പുല്‍പ്പള്ളി: വരള്‍ച്ചയുടെ തീനാളങ്ങളില്‍ പിടയുന്ന ജനങ്ങളുടെ കണ്ണീരാപ്പാതെ ഒരാശ്വാസ വാക്ക് പോലും പകരാതെ മുഖ്യമന്ത്രി മടങ്ങി. പുല്‍പ്പള്ളിയില്‍ വരള്‍ച്ചയെക്കുറിച്ചും കര്‍ഷകരുടെ വേദനകളെ കുറിച്ചും വാചാലനായ ഉമ്മന്‍ചാണ്ടി കല്‍പ്പറ്റയിലെത്തിയപ്പോഴേക്കും നിലപാട് മാറ്റി. സംസ്ഥാനത്താകമാനം വരള്‍ച്ചയാണെന്നും പല ജില്ലകളിലും സ്ഥിതി ഇതിലും പരിതാപകരമാണെന്നുമായിരുന്നു അഭിപ്രായപ്പെട്ടത്. ഒരോ തവണ ചുരം കയറുമ്പോഴും പുതിയ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തുന്ന മുഖ്യമന്ത്രി വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനനാടകം കളിച്ച് വയനാട്ടുകാരെ ഇത്തവണയും കബളിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച്ച രാവിലെ 9 മണിയോടെയാണ് മുഖ്യമന്ത്രി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ചാമപ്പാറയിലെത്തിയത്. മന്ത്രിമാരായ കെ പി മോഹനന്‍, പി കെ ജയലക്ഷ്മി, എം ഐ ഷാനവാസ് എംപി, ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, കലക്ടര്‍ കെ ഗോപാലകൃഷ്ണഭട്ട് വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ നീണ്ട നിര തന്നെ മുഖ്യമന്ത്രിയെ അനുഗമിച്ചു. വരണ്ടുണങ്ങിയ ഗ്രാമങ്ങളില്‍ രണ്ട് കിലോമീറ്ററോളം നീളത്തില്‍ അകമ്പടി വാഹനങ്ങള്‍ പൊടിക്കാറ്റ് പാറിച്ച് പാഞ്ഞ് പോകുന്നത് ഗ്രാമീണര്‍ പ്രതീക്ഷയോടെ നോക്കി നിന്നു. വഴി നീളെ മുഖ്യമന്ത്രിയെ കാത്ത് പരാതികെട്ടുകളുമായി ജനം കാത്തുനിന്നു. കടമ പോലെ അവ വാങ്ങി മുഖ്യമന്ത്രി മുന്നോട്ട് നീങ്ങി. കുടിക്കാനും കുളിക്കാനും വെള്ളമില്ല, കൃഷിയിടങ്ങള്‍ മുഴുവന്‍ കരിഞ്ഞുണങ്ങി തുടങ്ങിയ പരാതികള്‍. കൂടെ വന്യമൃഗശല്യത്തിന്റെ ദുരിതങ്ങളും കര്‍ഷകര്‍ തുറന്ന്കാട്ടി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ചണ്ണോത്ത് കൊല്ലി പാടശേഖരത്തിലാണ് മുഖ്യമന്ത്രി ആദ്യം എത്തിയത്.അവിടെ കന്നാരം പുഴയുടെ തീരത്ത് കുഴിച്ച കുളത്തില്‍ വെള്ളമില്ലാത്തത് ബോധ്യപ്പെടുത്താനായിരുന്നു സന്ദര്‍ശനം.തുടര്‍ന്ന് സീതാമൗണ്ട് ഐശ്വര്യകവലയിലെ ഉണങ്ങിയ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാനാണ് നിശ്ചയിച്ചത്.നേതാക്കന്മാര്‍ പറയുന്ന വഴി പോയാല്‍ വരള്‍ച്ചയുടെ രൂക്ഷത ബോധ്യപ്പെടില്ലെന്നും കബനി തീരം വഴി ഐശ്വര്യക്കവലയില്‍ എത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ചാമപ്പാറകവലയില്‍ മുഖ്യമന്ത്രിയ തടഞ്ഞ്വച്ചു. ഒടുവില്‍ ഇത് വഴി തന്നെയാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഇനിയും തെരഞ്ഞെടുപ്പ് വരും.അന്ന് ഞങ്ങള്‍ കണ്ടോളാം.എന്നായിരുന്നു ജനങ്ങളുടെ ഭീഷണി.
തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് പാസായ തീരദേശ റോഡിന്റെ ദയാനീയാവസ്ഥ ചൂണ്ടികാണിച്ച് നിവേദനം സമര്‍പ്പിച്ചു. ജില്ല പഞ്ചായത്ത് മെമ്പര്‍ കെ എല്‍ പൗലോസിന്റെ ചിത്രം അച്ചടിച്ച ഫ്ളക്സ് ബോര്‍ഡ് സഹിതമാണ് മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിച്ചത്. വികസനം ഫ്ളക്സ് ബോര്‍ഡുകളില്‍ മാത്രമാണന്നും ജനപ്രതിനിധികള്‍ തങ്ങളെ തിരിഞ്ഞ് നോക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. സീതാമൗണ്ട് ഐശ്വര്യകവലയില്‍ ഞൊണ്ടന്‍മാക്കല്‍ ജോണി,സേവ്യര്‍ പുലികുത്തി, എന്നിവരുടെ കരിഞ്ഞുണങ്ങിയ കുരുമുളക്തോട്ടങ്ങളും സന്ദര്‍ശിച്ചു.
മുഖ്യമന്ത്രിക്ക് അകമ്പടിയായി ഖദര്‍പടയുണ്ടായിരുന്നെങ്കിലും യുഡിഎഫിലെ മറ്റ് ഘടക കക്ഷി നേതാക്കള്‍ പരിപാടി ബഹിഷ്കരിച്ചതും ചര്‍ച്ചയായി. നേരത്തെ തന്നെ യുഡിഎഫ് യോഗം വിളിച്ച് ചേര്‍ത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുന്നതിലും മറ്റും തങ്ങളുടെ അഭിപ്രായമാരാഞ്ഞില്ല എന്ന പരിഭവമാണ് ബഹിഷ്കരണത്തിലേക്ക് നയിച്ചത്. കോണ്‍ഗ്രസുകാരുടെ താന്‍പ്രമാണിത്വമാണ് നടക്കുന്നതെന്നും ഒന്നും തങ്ങളോട് ആലോചിക്കുന്നില്ലെന്നുമാണ് ഘടകകക്ഷി നേതാക്കളുടെ പരാതി.കോണ്‍ഗ്രസിലെ തന്നെ ചില ത്രിതല പഞ്ചായത്ത് അംഗങ്ങളും മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ചു. വരള്‍ച്ചയുടെ രൂക്ഷത കണ്ടെങ്കിലും വയനാടിന് വേണ്ടി യാതൊരു പാക്കേജും പ്രഖ്യാപിക്കാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്. കര്‍ഷക ആത്മഹത്യ രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെത്തിയ മുഖ്യമന്ത്രി വയനാട് പാക്കേജ് നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ അത്തരമൊരു പാക്കേജിനെ കുറിച്ച് അറിയില്ലെന്നാണ് ശനിയാഴ്ച പറഞ്ഞത്.
ഈ ഉറപ്പിന് എന്ത് വില
പുല്‍പ്പള്ളി: മുഖ്യമന്ത്രിയുടെ വാക്കിന് എന്ത് ഉറപ്പ് ? സംശയം കടക്കെണി മൂലം ആത്മഹത്യ ചെയ്ത എലവുംകുന്നേല്‍ അശോകന്റെ ബന്ധുക്കള്‍ക്കാണ്.ഇടിമിന്നലേറ്റ് തളര്‍ന്ന് കിടക്കുന്ന കുഴിഞ്ഞാലിക്കല്‍ സ്വാമിയുടെ ഭാര്യ യശോദയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ശനിയാഴ്ച നടത്തിയ പ്രഖ്യാപനമാണ് ഇവര്‍ക്ക് സന്ദേഹമുണ്ടാക്കിയത്. ഇടിമിന്നലില്‍ ചത്ത കറവമാടുകള്‍ക്ക് നഷ്ടപരിഹാരവും യശോദക്ക് ചികിത്സ സഹായവും നല്‍കുമെന്നായിരുന്നു വാഗ്ദാനം. 2011 ആഗസ്തില്‍ ഇഞ്ചി വില തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ കാര്‍ഷിക പ്രതിസന്ധിയില്‍ പിടിച്ച് നില്‍ക്കാനാകാതെ ആത്മഹത്യ ചെയ്ത എലവുംകുന്നേല്‍ അശോകന്റെ കുടുംബത്തിന് രണ്ട് കറവമാടുകളെ നല്‍കുമെന്നായിരുന്നു കൃഷി മന്ത്രി കെ പി മോഹനന്‍ അന്ന് ഇവരുടെ വീട്ടിലെത്തി പ്രഖ്യാപിച്ചത്. വര്‍ഷം രണ്ടായിട്ടും ഈ വാഗ്ദാനം സര്‍കാര്‍ പാലിച്ചിട്ടില്ല .ഇതുള്‍പ്പെടെ എല്ലാ വാഗ്ദാനങ്ങളും വിഴുങ്ങുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ അവിശ്വാസത്തോടെയാണ് നാട്ടുകാര്‍ ശ്രവിച്ചത്.
deshabhimani 070413

No comments:
Post a Comment