Tuesday, April 9, 2013

പോരാട്ട കാഹളമുയര്‍ത്തി വയനാട് രക്ഷാമാര്‍ച്ച്


മാനന്തവാടി: വയനാടിന്റെ രക്ഷക്കുവേണ്ടി സിപിഐ എം നടത്തുന്ന പോരാട്ടത്തിന് ജനഹൃദയങ്ങളുടെ വരവേല്‍പ്. തിങ്കളാഴ്ച തലപ്പുഴയില്‍ നിന്നുമാണ് വയനാട് രക്ഷാ മാര്‍ച്ചിന്റെ രണ്ടാം ദിവസത്തെ പര്യടനം തുടങ്ങിയത്. ആയിരത്തോളം അംഗങ്ങളാണ് ജാഥയിലുള്ളത്. വഴിനീളെ കുടിവെള്ളവും പഴവും പൊതിച്ചോറുമായി കാത്തുനില്‍ക്കുന്നവരുടെ സ്നേഹവും അഭിവാദ്യവും ഏറ്റുവാങ്ങിയാണ് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ നയിക്കുന്ന വയനാട് രക്ഷാ മാര്‍ച്ച് സഞ്ചരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റംഗം എ എന്‍ പ്രഭാകരന്‍ വൈസ്ക്യാപ്റ്റനും എം വേലായുധന്‍ മാനേജരുമായ ജാഥയില്‍ കെ വി മോഹനന്‍, പി കൃഷ്ണപ്രസാദ്, പി ജെ ആന്റണി, പി ഗഗാറിന്‍,എന്നിവരുള്‍പ്പെടെ 33 സ്ഥിരാംഗങ്ങളുണ്ട്.

വരണ്ടുണങ്ങിയ വയനാടിനെ അവഗണിക്കാനാണ് സര്‍ക്കാരും ജനപ്രതിനിധികളും ശ്രമിക്കുന്നത്. ജില്ലയില്‍ നിന്നുള്ള എംപിയും എംഎല്‍എമാരും ഈ നീക്കത്തിനെതിരെ പ്രതികരിക്കാതെ ജനങ്ങളെ ഒറ്റുകൊടുക്കുകയാണ്.പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി വയനാടിന്റെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും മാറുന്ന തരത്തിലാണ് മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടും തുടര്‍ന്ന് ടി എന്‍ പ്രതാപന്‍ എംഎല്‍എ ചെയര്‍മാനായ നിയമസഭാ കമ്മറ്റിയുടെ നിര്‍ദ്ദേശവും ഉണ്ടായിരിക്കുന്നത്. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകുന്നതോടെ ജില്ലയിലെ ജനങ്ങള്‍ പലായനത്തിന് നിര്‍ബന്ധിതരാകും. ജില്ലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളുയര്‍ത്തി നടത്തുന്ന വയനാട് രക്ഷാ മാര്‍ച്ച് ജില്ലയിലെ ജനങ്ങളാകെ നെഞ്ചേറ്റിയ അനുഭവമാണ് രണ്ടുദിവസങ്ങിലായി അനുഭവപ്പെടുന്നത്. മാര്‍ച്ചിന്റെ സ്വീകരണ കേന്ദ്രങ്ങളിലും മാര്‍ച്ച് കടന്നുവരുന്ന വഴികളിലും ആയിരങ്ങളാണ് തടിച്ചു കൂടുന്നത്.

തലപ്പുഴയില്‍ നടന്ന സ്വീകരണയോഗത്തില്‍ എം സി ചന്ദ്രന്‍ അധ്യക്ഷനായി. പി വാസു സ്വാഗതം പറഞ്ഞു. മാനന്തവാടിയില്‍ നടന്ന സ്വീകരണയോഗത്തില്‍ കെ വി മോഹനന്‍ അധ്യക്ഷനായി കെ എം വര്‍ക്കി സ്വാഗതം പറഞ്ഞു.കാട്ടിക്കുളത്ത് ചേര്‍ന്ന സമാപന യോഗം സിപിഐ എം കേരന്ദകമ്മറ്റിയംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ കേളു അധ്യക്ഷനായി. പി കൃഷ്ണപ്രസാദ്, പി ഗഗാറിന്‍, സി കെ ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം മുരളീധരന്‍ സ്വാഗതം പറഞ്ഞു.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് : കര്‍ഷകന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണം - എ വിജയരാഘവന്‍

കാട്ടിക്കുളം: കര്‍ഷകന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുമാത്രമേ മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാവൂ എന്ന് സിപിഐ എം കേന്ദ്രകമ്മറ്റിയംഗം എ വിജയരാഘവന്‍ ആവശ്യശപ്പട്ടു. സിപിഐ എം ജില്ലാകമ്മറ്റി സംഘടിപ്പിച്ച വയനാട് രക്ഷാ മാര്‍ച്ചിന്റെ രണ്ടാം ദിവസത്തെ പര്യടനത്തിന്റെ സമാപനയോഗം കാട്ടിക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം.

