Tuesday, April 9, 2013

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ജനവിരുദ്ധതക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ അശാസ്ത്രീയ കാഴ്ചപ്പാട്: സിപിഐ എം

ആശങ്കകള്‍ ബാക്കി: ഈ തെളിവെടുപ്പും പ്രഹസനമാകുമോ

കല്‍പ്പറ്റ: മുമ്പ് നടന്ന പല സിറ്റിംങ്ങുകളും പോലെ കസ്തൂരിരംഗന്‍ കമ്മറ്റി തെളിവെടുപ്പും പ്രഹസനമായി മാറുമോ എന്ന ആശങ്കയാണ് തിങ്കളാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന സിറ്റിംങ് ബാക്കിയാക്കിയത്. പരിസ്ഥിതിസംവേദക മേഖല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ടി എന്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തെളിവെടുപ്പും പ്രഹസനമായത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ തന്നെ കസ്തൂരിരംഗന് കരിങ്കൊടികാണിച്ചത് ഈ സന്ദേഹം ബലപ്പെടുത്തി.

വയനാട്ടുകാരുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഗാഡ്ഗില്‍ റിപോര്‍ടിലെ ജനവിരുദ്ധപരാമര്‍ശങ്ങള്‍ക്ക് കാരണം കേന്ദ്ര സര്‍കാരിന്റെ അശാസ്ത്രീയ കാഴ്ചപ്പാടാണെന്ന സത്യമാണ് ജില്ലയിലെ യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും കമ്മറ്റി റിപോര്‍ട് നിരാകരിക്കുന്നതിലൂടെ അംഗീകരിക്കുന്നത്. അതേ സമയം തെളിവെടുപ്പിന് ഹാജരാകാതെ മുസ്ലിംലീഗ് നേതൃത്വവും പ്രതിബദ്ധത തെളിയിച്ചു. യോഗത്തില്‍ പങ്കെടുത്ത ലീഗിന്റെ പോഷകസംഘടനയായ സ്വതന്ത്ര കര്‍ഷകസംഘം പ്രതിനിധി അഡ്വ. ഖാലിദ്രാജ ഗാഡ്ഗില്‍ റിപോര്‍ടിനെ പിന്തുണച്ചതും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സലിംമേമന അതിനെ എതിര്‍ത്ത് സംസാരിച്ചതും ഇക്കാര്യത്തിലുള്ള മുസ്ലിംലീഗിന്റെ ഇരട്ടത്താപ്പാണ് വെളിപ്പെടുത്തിയത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും പാരിസ്ഥിതിക സംവേദക മേഖലയും കടുവാ സങ്കേത പ്രഖ്യാപനവുമെല്ലാം വയനാടന്‍ ജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തെളിവെടുപ്പില്‍ അറിയിച്ചു. മൊത്തം വിസ്തൃതിയുടെ 38 ശതമാനവും വനമായ മറ്റൊരു ജില്ല കേരളത്തിലില്ല. ഈ വനങ്ങള്‍ സംരക്ഷിക്കുന്നതില്‍ കര്‍ഷകരും ആദിവാസികളും അടക്കമുള്ള ജനങ്ങളുടെ പങ്കാളിത്തം വളരെ വലുതും വിലപ്പെട്ടതുമാണ്. അതിനാല്‍ വനവും ചതുപ്പും വയലുകളും വന്യജീവികളുടെ ആവാസ വ്യവസ്ഥയുമെല്ലാം നിലനിര്‍ത്താന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടതിന്റെ ആവശ്യമില്ല.

