Saturday, April 20, 2013

മന്ത്രി പി ജെ ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണം


അധികാര ദുര്‍വിനിയോഗം നടത്തിയതിന് മന്ത്രി പി ജെ ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പുറമ്പോക്കില്‍ പാര്‍ടി നേതാവ് പണിത വീടിന് മന്ത്രിസ്ഥാനം ദുരുപയോഗപ്പെടുത്തി വാട്ടര്‍ കണക്ഷന്‍ നല്‍കിയെന്ന പരാതിയിലാണ് കേസെടുത്ത് അന്വേഷിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവായത്. ആഗസ്ത് 19നകം റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് സ്പെഷല്‍ ജഡ്ജി വി ഭാസ്കരന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചാലക്കുടി സ്വദേശി പി എല്‍ ജേക്കബ് നല്‍കിയ പരാതിയിലാണ് ഉത്തരവ്.

2012 ഏപ്രിലിലാണ് കേരള കോണ്‍ഗ്രസ് നേതാവ് വി പി ജോസിന്റെ കൊരട്ടി നാലുകെട്ടില്‍ പുറമ്പോക്കിലെ വീട്ടിലേക്ക് കുടിവെള്ള കണക്ഷന്‍ നല്‍കിയത്. പുറമ്പോക്ക് വീടുകള്‍ക്ക് കണക്ഷന്‍ നല്‍കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. അതിനാല്‍ ജോസിന് കണക്ഷന്‍ നല്‍കാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. തുടര്‍ന്ന് ജോസ് മന്ത്രിഓഫീസിനെ സമീപിച്ചു. മാനുഷിക പരിഗണനയില്‍ കണക്ഷന്‍ നല്‍കാന്‍ ചീഫ് സെക്രട്ടറി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, കണക്ഷന്‍ നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് അഡീഷണല്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ 2012 ജനുവരിയില്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന്, കണക്ഷന്‍ കിട്ടാത്തത് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് കാട്ടി ജോസ് മന്ത്രിക്ക് പരാതി കൊടുത്തു. എക്സിക്യൂട്ടീവ് എന്‍ജിനിയറെ ഉടന്‍ സസ്പെന്‍ഡ് ചെയ്യാനും കണക്ഷന്‍ നല്‍കാനും മന്ത്രി ഉത്തരവിടുകയായിരുന്നു. കേസില്‍ മന്ത്രി പി ജെ ജോസഫ് മാത്രമാണ് പ്രതി.

deshabhimani 200413

No comments:

Post a Comment