Sunday, April 7, 2013
മാധ്യമങ്ങള്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വിശ്വാസ്യത തകരും: ശശികുമാര്‍
മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അവയുടെ വിശ്വാസ്യത ഇല്ലാതാവുമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ പറഞ്ഞു. മാധ്യമങ്ങളുടെ മൂലധനം അതിന്റെ വിശ്വാസ്യതയാണ്. എന്നാല്‍ ലാഭംകൊയ്യുന്ന ബിസിനസായി മാധ്യമലോകം മാറി. വിപണിയുടെ ആവശ്യങ്ങള്‍ നിര്‍മിച്ചുകൊടുക്കുകയാണ് ഇന്ന് മാധ്യമങ്ങള്‍ ചെയ്യുന്നത്. ആഗോളവല്‍ക്കരണത്തിനെതിരെ ജനങ്ങള്‍ (പിഎജി ബുള്ളറ്റിന്‍) എന്ന പ്രസിദ്ധീകരണത്തിന്റെ നൂറാം ലക്കം പ്രകാശനത്തിന്റെ ഭാഗമായി "ജനപക്ഷ മാധ്യമം, മാധ്യമപ്രവര്‍ത്തനം - ഒരന്വേഷണം" എന്ന വിഷയത്തില്‍ നടന്ന ദേശീയ മാധ്യമ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമലോകത്ത് പണം കുന്നുകൂടുന്നു. ഒരാള്‍ എത്ര മാധ്യമങ്ങളുടെ ഉടമയാണ് എന്ന് തിരിച്ചറിയാന്‍പോലുമാവുന്നില്ല. അദൃശ്യകരങ്ങളാണ് ഇവയെ നിയന്ത്രിക്കുന്നത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എന്നത് സങ്കല്‍പം മാത്രമായി. വിവരാവകാശം മാധ്യമമേഖലയിലും ആവശ്യമാണ്. "മൂലധനവും സാങ്കേതികവിദ്യയും സംയോജിക്കുമ്പോള്‍ - ആരുടെ മാധ്യമം" എന്ന വിഷയം അവതരിപ്പിച്ച് ശശികുമാര്‍ പറഞ്ഞു. ഭരണകൂടത്തിന് എതിരെയാണ് മുമ്പ് മാധ്യമങ്ങള്‍ നിലകൊണ്ടത്. ഇന്ന് ഭരണകൂടത്തിന് അധികാരങ്ങളില്ല. കുത്തകമാധ്യമങ്ങളാണ് എല്ലാം നിശ്ചയിക്കുന്നത്. കുത്തകകള്‍ക്കെതിരെ മാധ്യമങ്ങള്‍ നിലകൊള്ളുന്നു എന്ന തോന്നലുണ്ടാക്കുന്നത് ജനങ്ങളെ പറ്റിക്കലാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്നു പറയുന്നത് ഒരുതരം മുഖംമൂടിയാണെന്നും ശശികുമാര്‍ പറഞ്ഞു. പിഎജി ബുള്ളറ്റിന്‍ നൂറാം ലക്കം ദി ഹിന്ദു-ഫ്രണ്ട്ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന് നല്‍കി അദ്ദേഹം പ്രകാശനംചെയ്തു.
മാധ്യമങ്ങളെ ഉപയോഗിച്ച് സംഘടിതമായ പ്രവര്‍ത്തനമാണ് രാജ്യത്ത് നടക്കുന്നതെന്ന് "മാധ്യമാധിപത്യവും ജനങ്ങളും - ഇടതു പരിപ്രേക്ഷ്യം" എന്ന വിഷയം അവതരിപ്പിച്ച് വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു. നരേന്ദ്രമോഡിയെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത് ഇതിന്റെ ഭാഗമാണ്. പതിനാറോളം സംഘടനകള്‍ മോഡിയുടെ മാധ്യമപരമായ പ്രതിഛായ വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുത്തകകള്‍ നടത്തുന്ന മാധ്യമങ്ങളില്‍നിന്ന് നമുക്ക് ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. എം ബി രാജേഷ് എംപി മോഡറേറ്ററായിരുന്നു. "ജനപക്ഷ മാധ്യമപ്രവര്‍ത്തനം" എന്ന വിഷയം വി എം ദീപ അവതരിപ്പിച്ചു. വി കെ പ്രസാദ്, ബിജു മുത്തത്തി എന്നിവര്‍ സംസാരിച്ചു. കെ ടി കുഞ്ഞിക്കണ്ണന്‍ മോഡറേറ്ററായി. കെ അജയന്‍ സ്വാഗതം പറഞ്ഞു.
deshabhimani 070413
Subscribe to:
Post Comments (Atom)
No comments:
Post a Comment