കേരളം അതിവേഗം നഗരവല്‍ക്കരണം നടക്കുന്ന സംസ്ഥാനമായി മാറുകയാണ്. ജനസംഖ്യയുടെ 52ശതമാനവും താമസിക്കുന്നത് നഗരങ്ങളിലാണ്. എന്നാല്‍ വയനാട് അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ പ്രദേശമാണ്. ഗ്രാമീണ കര്‍ഷക ജനത താമസിക്കുന്ന നാടാണ് വയനാട്. കേരളത്തില ഏറ്റവും അധികം ആദിവാസികള്‍ താമസിക്കുന്നതും ഈ ജില്ലയിലാണ്. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് വിജയരാഘവന്‍ കുറ്റപ്പെടുത്തി. രാത്രിയാത്രാ നിരോധനം കത്തയച്ച് പരിഹരിക്കാവുന്ന ഒന്നല്ല. കോടതിയില്‍ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. വന്യമൃഗ ശല്യവും മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടും ജനങ്ങള്‍ക്ക് ദുരിതം വിതക്കുന്നതാണ്. സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുന്നില്ലെങ്കില്‍ അതിനുള്ള പോരാട്ടം നടത്താന്‍ ജനങ്ങള്‍ തയ്യാറാകണം. ജനങ്ങളാകെ തെരുവിലിറങ്ങി സമരം ചെയ്താല്‍ മാത്രമേ ഈ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ കഴിയുകയുള്ളൂ.

കേരളത്തില്‍ ഭരണം നിശ്ചലമാണെന്ന് വിജയരാഘവന്‍ ആരോപിച്ചു. മന്ത്രിസഭയിലെ മന്ത്രിമാരുടെ പ്രശ്നങ്ങള്‍ പരിിഹരിക്കാന്‍ പോലും ഉമ്മന്‍ ചാണ്ടിക്ക് കഴിയുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കാലം വയനാട്ടുകാര്‍ക്ക് രക്ഷയുണ്ടാകില്ല. ജാതിസംഘടനകള്‍ സര്‍ക്കാരിനെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. കേന്ദ്രസര്‍ക്കാരും ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് 5.70ലക്ഷം കോടിയുടെ സഹായം നല്‍കിയപ്പോള്‍ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാരും തയ്യാറായില്ല. കാര്‍ഷിക വിളകളുടെ വില അനുദിനം തകരുകയും രാസവളങ്ങളുടെ വില കുതിച്ചുയരുകയും ചെയ്യുകയാണ്. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ രക്ഷിക്കാന്‍ തയ്യാറാകുന്നില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു.

പ്രതിരോധത്തിന്റെ കനലുകളായി കലാജാഥ

മാനന്തവാടി: കനലെരിയുന്ന വയനാടന്‍ മനസ്സുകളുടെ രോദനങ്ങളും പ്രതിരോധവുമെല്ലാമടങ്ങുന്നതായി വയനാട് രക്ഷാമാര്‍ച്ചിനൊപ്പമുള്ള കലാസംഘത്തിലെ കലാകാരന്മാര്‍ അവതരിപ്പിച്ച പരിപാടികള്‍. ലഘുനാടകങ്ങളും നാടന്‍പാട്ടുകളും വിപ്ലവഗാനങ്ങളും സ്കിറ്റുകളുമാണ് സംഘം അവതരിപ്പിക്കുന്നത്. ജിത്തുതമ്പുരാന്‍ രചിച്ച"ബീരാന്‍ കാക്ക" വയനാടന്‍ ജനങ്ങളുടെ ആത്മനൊമ്പരങ്ങള്‍ ലോകത്തോട് വിളിച്ചുപറയുകയാണ്. കടുവാ സങ്കേതമാക്കാനുള്ള നീക്കവും പാരിസ്ഥിക ദുര്‍ബല പ്രദേശമാക്കാനുള്ള ശ്രമവും വരണ്ടുണങ്ങിയ മണ്ണിന്റെ വേദനയും കാര്‍ഷിക വിളകളുടെ തകര്‍ച്ചയും സര്‍ക്കാരിന്റെ ജനവിരുദ്ധതയുമെല്ലാം ബീരാന്‍ക്കയും നായരും മത്തായിയും ചേര്‍ന്ന് ചര്‍ച്ചചെയ്യുമ്പോള്‍ പലരും പറയാന്‍ മറന്നതും പറയേണ്ടതുമായ കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തുകയാണ്.

കെ കെ അജികുമാര്‍ പനമരമാണ് കലാസംഘത്തിന്റെ കോഡിനേറ്റര്‍. ശിവദാസ് പടിഞ്ഞാറത്തറ, എസ് രഞ്ജിത്ത്, എം പി വിജിലേഷ്, പി യു വിനേഷ്, എ എസ് ശരത്ത്, എ ധനേഷ്, എ കെ ശാന്തികൃഷ്ണ, കെ ആര്‍ ജിന്‍ഷ, കെ ബി സജിത എന്നിവരാണ് സംഘത്തിലുള്ളത്. നാടന്‍ പാട്ടുകളുടെ രചനയും സംവിധാനവും അജികുമാര്‍ പനമരമാണ് നിര്‍വഹിച്ചിരിക്കുന്നത്.

deshabhimani 090413

No comments:

Post a Comment