കാലാവസ്ഥാ വ്യതിയാനത്തില്‍ മുഖ്യപങ്ക് വഹിക്കുന്നതും സര്‍ക്കാര്‍ നടപ്പാക്കിയതുമായ തേക്ക് തോട്ടങ്ങളും യൂക്കാലിപ്റ്റസ് പ്ലാന്റേഷനുകളും ഒഴിവാക്കി അവിടെ പ്രകൃതിദത്ത വനം ഉണ്ടാവാനുള്ള സാഹചര്യം ഒരുക്കണമെന്നതാണ് തെളിവെടുപ്പില്‍ ഉയര്‍ന്ന മുഖ്യനിര്‍ദേശങ്ങളിലൊന്ന്. ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം ജില്ലയിലെ മൂന്ന് താലൂക്കുകളും അതീവലോല പരിസ്ഥിതി പ്രധാന്യ മേഖലയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവിലെ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശയില്ലാതെ തന്നെ വയനാടിന്റെ പരിസ്ഥിതിയും ആവാസ വ്യവസ്ഥയും നിലനിര്‍ത്താന്‍ കഴിയുമെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. സി പി എം ജില്ലാ കമ്മിറ്റിക്ക് വേണ്ടി മുന്‍ എം എല്‍ എ പി കൃഷ്ണപ്രസാദ്, സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര,യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ കെ പി തോമസ്, ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ്, കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ, ആര്‍ എസ് പി ജില്ലാ സെക്രട്ടറി ഏച്ചോം ഗോപി, സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് കെ കെ ഹംസ, ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് മുഹമ്മദ്കുട്ടി, സി പി ഐ (എം എല്‍) ജില്ലാ സെക്രട്ടറി സാം പി മാത്യു, പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷ, കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ ജോഷി സിറിയക്, രാസ്ത ഡയറക്ടര്‍ ഓമന, ക്വാറി ഉടമസ്ഥ സംഘം പ്രതിനിധി ജോര്‍ജ് മാസ്റ്റര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ജനവിരുദ്ധതക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ അശാസ്ത്രീയ കാഴ്ചപ്പാട്: സിപിഐ എം

കല്‍പ്പറ്റ: പശ്ചിമഘട്ട പരിസ്ഥിതി വിഗദ്ധസമിതിക്ക് കേന്ദ്ര സര്‍കാര്‍ നിശ്ചയിച്ച ചുമതലകളിലുള്ള പാളിച്ചകളാണ് ഗാഡ്ഗില്‍ റിപോര്‍ട്ട് ജനവിരുദ്ധമാകാന്‍ കാരണമെന്ന് സിപിഐഎം കസ്തൂരിരംഗന്‍ കമീഷന് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടി പ്രൊഫ.ഗാഡ്ഗില്‍ കമ്മറ്റിയുടെ ശുപാര്‍ശകള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പഠിക്കാന്‍ കല്‍പ്പറ്റയിലെത്തിയ ഡോ.കസ്തൂരിരംഗന് മുമ്പാകെയാണ് സിപിഐഎം ഇക്കാര്യം വ്യക്തമാക്കി നിവേദനം സമര്‍പ്പിച്ചത്.

പരിസ്ഥിതിയുടെ നാശം വിവിധജനവിഭാഗങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘതങ്ങളെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍കാര്‍ ഗാഡ്ഗില്ലിനോടാവശ്യപ്പെട്ടില്ല.പരിസ്ഥിതി സംരക്ഷിക്കുന്നതോടൊപ്പം തൊഴിലാളികള്‍,കര്‍ഷകര്‍,വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികള്‍,തുടങ്ങിയ ജനവിഭാഗങ്ങളുടെ മൗലികാവകാശവും ഉപജീവനോപാധികളും സംരക്ഷിക്കുന്നത് സംബന്ധിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ നല്‍കാനും സര്‍കാര്‍ ഗാഡ്ഗില്ലിനോടാവശ്യപ്പെട്ടില്ല. വയനാട് പോലെ കാടുംനാടും തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയാത്ത പ്രദേശങ്ങളിലെ ജനജീവിതത്തിന് റിപോര്‍ട്ട് ഭീഷണിയാകാന്‍ കാരണം ഇതാണ്. മനുഷ്യനെ സംരക്ഷിച്ച്കൊണ്ട് വേണം പരിസ്ഥിതി സംരക്ഷിക്കേണ്ടതെന്ന ശാസ്ത്രീയവീക്ഷണം കേന്ദ്രസര്‍കാരിനില്ലാതെ പോയതാണ് ഗാഡ്ഗില്‍ റിപോര്‍ടിന്റെ ദൗര്‍ബല്യം ് പശ്ചിമഘട്ടത്തെ ഗ്രിഡുകളും സോണുകളുമാക്കി തിരിച്ചതും അശാസ്ത്രീയമാണ്. പ്രകൃതിപരമായ അതിര്‍ത്തികളോ ഭൂവിഭാഗത്തിന്റെ പ്രത്യേകതകളോ ജൈവപാരിസ്ഥിതിക പ്രാധാന്യമോ പരിഗണിച്ചില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിസ്ഥിതി ആസൂത്രണത്തിലും പ്രാദേശികവികസന പ്രകൃയയിലും പരിസ്ഥിതി സംരക്ഷണത്തിലും ഗുരുതരമായ പ്രതിബന്ധങ്ങളും പ്രയാസങ്ങളും സൃഷ്ടിക്കുന്ന സമിതിയുടെ ഈ നടപടി പിന്‍വലിക്കണം.

