Sunday, April 7, 2013

റേഷന്‍കട വഴിയുള്ള അരിയും ഗോതമ്പും വെട്ടിക്കുറച്ചു


സംസ്ഥാനത്തെ റേഷന്‍കടകള്‍ വഴി വിതരണംചെയ്യുന്ന അരിയുടെയും ഗോതമ്പിന്റെയും അളവ് വെട്ടിക്കുറച്ചു. എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെയാണ് സര്‍ക്കാരിന്റെ കടുത്ത തീരുമാനം. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് ഏഴുകിലോ അരിയും എപിഎല്ലുകാര്‍ക്ക് രണ്ടുകിലോയുമാണ് കുറച്ചത്. വിഷു അടുത്തെത്തിയപ്പോഴുള്ള ഭക്ഷ്യധാന്യങ്ങളുടെ വെട്ടിക്കുറയ്ക്കല്‍ പൊതുവിതരണസമ്പ്രദായത്തെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് തിരിച്ചടിയാവും. ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് പ്രതിമാസം ഒരു രൂപക്ക് നല്‍കിവന്ന അരി 25 കിലോഗ്രാമില്‍നിന്ന് 18കിലോയായും രണ്ടുരൂപക്ക് നല്‍കിയിരുന്ന ഗോതമ്പ് അഞ്ചുകിലോയില്‍നിന്ന് നാലാക്കിയുമാണ് ചുരുക്കിയത്. ഇതോടൊപ്പം എപിഎല്‍ കാര്‍ഡുടമകള്‍ക്ക് 8.90രൂപ നിരക്കില്‍ എട്ടരകിലോ വീതം നല്‍കിവന്ന അരിയുടെയും സബ്സിഡി നിരക്കില്‍ രണ്ടുരൂപക്ക് നല്‍കിവന്ന അരിയുടെയും അളവ് ആറുകിലോയാക്കി കുറച്ചു. നാലുകിലോവരെ ഗോതമ്പുനല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു കിലോ മാത്രം നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം.

കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള അധികവിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പ്രതിമാസ വിഹിതം കൂടാതെ, മാസത്തെ ആദ്യ ആഴ്ചകളില്‍ 10,000 ടണ്‍ അരിയും 5400 ടണ്‍ ഗോതമ്പും അധികമായി കേരളത്തിന് ലഭിക്കാറുണ്ട്. ഇത്തവണ ഒരാഴ്ച പിന്നിടാറായിട്ടും ഈ അധികവിഹിതം ലഭിച്ചിട്ടില്ല. തുടര്‍ന്ന് അരിയും ഗോതമ്പും നല്‍കുന്നത് കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു.

സംസ്ഥാനത്ത് ആകെ 79,53,881 കാര്‍ഡുടമകളാണുള്ളത്. ഇതില്‍ 59,40,109 എപിഎല്‍ കാര്‍ഡുടമകളും 14,58,058 ബിപിഎല്‍ കാര്‍ഡുടമകളും ആണ്. ബാക്കിയുള്ളവര്‍ അന്ത്യോദയ, അന്നപൂര്‍ണ കാര്‍ഡുടമകളാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ ബിപിഎല്‍ പട്ടികയിലുള്ളവരും നിലവില്‍ എപിഎല്‍ കാര്‍ഡുടമകളുമായവര്‍ക്ക് കുറഞ്ഞ നിരക്കില്‍ അരി വിതരണം ചെയ്തിരുന്നു. പഞ്ചായത്തില്‍നിന്ന് മുമ്പ് ബിപിഎല്‍ പട്ടികയിലായിരുന്നു എന്നു രേഖപ്പെടുത്തി നല്‍കിയവര്‍ക്കായിരുന്നു ഈ സൗജന്യം. 6.20രൂപ നിരക്കില്‍ 18 കിലോ അരിയായിരുന്നു ഇത്തരക്കാര്‍ക്ക് ലഭിച്ചത്. പ്രതിസന്ധി രൂക്ഷമായതോടെ ഇത് 10 കിലോയാക്കി കുറച്ചു. ഈ മാസാവസാനത്തോടെ ഇവര്‍ക്കുള്ള അരിവിതരണം പൂര്‍ണമായി നിര്‍ത്താനും നീക്കമുണ്ട്.

ബിപിഎല്ലുകാര്‍ക്ക് കഴിഞ്ഞ രണ്ടുമാസവും അരി മുഴുവനായി നല്‍കാനായിട്ടില്ലെന്ന് കേരള സ്റ്റേറ്റ് റേഷന്‍ റീട്ടെയില്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കാടാമ്പുഴ മൂസ പറഞ്ഞു. അതിനുള്ള അരി സര്‍ക്കാര്‍ നല്‍കാത്തതാണ് കാരണം. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന തരത്തില്‍ വിതരണംചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങള്‍ കടയുടമകള്‍ക്ക് ലഭിക്കുന്നില്ല. ആവശ്യത്തിന് അരിയും ഗോതമ്പും കടയുടമകള്‍ക്ക് ലഭ്യമാക്കണമെന്നും മൂസ പറഞ്ഞു. ഭക്ഷ്യധാന്യ വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അധിക വിഹിതം ലഭിക്കാത്തതിനെ തുടര്‍ന്ന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയതാണെന്ന് റേഷനിങ് കണ്‍ട്രോളര്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു. സാങ്കേതിക കാരണങ്ങളാല്‍ മാത്രമാണ് അധിക അരി ലഭിക്കാതിരുന്നത്. അധികവിഹിതം അനുവദിച്ചുകിട്ടുന്നതുവരെ എപിഎല്‍ വിഭാഗത്തിനു മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും ബിപിഎല്‍ വിഭാഗത്തിനുള്ള ഭക്ഷ്യധാന്യ വിതരണത്തില്‍ കുറവ് വരുത്തിയാല്‍ നടപടിയെടുക്കുമെന്നും കണ്‍ട്രോളര്‍ പറഞ്ഞു.
(ബിജു കാര്‍ത്തിക്)

deshabhimani 070413

No comments:

Post a Comment