Tuesday, April 9, 2013

മുഖ്യമന്ത്രിയ്ക്ക് തുടരാന്‍ അര്‍ഹതയില്ല


 മുഖ്യമന്ത്രി പദവി ഉപയോഗിച്ച് എല്ലാ അധാര്‍മ്മികതയ്ക്കും കൂട്ട് നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയ്ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. എല്‍ഡിഎഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗണേശ് കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചി നല്‍കിയ പരാതി സ്വീകരിക്കാതെ പ്രശ്നം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് അവരെ ചതിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഗാര്‍ഹിക പീഡന പരിധിയില്‍ വരുന്ന പ്രശ്നം അതിന്റെ ഗൗരവത്തില്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്തില്ല. ഒര് സ്ത്രീയ്ക്ക് ലഭിക്കേണ്ട സാമാന്യ നിയമപരിരക്ഷ പോലും യാമിനിയ്ക്ക് നിഷേധിച്ച് ക്രിമിനല്‍ കുറ്റം ചെയ്തയാളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

ഭൂരിപക്ഷം കുറഞ്ഞ സര്‍ക്കാരിനെ സംരക്ഷിക്കാനും ഗണേശ് കുമാറിനെ വീണ്ടും മന്ത്രിയാക്കാനുമുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഗണേശ് കുമാര്‍ പരസ്യമായി മാപ്പ് പറഞ്ഞ് പ്രശ്നം ഒത്ത് തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ മാപ്പ് പറഞ്ഞാല്‍ ചെയ്ത കുറ്റം പരസ്യമായി ഏറ്റുപറയലാകും. ഇത്തരത്തില്‍ ക്രിമിനല്‍ കുറ്റം ചെയ്ത വ്യക്തിയെ വീണ്ടും മന്ത്രിയാക്കാനുള്ള ശ്രമം തീര്‍ത്തും അധാര്‍മ്മികമാണ്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം എല്ലാ മേഖലയും തകര്‍ക്കപ്പെടുകയാണ്. ക്രമസമാധാന മേഖല പാടെ തകര്‍ന്നു. പ്രായപൂര്‍ത്തിയാകാത്ത 1126 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി ആഭ്യന്തര മന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തിയത് ക്രമസമാധാന രംഗത്തെ തകര്‍ച്ചയ്ക്ക് തെളിവാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെ തോക്കും വടിവാളുമായി പിണറായിയുടെ വീടിനടുത്ത് നിന്ന് ഒരാളെ പിടികൂടിയ സംഭവം അതീവ ഗൗരവമുള്ളതാണ്. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച് പ്രതികളെ കണ്ടെത്തണമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

ഗണേശ് മാപ്പ് പറയും; കേസ് പിന്‍വലിക്കും

തിരു: യാമിനി തങ്കച്ചിയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് തിരുവനന്തപുരം കുടുംബകോടതിയില്‍ നല്‍കിയ ഹര്‍ജി കെ ബി ഗണേശ് കുമാര്‍ പിന്‍വലിക്കും. പിന്‍വലിക്കാനുള്ള അപേക്ഷ കോടതിയില്‍ ചൊവ്വാഴ്ച നല്‍കി. യാമിനിയുമായി ചേര്‍ന്ന് വിവാഹമോചനത്തിന് സംയുക്ത ഹര്‍ജി നല്‍കാനായിട്ടാണിത്.

യാമിനി ഗാര്‍ഹിക പീഡന നിയമപ്രകാരം കേസ് നല്‍കിയതോടെ ഗണേശ് ആരംഭിച്ച ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ ഭാഗമായാണിത്. നേരത്തേ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാമെന്നും യാമിനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പരസ്യമായി മാപ്പ് പറയാമെന്നും ഗണേശ് സമ്മതിച്ചതായാണ് സൂചന. ഒത്തുതീര്‍പ്പുണ്ടായാല്‍ യാമിനി നല്‍കിയ കേസുകളും പിന്‍വലിക്കും.

പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തില്ലെന്ന് പി സി ജോര്‍ജ്

തിരു: തന്റെ പ്രവര്‍ത്തന ശൈലിയില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. ജന്‍മനായുള്ള പ്രവര്‍ത്തന ശൈലി മാറ്റാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള കോണ്‍ഗ്രസ്(ബി) നേതാവ് ബാലകൃഷ്ണ പിള്ളയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജോര്‍ജ് നിലപാട് വ്യക്തമാക്കിയത്.

deshabhimani

No comments:

Post a Comment