ആറ് മാസത്തിനകം പരിസ്ഥിതി സംവേദക മേഖല പ്രഖ്യാപിക്കണമെന്ന സമിതിയുടെ ശുപാര്‍ശയും ജനാധിപത്യ വിരുദ്ധമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായമാരായാതെ ഏകപക്ഷീയമായി സംവേദക മേഖല പ്രഖ്യാപിക്കുന്നതോടെ ജനങ്ങള്‍ നീതിക്ക് വേണ്ടി ഉദ്യോഗസ്ഥരുടേയും നീതിപീഡത്തിന്റേയും മുമ്പില്‍ യാചിക്കേണ്ടി വരും. ഇത് വ്യാപകമായ അഴിമതിക്കിടയാക്കും. ഭൂ വിനിയോഗം സംബന്ധിച്ച നിബന്ധനകളും കര്‍ഷകര്‍ക്ക് ദോഷകരമാണ്.റിപോര്‍ട്ട് നടപ്പാക്കിയാല്‍ വയനാട് ജില്ല മുഴുവനായും പരിസ്ഥിതി സംവേദക മേഖല ഒന്നിലും രണ്ടിലും ഉള്‍പ്പെടും.ഈ നിര്‍ദേശം നടപ്പിലായാല്‍ വിദ്യാലയം, ആശുപത്രി,വായനശാല, രാഷ്ട്രീയപാര്‍ടികളുടെ ഓഫീസ്,ആരാധനാലയങ്ങള്‍, വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ സര്‍കാര്‍ ഓഫീസുകള്‍ എന്നിവ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നത് ജനങ്ങളുടെ മൗലികാവകാശലംഘനമാണ്. ജനങ്ങളെ പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കാളികളാക്കുന്നതിന് പകരം അവരെ പരിസ്ഥിതിക്കെതിരെ വഴിതിരിച്ച് വിടാന്‍ മാത്രമേ ഇത്തരം നിര്‍ദേശങ്ങള്‍ ഉപകരിക്കുള്ളു. ജൈവ കൃഷി മാത്രമേ അനുവദിക്കൂ എന്നും രാസവളം നിരോധിക്കുമെന്നുമുള്ള നിര്‍ദേശവും ശാസ്ത്രീയമല്ല. രാസവളത്തിന്റേയും രാസ കീട നാശിനിയുടേയും അമിതമായ ഉപയോഗം നിരോധിക്കുകയല്ല മറിച്ച് നിയന്ത്രിക്കുകയാണ് വേണ്ടത്.

പശ്ചിമഘട്ടത്തില്‍ പുതിയ റെയില്‍വേ ലൈനുകളോ ദേശീയപാതകളോ പാടില്ലെന്ന നിലപാടും വയനാടിന് ദോഷം ചെയ്യും.നിര്‍ദിഷ്ട നഞ്ചന്‍കോട്- നിലമ്പൂര്‍,തലശേരി-മൈസൂര്‍ റെയില്‍പാതകളടക്കം എല്ലാം തടസപ്പെടും.കേരള-കര്‍ണാടക-തമിഴ്നാട് അതിര്‍ത്തികളില്‍ തുടരുന്ന രാത്രിയാത്ര നിരോധനം വേഗത നിയന്ത്രണത്തിലൂടെ പിന്‍വലിക്കാനും വനമേഖയിലൂടെ ഓവര്‍ബ്രിഡ്ജ് നിര്‍മിക്കാനും കേന്ദ്രസര്‍കാര്‍ സന്നദ്ധമാകണം.വളരെയധികം ദേശീയ പ്രാധാന്യമുള്ള നഞ്ചന്‍കോട്- നിലമ്പൂര്‍ റെയില്‍വേ നിര്‍മിക്കാനുള്ള ശുപാര്‍ശ നല്‍കണം. നിലവിലുള്ള വനം സംരക്ഷിക്കുന്നതിന് ഫലപ്രദമായ യാതൊരു നിര്‍ദേശങ്ങളും സമിതി മുന്നോട്ട് വെക്കുന്നില്ല.വരള്‍ച്ചയും കാലാവസ്ഥ വ്യതിയാനവും രൂക്ഷമാക്കുന്ന തേക്ക് മരങ്ങള്‍ വെട്ടിമാറ്റി പകരം സ്വാഭാവിക വനം നടണം.മൃഗങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് തടയണകളും കുളങ്ങളും നിര്‍മിക്കുകയും ഫലവൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കുയും വേണം.വനത്തിനകത്തെ സ്വാഭാവിക ചെടികള്‍ക്ക് ഭീഷണിയാകുന്ന പരാദങ്ങളെ നശിപ്പിക്കണം. നെല്‍വയലുകളും തണ്ണീര്‍തടങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സമിതി പരിഗണിച്ചിട്ടില്ല.വന്‍കിട അണക്കെട്ടുകളുടെ നിര്‍മാണവും നിലവിലുള്ള ഡാമുകളുടെ കമീഷനിംഗും നിരോധിച്ചതും ഉള്‍പ്പെടെയുള്ള അപ്രായോഗിക നിര്‍ദേശങ്ങള്‍ തള്ളികളയണം. പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റിയില്‍ തൊഴിലാളി, കര്‍ഷക,ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്നും അതോറിറ്റി രൂപീകരിക്കാനുള്ള അധികാരം സംസ്ഥാന സര്‍കാരിന് കൈമാറണമെന്നും സിപിഐഎം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട് ഗ്രാമസഭകള്‍ മുതല്‍ ചര്‍ച്ച ചെയ്യണം: സി പി ഐ

