Sunday, April 7, 2013

സൗദി സ്വദേശിവല്‍ക്കരണം 3 മാസത്തേക്ക് നിര്‍ത്തി


ദമാം: സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി രാജ്യത്ത് നടത്തിവരുന്ന കര്‍ശന പരിശോധന മൂന്നുമാസത്തേക്ക് ഇളവുവരുത്താന്‍ തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരന്‍ സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ഉത്തരവിട്ടു. നിയമലംഘകരായ തൊഴിലാളികള്‍ക്ക് തെറ്റുതിരുത്തുന്നതിന് സമയം നല്‍കുന്നതിന് മൂന്നുമാസം സാവകാശം നല്‍കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോടും തൊഴില്‍മന്ത്രാലയത്തോടും അബ്ദുള്ള രാജാവ് ഉത്തരവിലൂടെ ആവശ്യപ്പെട്ടു. മൂന്നുമാസത്തിന് ശേഷം അനധികൃത താമസക്കാര്‍ക്കും തൊഴില്‍നിമയം ലംഘിക്കുന്നവര്‍ക്കുമെതിതിരെ നടപടി തുടരും. ഇക്കാമ കാലാവധി കഴിഞ്ഞ അനധികൃത താമസക്കാര്‍ നിതാഖാത്ത് പ്രകാരം തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്കും ആശ്വാസമാകുന്നതാണ് ഉത്തരവ്.

തൊഴില്‍ നിയമലംഘകര്‍ക്ക് തെറ്റുതിരുത്തുന്നതിന് മൂന്നുമാസംകൂടി സമയം അനുവദിച്ച അബ്ദുള്ള രാജാവിന്റെ ഉത്തരവിനെ ബിസിനസ് സമൂഹം സ്വാഗതംചെയ്തു. അനധികൃത താമസക്കാര്‍ക്കും തൊഴില്‍ നിയമലംഘകര്‍ക്കും സാവകാശം നല്‍കിയ തീരുമാനത്തില്‍ അവര്‍ നന്ദിരേഖപ്പെടുത്തി. സ്വദേശിവല്‍ക്കരണ നടപടിക്ക് രണ്ടുമസം കൂടി സമയപരിധി അനുവദിക്കാന്‍ റിയാദ് ഗവര്‍ണര്‍ ഖാലിദ് ബിന്‍ ബന്ദര്‍ രാജകുമാരന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ബാങ്കിങ്, ഓഹരി കമ്പനികള്‍, സ്വകാര്യ വിദ്യാലയങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ഓഫീസുകള്‍, ജനറല്‍ സര്‍വീസ് ഓഫീസുകള്‍, സ്വര്‍ണാഭരണ വില്‍പനശാലകള്‍, വലിയ സ്റ്റോറുകള്‍, പച്ചക്കറി മാര്‍ക്കറ്റ്, പാത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ഹജ്ജ്, ഉംറ ഓഫീസുകള്‍, വീട്ടുസാധനങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍ തുടങ്ങിയ 11 മേഖലകള്‍ക്കാണ് സമയപരിധി അനുവദിച്ചിരുന്നത്. അന്നുതന്നെ മറ്റു പ്രവിശ്യകളിലും സമയപരിധി നീട്ടുമെന്ന പ്രതീക്ഷ ബിസിനസ് സമൂഹത്തിലും പ്രവാസികള്‍ക്കിടയിലും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ്, രാജാവ് രാജ്യത്ത് ഇക്കാമ ഇല്ലാത്ത അനധികൃത താമസക്കാര്‍ക്കും തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്കും മൂന്നുമാസം കൂടി സമയം അനുവദിച്ചത്.

deshabhimani

No comments:

Post a Comment