Monday, September 12, 2011

പുതിയ 4 മെഡി. കോളേജും സ്വാശ്രയമേഖലയ്ക്ക്

സര്‍ക്കാര്‍ മേഖലയില്‍ നാല് മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുമെന്ന ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് പ്രഖ്യാപനം തട്ടിപ്പ്. സാമ്പത്തികപ്രതിസന്ധിയുടെ പേരുപറഞ്ഞ് ബജറ്റില്‍ ഏറെ കൊട്ടിഘോഷിച്ച പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്വാശ്രയമേഖലയിലേക്ക് മാറ്റാന്‍ നീക്കം. കോളേജുകള്‍ തുടങ്ങുന്ന സ്ഥലങ്ങളിലെ ജില്ലാ- ജനറല്‍ ആശുപത്രികള്‍ നിര്‍ദിഷ്ട സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് കൈമാറാനും ആലോചനയുണ്ട്. ഇതോടെ ഈ ആശുപത്രികളിലെ സൗജന്യചികിത്സയും ഇല്ലാതാകും.

മലപ്പുറം, ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈ വര്‍ഷം നാല് മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഒരു കോളേജ് തുടങ്ങുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്ക് മാത്രം 200 കോടി രൂപ വേണമെന്നിരിക്കെ മാണി നാല് കോളേജുകള്‍ക്കായി നീക്കിവച്ചത് അഞ്ചുകോടി രൂപ മാത്രമായിരുന്നു. നിര്‍ദിഷ്ട മെഡിക്കല്‍ കോളേജുകള്‍ സ്വാശ്രയമേഖലയ്ക്ക് കൈമാറുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയെക്കൊണ്ട് ഇതിന് അനുയോജ്യമായ ഒരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടി. പുതിയ നാല് മെഡിക്കല്‍ കോളേജുകള്‍ കോര്‍പറേഷന് കീഴില്‍ തുടങ്ങാമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ജില്ലാ-ജനറല്‍ ആശുപത്രികള്‍ ഉപയോഗിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് വര്‍ഷമായി മികച്ച രീതിയില്‍ മരുന്ന് സംഭരണവും വിതരണവും നടത്തിയ കോര്‍പറേഷന്റെ ഈ വര്‍ഷത്തെ ടെന്‍ഡര്‍ നടപടികള്‍ അഞ്ച് മാസം കഴിഞ്ഞിട്ടുപോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത എംഡിയാണ് കോര്‍പറേഷന് കീഴില്‍ നാല് മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇതിന്റെ തുടര്‍ച്ചയായി കോട്ടയം മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി ജി ആര്‍ പിള്ളയെ നോഡല്‍ ഓഫീസറായി നിയോഗിച്ചു. സ്വാശ്രയമേഖലയില്‍ കോളേജ് തുടങ്ങുന്നതിന് അനുകൂലമായ വിശദമായ പദ്ധതിരേഖ തയ്യാറാക്കാനായിരുന്നു ഇദ്ദേഹത്തിനു നല്‍കിയ നിര്‍ദേശം. നെടുമ്പാശേരി, വിഴിഞ്ഞം മാതൃകയില്‍ കമ്പനിയോ ഐഎച്ച്ആര്‍ഡി മാതൃകയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടോ രൂപീകരിച്ച് കോളേജുകള്‍ തുടങ്ങണമെന്ന നിര്‍ദേശമായിരിക്കും അദ്ദേഹം സമര്‍പ്പിക്കുക.

ഐഎച്ച്ആര്‍ഡി, എല്‍ബിഎസ് മാതൃകയില്‍ ആരോഗ്യ മേഖലയില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ടെക്നോളജി (സിമെറ്റ്) എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. നേഴ്സിങ് കോളേജുകളും പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും സ്ഥാപനത്തിനുണ്ട്. എന്നാല്‍ , സിമെറ്റിന്റെ കീഴില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല. ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് 500 കിടക്കയുള്ള ഐപി വിഭാഗവും 800 പേരെ ചികിത്സിക്കാന്‍ കഴിയുന്ന ഒപി വിഭാഗവും വേണം. ഗ്രാമപ്രദേശങ്ങളില്‍ 20 ഏക്കര്‍ സ്ഥലവും നഗരങ്ങളില്‍ 10 ഏക്കര്‍ സ്ഥലവും വേണം. ഇതിന് പരിഹാരം കാണാനാണ് അതതിടത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ പുതിയ മെഡിക്കല്‍ കോളേജുകളുടെ കീഴിലാക്കുന്നത്. അങ്ങനെയെങ്കില്‍ കോളേജ് പൂര്‍ണമായും സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങാവുന്നതാണ്. അതിന് പകരം സ്വകാര്യമേഖലയില്‍ തുടങ്ങുന്നതോടെ എം വി രാഘവന്‍ മന്ത്രിയായിരിക്കെ പരിയാരത്തെ സര്‍ക്കാര്‍ ആശുപത്രിയും സ്ഥലവും കൈമാറി സ്വാശ്രയസ്ഥാപനം തുടങ്ങിയതിന് സമാനമായ സ്ഥിതിയുണ്ടാകും. പരിയാരത്ത് അതോടെ സൗജന്യചികിത്സയും ഇല്ലാതായി. സര്‍ക്കാര്‍ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും സ്വാശ്രയസ്ഥാപനത്തിന് കീഴിലാകുന്നതോടെ തൊഴില്‍ സുരക്ഷിതത്വവും പ്രതിസന്ധിയിലാകും.

deshabhimani 120911

1 comment:

  1. സര്‍ക്കാര്‍ മേഖലയില്‍ നാല് മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുമെന്ന ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് പ്രഖ്യാപനം തട്ടിപ്പ്. സാമ്പത്തികപ്രതിസന്ധിയുടെ പേരുപറഞ്ഞ് ബജറ്റില്‍ ഏറെ കൊട്ടിഘോഷിച്ച പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്വാശ്രയമേഖലയിലേക്ക് മാറ്റാന്‍ നീക്കം. കോളേജുകള്‍ തുടങ്ങുന്ന സ്ഥലങ്ങളിലെ ജില്ലാ- ജനറല്‍ ആശുപത്രികള്‍ നിര്‍ദിഷ്ട സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് കൈമാറാനും ആലോചനയുണ്ട്. ഇതോടെ ഈ ആശുപത്രികളിലെ സൗജന്യചികിത്സയും ഇല്ലാതാകും.

    ReplyDelete