കല്‍പ്പറ്റ: മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ ഗ്രാമസഭ മുതല്‍ ത്രിതല പഞ്ചായത്ത് സംവിധാനത്തിലാകെ ചര്‍ച്ച ചെയ്യാനും അതിന്റെ ഗുണദോഷങ്ങള്‍ താഴെതലം വരെ വിലയിരുത്താനും സാഹചര്യം ഒരുക്കണമെന്ന് ശുപാര്‍ശകളില്‍ പഠനം നടത്താന്‍ നിയോഗിച്ച ഡോ കസ്തൂരിരംഗന്‍ കമ്മിറ്റി മുന്‍പാകെ സി പി ഐക്ക് വേണ്ടി സംസാരിച്ച ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട് നടപ്പാക്കേണ്ടി വന്നാല്‍ ജില്ലയെ സോണ്‍ മൂന്നിലേക്ക് മാറ്റണം. പശ്ചിമഘട്ടത്തിലെ മനുഷ്യരെയും അവരുടെ ജീവിത സാഹചര്യങ്ങളെയും സംബന്ധിച്ച പഠനവും സംരക്ഷണ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. കര്‍ഷകരെ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത് ഭഭരണകൂടമാണ്. അവര്‍ പെട്ടെന്ന് ജൈവ രീതിയിലേക്ക് കൃഷികള്‍ മാറ്റുമ്പോള്‍ ഉണ്ടാവുന്ന നഷ്ടം നികത്താന്‍ ഏക്കറൊന്നിന് ഒരു ലക്ഷം രൂപ വീതം പ്രതിവര്‍ഷം സഹായധനം നല്‍കണം. പരസ്ഥിതിക്ക് ദോഷം ഉണ്ടാക്കാക്കാത്ത ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് തുടര്‍ന്നും അനുമതി നല്‍കണം. നിര്‍മാണ പ്രവൃത്തികള്‍ക്ക് നിരോധനം പാടില്ല, നിയന്ത്രണങ്ങളാവാം. വന്യജീവികള്‍ മൂലമുള്ള കൃഷിനാശത്തിന് മാന്യമായതും കാലോചിതമായതുമായ നഷ്ടപരിഹാരം ഉറപ്പാക്കണം. ജില്ലയിലെ ചെറുതും വലുതുമായ നദികളില്‍ തടയണകളും മണ്ണണകളും നിര്‍മിച്ച് ജലം കാര്‍ഷിക ആവശ്യത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും സി പി ഐ കസ്തൂരിരംഗന്‍ കമ്മിറ്റി മുന്‍പാകെ നിര്‍ദേശിച്ചു.

