന് പാര്‍ടി നയങ്ങളില്‍ നിന്നും പിന്നോക്കം പോകാന്‍ കഴിയില്ലെന്ന് താനും പ്രാദേശിക നേതൃത്വവും വിരേന്ദ്രകുമാറിനോട് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞിരുന്നു.പ്ലാച്ചമടയിലെ ദരിദ്രനാരായണന്മാരോട് കാണിച്ച നെറികേട് പാലക്കാട്ടെ ജനങ്ങള്‍ക്ക് പൊറുക്കാനാവുമോ.

deshabhimani

No comments:

Post a Comment