Sunday, April 7, 2013

മുഖ്യമന്ത്രിയെത്തിയില്ല; സന്ദേശവും നല്‍കിയില്ല


ആലപ്പുഴ: പൊലീസ് സ്റ്റേഷന്റെ മതില്‍പൊളിച്ച് വേദിയൊരുക്കി വിവാദമായ ഡിസിസി ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയെത്തിയില്ല. പൊലീസ് മൈക്കിന് അനുമതി നല്‍കാത്ത പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് ജില്ലയിലെ എ വിഭാഗം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അസാന്നിധ്യത്തെ കുറിച്ച് ആരും ഒരക്ഷരവും ചടങ്ങില്‍ വിശദീകരിച്ചില്ല. അദ്ദേഹത്തിന്റെ സന്ദേശം പോലും ചടങ്ങില്‍ വായിച്ചില്ല.

പ്രചാരണബോര്‍ഡുകളിലും വേദിയിലെ ബാനറിലും ഉമ്മന്‍ചാണ്ടിയുടെ ചിത്രം വയലാര്‍ രവിക്ക് താഴെയാണ് നല്‍കിയതെന്നും എ വിഭാഗം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് മറ്റ് പരിപാടി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്ന് എ വിഭാഗം പ്രചരിപ്പിക്കുന്നു. മൈക്ക് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയില്ലെങ്കിലും പൊലീസ് സ്റ്റേഷന്റെ മുന്നിലേക്ക് തന്നെ രണ്ട് ബോക്സുകള്‍ സ്ഥാപിച്ചിരുന്നു. എന്നിട്ടും ഈ് നഗ്നമായ നിയമലംഘനം പൊലീസ് കണ്ടില്ലെന്ന് നടിച്ചു. കേന്ദ്രമന്ത്രിമാര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും സര്‍വ സുരക്ഷയും ഒരുക്കുകയും ചെയ്തു. ഉദ്ഘാടകനായ കേന്ദ്രമന്ത്രി എ കെ ആന്റണി കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും വരികള്‍ക്കിടയിലൂടെ വിമര്‍ശിക്കാനും മറന്നില്ല. വിവാദങ്ങളില്‍പെട്ട് സര്‍ക്കാര്‍ ലക്ഷ്യം മറക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തല്‍. പല കുഴപ്പവും സ്വയം ഉണ്ടാക്കിയതാണെന്നും ഇക്കാര്യങ്ങളില്‍ കോണ്‍ഗ്രസും യുഡിഎഫും നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കേന്ദ്രമന്ത്രി എ കെ ആന്റണി നെഹ്റുഭവന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ അധ്യക്ഷനായി. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, സഹന്ത്രിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല, മന്ത്രി കെ ബാബു, ഷാനിമോള്‍ ഉസ്മാന്‍, എം എം ഹസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാരായണന്‍ കുട്ടി സ്വാഗതം പറഞ്ഞു.

deshabhimani 070413

No comments:

Post a Comment