കസ്തൂരിരംഗന്‍ കമീഷന്‍ തിങ്കളാഴ്ച എത്തിയില്ല ജനരോഷം ആളിക്കത്തി

ചെറുതോണി: ആളിക്കത്തിയ ജനരോക്ഷത്തിനുമുമ്പില്‍ കസ്തൂരി രംഗന്‍ കമീഷന് പുനര്‍വിചിന്തനം. തിങ്കളാഴ്ചത്തെ ഇടുക്കി സന്ദര്‍ശനം വെട്ടിച്ചുരുക്കിയ കമീഷന് മണിക്കൂറുകള്‍ക്കുള്ളില്‍ ജനരോഷം ഭയന്ന് തീരുമാനം തിരുത്തേണ്ടിവന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കസ്തൂരിരംഗന്‍ കമീഷന്‍ തിങ്കളാഴ്ച ഇടുക്കിയില്‍ സിറ്റിങിനെത്തേണ്ടതായിരുന്നു. രാവിലെ 8.30ന് ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ എത്തുമെന്നായിരുന്നു അറിയിപ്പ്. ജില്ലാഭരണകൂടവും പൊലീസുമെല്ലാം കാത്തുനിന്നെങ്കിലും നിരാശരായി. ഒന്‍പതോടെ സന്ദര്‍ശനം ഒഴിവാക്കിയതായി അറിയിപ്പുവന്നു. തുടര്‍ന്ന് എല്‍ഡിഎഫ് നേതാക്കളും കര്‍ഷക പ്രതിനിധികളും ശക്തമായ പ്രതിഷേധിച്ചു. കലക്ടറേറ്റില്‍ ഒത്തുചേര്‍ന്ന നേതാക്കള്‍ കലക്ടറെ പ്രതിഷേധമറിയിച്ചു. ഒടുവില്‍ യോഗം നടത്താന്‍ മന്ത്രിയും എംപിയും ശ്രമം നടത്തിയപ്പോള്‍ കമീഷന്‍ ഇല്ലാതെ പ്രഹസനമായി യോഗം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാദിച്ചു. മന്ത്രി പി ജെ ജോസഫിനും പി ടി തോമസ് എംപിക്കും എതിരെ എല്‍ഡിഎഫ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് നേതാക്കള്‍ പ്രതിഷേധ പ്രസംഗം നടത്തി യോഗം ബഹിഷ്ക്കരിച്ച് പുറത്തുവരികയായിരുന്നു. സര്‍വകക്ഷിയോഗം ഹര്‍ത്താലിന് ആലോചന നടത്തിയെങ്കിലും ചൊവ്വാഴ്ച കസ്തൂരിരംഗന്‍ എത്തുമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു.

കസ്തൂരിരംഗന്‍ റോഡുമാര്‍ഗം വരണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വര്‍ഗീസ് സര്‍വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം പിന്നീട് കമീഷന്‍ അംഗീകരിച്ചു. ജില്ലയിലെ പ്രധാന ജനവാസകേന്ദ്രങ്ങളിലും കര്‍ഷകകേന്ദ്രങ്ങളിലും കമീഷന്‍ നേരിട്ടെത്തണമെന്നും ഗാഡ്ഗില്‍കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേകം പേരെടുത്ത് പരാമര്‍ശിച്ച ഏഴ് പഞ്ചായത്തുകളില്‍ കൃത്യമായും പരിശോധന നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുമായും കര്‍ഷകസംഘടന പ്രതിനിധികളുമായും ജനപ്രതിനിധികളുമായും കമീഷന്‍ വെവ്വേറെ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും സര്‍വകക്ഷിയോഗത്തില്‍ ആവശ്യമുയര്‍ന്നു. ഏപ്രില്‍ 15ന് അവസാനിക്കുന്ന കമീഷന്റെ കാലാവധി നീട്ടികൊടുക്കണമെന്നും നിര്‍ദ്ദേശം മുന്നോട്ടുവച്ചു. ഇക്കാര്യങ്ങള്‍ കമീഷനെയും സര്‍ക്കാരിനെയും അറിയിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. ചൊവ്വാഴ്ച രാവിലെ കലക്ടറേറ്റില്‍ റോഡുമാര്‍ഗം എത്തുന്ന കമീഷന്‍ രാവിലെ 10 മുതല്‍ ഒന്നുവരെ കലക്ടറേറ്റില്‍ ജനപ്രതിനിധികളും സംഘടനാ നേതാക്കളുമായും ചര്‍ച്ച നടത്തും. കമീഷന്റെ ഇടുക്കി സന്ദര്‍ശനം ചടങ്ങാക്കി മാറ്റുന്നതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. എല്‍ഡിഎഫ് നേതാക്കളായ സി വി വര്‍ഗീസ്, എസ് രാജേന്ദ്രന്‍ എംഎല്‍എ, ഇ എസ് ബിജിമോള്‍ എംഎല്‍എ, സി കെ കൃഷ്ണന്‍കുട്ടി, കെ കെ ശിവരാമന്‍, അഗസ്റ്റ്യന്‍ വട്ടക്കുന്നേല്‍, മാത്യു വര്‍ഗീസ്, അനില്‍ കൂവപ്ലാക്കല്‍, എം കെ ജോസഫ് എന്നിവരും യുഡിഎഫ് നേതാക്കളായ റോയി കെ പൗലോസ്, ഇ എം ആഗസ്തി, ഇബ്രാഹിംകുട്ടി കല്ലാര്‍, എ പി ഉസ്മാന്‍, ജോസ് പാലത്തിനാല്‍ എന്നിവരും സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തു.

deshabhimani 090413

No comments:

Post a Comment